25 April Thursday
ജൈവകൃഷി

കീടങ്ങള്‍ക്കെതിരെ പരിസ്ഥിതിസൌഹൃദ പ്രയോഗങ്ങള്‍

രമേശന്‍ പേരൂല്‍Updated: Thursday Feb 25, 2016

പ്രകൃതിയോട് സമരസപ്പെട്ടുള്ള കൃഷിയാണ് ജൈവകൃഷി. പരിസ്ഥിതിക്ക് ദോഷകരങ്ങളായ കൃഷിമുറകള്‍ സസ്യ–ജന്തു ജാലങ്ങളുടെ നിലനില്‍പ്പിനെ തകരാറിലാക്കും. ജൈവ പച്ചക്കറിക്കൃഷിയിലെ പ്രധാന വെല്ലുവിളിയാണ് കീടരോഗബാധ. കര്‍ഷകരെ മനംമടുപ്പിക്കുന്ന വിധത്തിലാണ് കീടാക്രമണം. ഇരിഞ്ഞു തിന്നുന്നവ, തുരന്നു തിന്നുന്നവ, നീരൂറ്റിക്കുടിക്കുന്നവ എന്നിങ്ങനെ പ്രധാനമായും മൂന്നുതരത്തിലാണ് കീടങ്ങള്‍. ഇവയെ തുരത്തുന്നതിനായി രാസകീടനാശിനികള്‍ക്കു ബദലായി നിരവധി ജൈവകീടനാശിനികള്‍ പരക്കെ പ്രയോഗിച്ചുവരുന്നു. ഈ ശ്രേണിയില്‍പ്പെട്ട പരിസ്ഥിതിസൌഹൃദവും സസ്യജന്യവുമായ ചില കീടനാശിനിക്കൂട്ടുകളെ പരിചയപ്പെടാം.

1. നീമാസ്ത്രം
പത്തു ലിറ്റര്‍ വെള്ളത്തില്‍ അരലിറ്റര്‍ ഗോമൂത്രവും 200 ഗ്രാം പച്ചച്ചാണകവും അരക്കിലോ വേപ്പിന്റെ ഇലയും അരച്ചു കുഴമ്പാക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടുദിവസം മുഴുവന്‍ അനക്കാതെ വയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും മാത്രം നന്നായി ഇളക്കിക്കൊടുക്കാന്‍ മറക്കരുത്. രണ്ടുദിവസത്തിനുശേഷം കണ്ണകലമുള്ള അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുത്ത് നീരുറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെയും ഇലപ്രാണികള്‍ക്കെതിരെയും നേര്‍പ്പിച്ച് തളിച്ചുകൊടുക്കാം.

2. ജൈവാസ്ത്രം
മൂന്നോ നാലോ ഞണ്ടിനെ ചതച്ച് ഒന്നരലിറ്റര്‍ വെള്ളത്തില്‍ ഒരാഴ്ച വയ്ക്കുക. കാല്‍ക്കിലോ പുകയില 50 ഗ്രാം ബാര്‍സോപ്പ് ചീകിയതും ചേര്‍ത്ത് രണ്ടരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം 100 മില്ലി വേപ്പെണ്ണയും 50 ഗ്രാം വെളുത്തുള്ളിയും ചതച്ചരച്ചതും 50 ഗ്രാം കാന്താരിമുളക് അരച്ചതും ചേര്‍ത്ത് ഞണ്ട് അഴുകിയ വെള്ളത്തില്‍ കലര്‍ത്തി നന്നായി ഇളക്കി പതപ്പിക്കുക. ജൈവാസ്ത്രം തയ്യാറായി. ഇവ അരിച്ചെടുത്ത് ഭരണിയിലാക്കി സൂക്ഷിക്കാവുന്നതാണ്. പച്ചത്തുള്ളന്‍, ഇലതീനിപ്പുഴു, മുഞ്ഞ, മിലിമൂട്ട, ഗല്‍ക്കകീടം, മൃദുല ശരീരികളായ കീടങ്ങള്‍ മുതലായവയെ ഫലപ്രദമായി നേരിടാന്‍ നേര്‍പ്പിച്ച ജൈവാസ്ത്രം ശ്രേഷ്ഠമാണ്.

