27 April Saturday

ഓട്‌സിന് പ്രിയമേറുന്നു

എം കെ പി മാവിലായിUpdated: Sunday Jun 26, 2022


പുല്ല് വർഗത്തിൽപ്പെട്ട ഓട്സ് ലോക കമ്പോളങ്ങൾ അടക്കിവാഴുകയാണ്‌ ഇപ്പോൾ. പ്രധാന ഓട്‌സ് ഉൽപ്പാദകരാജ്യങ്ങളായ റഷ്യ, കനഡ, ഓസ്ട്രേലിയ, ജർമനി, ചൈന, പോളണ്ട് തുടങ്ങിയ നാടുകളിലെല്ലാം ഓട്സ് കൃഷി കുറഞ്ഞ കാലംകൊണ്ട് പതിന്മടങ്ങ് വർധിച്ചു. ഇന്ത്യയിൽ ഓട്സ് കൃഷി വ്യാപകമായി ചെയ്യുന്നത് ഉത്തർപ്രദേശിലും പഞ്ചാബിലുമാണ്‌. അവീന സറ്റൈവ (Avena sativa) എന്നാണ് ശാസ്ത്രനാമം. പോസിയ (Poaceae)യാണ് കുടുംബം. മിതശീതോഷ്ണ പ്രദേശങ്ങളിലാണ് ഇവ സ്വാഭാവികമായും വളരുന്നത്. വരൾച്ചയും വെള്ളക്കെട്ടും ഒരുപരിധിവരെ അതിജീവിച്ചു വളരാൻ ഓട്സിനാകും.

കൃഷിരീതി
ധാന്യവർഗങ്ങളുടെ പൊതു കൃഷിരീതി തന്നെയാണ് ഇതിനും. വസന്തകാലത്താണ് കൃഷിയാരംഭം. കാലംതെറ്റിയാൽ വളർച്ച കുറയും, വിളവും. നട്ടുകഴിഞ്ഞാൽ വലിയ പരിചരണമൊന്നും ആവശ്യമില്ല. തുടക്കത്തിൽ അൽപ്പമൊരു ശ്രദ്ധ, അത്രയേ ആവശ്യമുള്ളൂ. ജൈവ വളങ്ങളോടാണ് താൽപ്പര്യം. പ്രകൃത്യാ ഫലപുഷ്ടിയുള്ളയിടങ്ങളിൽ താനേ വളർന്നു വിളവ് തരും. ജൂൺ-–-ജൂലൈ മാസങ്ങളിലാണ് പൂവണിയുന്നത്. ആഗസ്ത് മുതൽ ഒക്ടോബർ വരെ കൊയ്ത്തുകാലവും. ഇനമനുസരിച്ചു മൂപ്പെത്തുന്നതിലും പ്രകടമായ വ്യത്യാസം കാണുന്നു. പൊതുവെ നട്ട്‌ മൂന്നുമൂന്നര മാസംകൊണ്ട് വിളവെടുപ്പിനാകും.

ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടി പച്ചനിറമുള്ളപ്പോൾത്തന്നെ കൊയ്തെടുക്കണം. നന്നായി വിളഞ്ഞാൽ ധാന്യം കൊഴിഞ്ഞുപോകാം. കൊയ്തെടുത്ത കറ്റ നല്ല ചൂടുള്ള സ്ഥലത്ത് ശേഖരിച്ച് പതിരുകളഞ്ഞ് മെതിച്ചെടുക്കാം. നീണ്ടുനിവർന്നു നിൽക്കുന്ന തണ്ടുകളിൽ ഓട്സ് മണികൾ കൂട്ടംകൂട്ടമായി ഉണ്ടാകുന്നു. കടലാസ് പോലുള്ള നീണ്ട ചെറു ഇലകൾക്കുള്ളിൽ ഭാഗികമായി മറഞ്ഞിരിക്കുന്ന ഓട്സ് മണികളെ പൊതിഞ്ഞ് രണ്ട് ഉമികളുണ്ട്. ഉമി നീക്കംചെയ്ത് ധാന്യമണി പൊടിച്ചെടുക്കുന്നതാണ് ഓട്മിൽ.

വൈക്കോൽ അഥവാ കച്ചി കുതിരകൾക്കും കന്നുകാലികൾക്കും ഇഷ്ടാഹാരമാണ്. ഇതിന്റെ ഔഷധഗുണവും പോഷകഗുണവും പ്രചരിച്ചതോടെയാണ് ഓട്സിന് ആവശ്യക്കാർ കൂടിയത്. സമ്പൂർണ ഭക്ഷണമെന്നനിലയിൽ ഓട്മീലിന് ഇന്ന്‌ ലോകം മുഴുവനും പ്രചാരമുണ്ട്. കൊളസ്ട്രോളും ബ്ലഡ് പ്രഷറും അകറ്റിനിർത്താൻ ഓട്സ് ശീലമാക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
പ്രായഭേദമന്യേ കഴിക്കാൻ പറ്റിയ ഭക്ഷണമാണ്‌ ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top