25 April Thursday

കോവിഡ്‌ കാലത്ത്‌ വീട്ടുമുറ്റത്ത്‌ കൃഷിയൊരുക്കാം ; ചീരയിൽ "ഹരിശ്രീ' കുറിക്കാം

വീണാറാണി ആർUpdated: Thursday Mar 26, 2020

നിർബന്ധിത ലോക്ക്‌ഡൗണിൽ "കുടുങ്ങി' വീട്ടിലിരിക്കുകയാണോ നിങ്ങൾ. എങ്കിൽ ഈ കൊറോണക്കാലം അങ്ങനെ വെറുതെ കളയാനുള്ളതല്ല. നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടുമുറ്റത്തുതന്നെ കൃഷി ചെയ്യാനുള്ള സംരഭത്തിന്‌ ഈ അവധിക്കാലത്ത് തന്നെ തുടക്കമിടൂ. പച്ചക്കറി കൃഷിയിൽ ഹരിശ്രീ കുറിക്കുന്നവർക്ക്‌ ഏറ്റവും പറ്റിയതാണ്‌ ചീരകൃഷി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാമെന്നതും പന്തലുൾപ്പെടെ  വേണ്ടായെന്നതും "ചീരയെ' കർഷകരുടെ കണ്ണിലുണ്ണിയാക്കുന്നു. ഒരാൾ ഒരു ദിവസം 150 ഗ്രാം ഇലക്കറി കഴിക്കണമെന്നാണ്‌ കണക്ക്‌. കാത്സ്യവും ഇരുമ്പും സമൃദ്ധമായുള്ള ചീര തന്നെയാണ്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഇലക്കറി.

അഞ്ച്‌ ഗ്രാം വിത്തുെണ്ടങ്കിൽ ഒരു സെന്റ്‌ സ്ഥലത്ത്‌ ചീര കൃഷി ചെയ്യാം. ചെടിച്ചട്ടിയിലോ മറ്റോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ്‌ രീതി. ചീരവിത്തിൽ ഉറുമ്പിന്റെ പ്രത്യേക നോട്ടമുള്ളതിനാൽ വിത്ത്‌ വിതച്ചതിനുശേഷം നാലുഭാഗത്തും റവ വിതറണം. തൈകളുണ്ടാകുന്നതുവരെ  റോസ്‌കാൻ ഉപയോഗിച്ച്‌ വെള്ളം തളിക്കുന്നതാണ്‌ നല്ലത്‌. മൂന്നാഴ്ച പ്രായമായ തൈ മാറ്റിനടാം.

ഒന്നരയടി അകലത്തിലായി ചാലുകൾ എടുത്ത്‌ അരയടി അകലത്തിൽ തൈകൾ പറിച്ചുനടാം. ചാണകവെള്ളമോ മണ്ണിരകമ്പോസ്‌റ്റോ ശീമക്കൊന്നയോ അടിവളമായി നൽകാം. മണ്ണൊരുക്കി മാത്രമെ തൈകൾ നടാവൂ. ചീരയെ ആക്രമിക്കുന്ന ഇലപ്പുള്ളിയെന്ന കുമിൾരോഗത്തെ പിടിച്ചുകെട്ടാൻ സ്യൂഡോമോണാസിസിനെ കൂട്ടുപിടിക്കാം. ഇലതീനി പുഴുക്കൾക്കെതിരെ കാന്താരിമുളക്‌–- വെളുത്തുള്ളി മിശ്രിതം മതി. പറിച്ചുനട്ട്‌ 20 ദിവസത്തിനുള്ളിൽ ചീര മുറിച്ചെടുക്കണം.
ഇന്ന്‌ വിപണിയിൽ ലഭിക്കുന്ന ചീരയിൽ ഉപയോഗിക്കുന്ന വിഷലിപ്തമായ രാസകീടനാശിനികളെപ്പറ്റി അറിഞ്ഞാൽ ആരും സ്വയം കൃഷി ചെയ്യുകതന്നെ ചെയ്യും.
 

അൽപ്പം എരിവാകാം
പച്ചമുളകില്ലാത്ത അടുക്കള മലയാളിക്ക്‌ ചിന്തിക്കാനാകില്ല. കോവിഡ്‌കാലത്ത്‌ വെറുതെയിരിക്കുമ്പോർ ലളിതമായ രീതിയിൽ വീട്ടുമുറ്റത്തും ടെറസിലും പച്ചമുളക്‌ കൃഷിചെയ്യാം. പച്ചമുളക് വർഗങ്ങളിൽ ഉജ്വലയാണ് താരം. നല്ല തുറസ്സായ സ്ഥലത്ത് വളക്കൂറുള്ള മേൽമണ്ണും ഉണക്കിപ്പൊടിച്ച ചാണകവുംചേർത്താണ് നേഴ്സറി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനുപകരം ജൈവ കുമിൾനാശിനിയായ ട്രൈക്കോഡർമ വളർത്തിയെടുത്ത ചാണകവും നല്ലത്. വിത്ത് പാകിയശേഷം വാരങ്ങൾ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന കാലത്ത് നയ്ക്കുക. വിത്ത് മുളച്ചുതുടങ്ങിയാൽ പുത മാറ്റണം. തൈകൾ തഴച്ചുവളരാൻ നേർപ്പിച്ച ചാണകപ്പാലോ ഗോമൂത്രമോ ഇടയ്ക്ക് തളിക്കണം.

ഒരുമാസം പ്രായമായ തൈകൾ പറിച്ചുനടാം. കൃഷിസ്ഥലം നല്ലതുപോലെ കിളച്ച് സെന്റൊന്നിന് രണ്ടു കിലോഗ്രാം എന്ന അളവിൽ കുമ്മായവുമായി ചേർത്തിളക്കണം. 15 ദിവസത്തിനുശേഷം 100 കിലോഗ്രാം ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി അടിവളമാക്കാം. 10 ദിവസത്തിലൊരിക്കൽ മണ്ണിരകമ്പോസ്റ്റോ പൊടിച്ച ആട്ടിൻകാഷ്ഠമോ പുളിച്ച കടലപ്പിണ്ണാക്കോ ചേർത്ത് മണ്ണ് കൂട്ടണം. പച്ചിലകൾ, തൊണ്ട് എന്നിവ ഉപയോഗിച്ച് പുതയിട്ടുകൊടുക്കാം.

വീണാറാണി ആർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top