3. ബ്രഹ്മാസ്ത്രം
അരച്ച, കുഴമ്പുപരുവത്തിലാക്കിയ വേപ്പില, ആത്തയില, പപ്പായ ഇല, മാതളനാരങ്ങയില, പേരയില എന്നിവ യഥാക്രമം 300 ഗ്രാം, 200 ഗ്രാം, 200 ഗ്രാം, 200 ഗ്രാം, 200 ഗ്രാം എന്നിവ ഒരുലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ കുഴമ്പുലായനി മണ്‍പാത്രത്തിലേക്കൊഴിച്ച് അഞ്ചുപ്രാവശ്യം തിളപ്പിക്കുക. ഒരുദിവസംമുഴുവന്‍ തണുത്തശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം. ബ്രാഹ്മാസ്ത്രം രണ്ടരമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി കായതുരപ്പന്‍പുഴുക്കള്‍ നീരൂറ്റിക്കുടിക്കുന്ന വിരുതാര്‍ പഴം,തുരപ്പാര്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ തളിച്ച് നിയന്ത്രിക്കാം. ബ്രഹ്മാസ്ത്രം ഒരിക്കല്‍ തയ്യാറാക്കിയാല്‍ ആറുമാസംവരെ സൂക്ഷിക്കാം.

4. അഗ്നിഅസ്ത്രം
ഒരുലിറ്റര്‍ പശുവിന്റെ മൂത്രത്തില്‍ 100 ഗ്രാം അരച്ച പുകയിലയും 50 ഗ്രാംവീതം എരിവുള്ള കാന്താരിമുളകും വെളുത്തുള്ളിയും അരക്കിലോ വേപ്പിലയും അരച്ചത് ചേര്‍ത്തിളക്കുക. ഈ ലായനിക്കൂട്ട് ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ തീ മാറ്റി ചുരുങ്ങിയത് അഞ്ചുതവണ തിളപ്പിക്കുക. ഒരുദിവസം തണുക്കാന്‍ വച്ചശേഷം തുണികൊണ്ട് ഞെക്കിപ്പിഴിഞ്ഞ് അരിച്ച് കുപ്പിയിലാക്കി വയ്ക്കാം. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു, കായതുരപ്പന്‍ മുതലായ ഇരിഞ്ഞുതിന്നുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഇങ്ങിനെ തയ്യാറാക്കുന്ന അഗ്നിഅസ്ത്രം മൂന്നു മില്ലി ഒരുലിറ്റര്‍ എന്ന തോതില്‍ കലക്കി തളിക്കാം. തയ്യാറാക്കുന്ന ലായനി പച്ചക്കറിവിളകളില്‍ ഒരു വിളക്കാലം മുഴുവന്‍ ഉപയോഗിക്കാവുന്നതാണ്.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍, പ്രാദേശികമായി ഇണങ്ങുന്ന ഇനങ്ങള്‍ എന്നിവ നടീല്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി കൃഷിയിറക്കിയാല്‍ കീടരോഗബാധ ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട വിളവുണ്ടാക്കുന്നതിനും സഹായകരമാകും. കീടത്തിന്റെ ആക്രമണം കാണുമ്പോള്‍തന്നെ കൈകൊണ്ടോ കീടവല ഉപയോഗിച്ചോ പിടിച്ചുനശിപ്പിക്കുന്നത് കീടപ്പെരുപ്പം ഇല്ലാതാക്കും. സുഭാഷ് പലേക്കര്‍ മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതിസൌഹൃദ കൃഷിരീതിയില്‍  സസ്യജന്യവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ ജൈവകീടനാശിനികള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രകൃതിയുമായി സമരസപ്പെട്ടുള്ള കൃഷിക്ക് പരിസ്ഥിതിസൌഹൃദ വളങ്ങളും കീടനാശിനികളുംതന്നെയാണ്. പ്രബലഘടകം.

(കണ്ണൂര്‍ പെരിങ്ങോം വയക്കര കൃഷിഭവനില്‍ കൃഷി അസിസ്റ്റന്റാണ് ലേഖകന്‍)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top