24 April Wednesday

വേനലിലും റബറിന് ആരോഗ്യത്തോടെ വളരാന്‍

കെ കെ ബെന്നിUpdated: Thursday Jan 25, 2018

വേനലിനെ ചെറുക്കാന്‍  കഴിവുള്ളവിളയാണ് റബര്‍. എങ്കിലും വേനല്‍ക്കാലത്ത് റബറിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചുരുക്കം ചില സംരക്ഷണ നടപടികള്‍ എടുക്കേണ്ടതുണ്ട്. മണ്ണില്‍നിന്നും ചെടിയില്‍നിന്നും ഉള്ള ജലനഷ്ടം പരമാവധി കുറയ്ക്കുക എന്നതിനാണ്  സംരക്ഷണനടപടികളില്‍  പ്രാധാന്യം കൊടുക്കേണ്ടത്.

പുതയിടല്‍


മണ്ണില്‍നിന്നുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് തൈകളുടെ ചുവട്ടില്‍ നന്നായി പുതയിടുക. ഉണങ്ങിയ പുല്ലോ കരിയിലയോ ചപ്പുചവറുകളോ ഉപയോഗിച്ച് പുതയിടാം. പച്ചയിലകള്‍ ചെറുതായെങ്കിലും വാടിയശേഷം മാത്രമേ പുതയിടാനായി ഉപയോഗിക്കാവൂ. തൈയുടെ ചുവട്ടില്‍നിന്ന് 10 സെന്റിമീറ്ററെങ്കിലും വിട്ടുവേണം പുതയിടാന്‍. കഴിയുന്നതും വേനലിന്റെ തുടക്കത്തില്‍തന്നെ ഇതു ചെയ്താല്‍ മണ്ണില്‍ നിലവിലുള്ള ജലാംശം പരമാവധി സംരക്ഷിക്കപ്പെടുകയും അത് ചെടികള്‍ക്ക് കിട്ടുകയും ചെയ്യും. മാത്രമല്ല, ഇടയ്ക്ക് കിട്ടാറുള്ള വേനല്‍മഴയില്‍നിന്നുള്ള  വെള്ളം പരമാവധി മണ്ണില്‍ സംരക്ഷിക്കപ്പെടുന്നതിനും ഇത് ഉപകരിക്കും. പുതയിടുന്ന വസ്തുക്കള്‍ അഴുകി പിന്നീട് തൈക്ക് വളമായി മാറുകയും ചെയ്യും.

മറച്ചുകെട്ടല്‍


വേനലില്‍ ചെറുതൈകളെ ശക്തമായ സൂര്യപ്രകാശത്തില്‍നിന്നു സംരക്ഷിക്കുന്നതിന്  ചൂടല്‍ കൊടുക്കുന്നത് നന്നാകും. മെടഞ്ഞതോ മെടയാത്തതോ ആയ തെങ്ങോലയോ ചാക്കുകളോ ഉപയോഗിച്ച് മറച്ചുകെട്ടാം. ചൂടല്‍ കൊടുക്കുമ്പോള്‍ തൈയുടെ ചുവട്ടില്‍നിന്നു കുറച്ച് വിട്ട് തെക്കുപടിഞ്ഞാറുവശത്ത് ഒരു കമ്പ് നാട്ടി അതില്‍ വേണം ചൂടല്‍ കെട്ടിവയ്ക്കാന്‍. അല്ലാതെ, തൈകള്‍ പൂര്‍ണമായും മുടിക്കെട്ടുന്നത് നല്ലതല്ല. തെക്കോട്ടും പടിഞ്ഞാറോട്ടും ചരിഞ്ഞ ഭൂമിയില്‍ വെയിലടിക്കുന്നത് പൊതുവേ കൂടുതലായതിനാല്‍ ഇങ്ങനെയുള്ള സ്ഥലങ്ങളിലെ തൈകളെ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളപൂശല്‍


ചെറുതൈകള്‍ക്ക് ഇലച്ചില്‍ വന്ന് മൂടുന്നതുവരെ തായ്ത്തടിയില്‍ വെള്ളപൂശണം. തണ്ടില്‍ പച്ചനിറം മാറി ബ്രൌണ്‍നിറമായിട്ടുള്ള ഭാഗങ്ങളില്‍ വെള്ളപൂശാം. നല്ല നീറ്റുകക്ക ചൂടുവെള്ളം ഉപയോഗിച്ച് നീറ്റിയെടുത്തു കിട്ടുന്ന ചുണ്ണാമ്പ് ഉപയോഗിച്ചുവേണം വെള്ളപൂശാന്‍. ചുണ്ണാമ്പില്‍ കുറച്ച് കഞ്ഞിവെള്ളമോ പശയോ  (കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്നത്) ചേര്‍ത്തടിച്ചാല്‍ ഇടയ്ക്ക് കിട്ടാറുള്ള വേനല്‍മഴയില്‍ വെള്ളപൂശിയത് ഒലിച്ചുപോകാതിരിക്കും. വെള്ളപൂശാന്‍ ഉപയോഗിക്കുന്ന ചുണ്ണാമ്പില്‍ തുരിശ്ശു ചേര്‍ക്കരുത്.

ടാപ്പ്ചെയ്യുന്ന തോട്ടങ്ങളില്‍

ടാപ്പ്ചെയ്യുന്ന തോട്ടങ്ങളിലെ വെട്ടുപട്ടയില്‍ വേനലിനെ ചെറുക്കാനായി പ്രത്യേകിച്ചൊന്നും പുരട്ടേണ്ടതില്ല. തോട്ടത്തിന്റെ അതിരില്‍ (തെക്കുവശത്തും പടിഞ്ഞാറുവശത്തും) നില്‍ക്കുന്ന  മരങ്ങളില്‍ മാത്രം വെട്ടുപട്ടയിലും തായ്തടിയില്‍ വെയിലടിക്കുന്ന ഭാഗത്തും വെള്ളപൂശുന്നത് നല്ലതാണ്.

ഫയര്‍ ബെല്‍റ്റ്

ഡിസംബര്‍ജനുവരിയില്‍റബറിന്റെ സ്വാഭാവിക ഇലകൊഴിച്ചില്‍ സമയമായതിനാല്‍  തോട്ടങ്ങളില്‍ ധാരാളം കരിയിലകള്‍ ഉണ്ടാകും. വഴിയരികിലുള്ള തോട്ടങ്ങളില്‍ ഈ സമയത്ത് തീ പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തോട്ടത്തിനുചുറ്റും മൂന്നുമുതല്‍അഞ്ചുവരെ മീറ്റര്‍ വീതിയില്‍ ഒരു റോഡ്പോലെ കരിയിലകളും ചപ്പുചവറുകളും നീക്കംചെയ്യണം. വേനല്‍ തീരുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഈ ഫയര്‍ബെല്‍റ്റുകള്‍ തൂത്തുവൃത്തിയാക്കുന്നത്   തോട്ടത്തിലേക്ക് തീ പടരാതിരിക്കാന്‍ സഹായിക്കും.
(കോട്ടയത്ത് റബ്ബര്‍ബോര്‍ഡില്‍ ഫാം ഓഫീസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top