19 April Friday

ചാകരയും പോള വീഴലും

പ്രൊഫ. കെ എസ് പുരുഷന്‍Updated: Thursday Dec 24, 2015

ഇടവപ്പാതിയില്‍ കേരളതീരത്ത് വഴുവഴുപ്പന്‍ ചളിനിറഞ്ഞ ചില പ്രദേശങ്ങളില്‍ ചാകര പ്രത്യക്ഷപ്പെടാറുണ്ട്. തികച്ചും ഒരു ഭൌതിക–രാസ–ജൈവ പ്രതിഭാസമെന്ന് വിശേഷിപ്പിക്കുന്ന ശാന്തമായ കടല്‍പരപ്പാണത് (ചളിത്തട്ട്). തീരത്തോടടുത്ത് രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ അര്‍ധവൃത്താകൃതിയില്‍ രൂപപ്പെടുന്ന പ്രസ്തുത പ്രതിഭാസത്തിന്റെ ചുറ്റുപാടും പ്രക്ഷുബ്ധമായ തിരമാലകളാല്‍ മുഖരിതമാകും. ചാകരപ്രദേശം ആകപ്പാടെ പോഷകസമൃദ്ധവും ഉല്‍പ്പാദനമികവുള്ളതുമാകും. തീറ്റയ്ക്കും ചേക്കേറലിനും പറ്റിയ ശാന്തമായ ഇടമായതിനാല്‍ പരിസരപ്രദേശങ്ങളില്‍നിന്ന് ധാരാളം മീന്‍കൂട്ടങ്ങള്‍ ഇവിടേക്ക് കടന്നെത്തുക സ്വാഭാവികമാണ്. അപകടംകൂടാതെ നല്ലപോലെ മീന്‍ പിടിച്ചെടുക്കാന്‍വേണ്ടി നാനാഭാഗത്തുനിന്നും മത്സ്യത്തൊളിലാളികള്‍ ഇവിടെ കേന്ദ്രീകരിക്കുകയും പലതരം മീന്‍പിടിത്ത രീതികള്‍ പ്രയോഗിച്ച് ആവുന്നത്ര മത്സ്യ–ചെമ്മീന്‍ കോരിയെടുക്കുകയും ചെയ്യുന്നു. മീന്‍കച്ചടക്കാരും വ്യാപാരികളും മറ്റു വാണിഭക്കാരും വന്നെത്തുന്നതോടെ പ്രദേശം ഒരു ഉത്സവഛായയുടെ പ്രതീതിയില്‍ മുങ്ങുന്നു. രണ്ടു മൂന്ന് മാസത്തിനകം വാര്‍ഷിക മത്സ്യോല്‍പ്പാദനത്തിന്റെ പകുതിയിലധികം മത്സ്യ–ചെമ്മീന്‍ ഇവിടങ്ങളില്‍നിന്ന് കരയ്ക്കണയുന്നത് പരമ്പരാഗത മീന്‍പിടിത്തക്കാരുടെ സാമ്പത്തിക–സാമൂഹിക പുരോഗതിയില്‍ നല്ലപോലെ പ്രതിഫലിക്കാറുണ്ട്.

പോളവീഴലും മീന്‍ ചാവലും
കാലവര്‍ഷത്തിനുശേഷം തീരക്കടലില്‍ ചിലേടത്ത് അടിസ്ഥാന ഉല്‍പ്പാദനം ക്രമാതീതമായി പെരുകി അതിപോഷകത്വം സംഭവിക്കാറുണ്ട്. സൂക്ഷ്മ പായലുകളും സൂക്ഷ്മജീവികളും ധാരാളമായി വര്‍ധിച്ച് നാശത്തില്‍ കലാശിക്കാറുണ്ട്. ചിലപ്പോള്‍ നോക്ട്ടിലൂക്ക, പെരിഡീനിയം, സിറേഷ്യം എന്നീ ഡൈനോഫ്ളജലേറ്റുകള്‍ അമിതമായി പെരുകുമ്പോള്‍ വെള്ളം ചുവപ്പു നിറമായി തീരുന്നു. മീന്‍പിടിത്തക്കാര്‍ ഇതിനെ പോളവീഴല്‍ എന്ന് വിശേഷിപ്പിക്കും. രാത്രിയില്‍ സ്വയം പ്രകാശിക്കുന്ന (ബയോലൂമിനസെന്‍സ്) ഡൈനോഫ്ളജലേറ്റുകളെ സാധാരണയായി കാണാറുണ്ട് എന്ന് മത്സ്യത്തൊഴിലാളികള്‍ പറയും. ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ പുറംതള്ളുന്ന മീഥേന്‍, ഈഥേന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വിഷവാതങ്ങള്‍ വെള്ളത്തില്‍ ലയിക്കുകയും വിലയിത പ്രാണവായുവിന്റെ തോത് നിശ്ശേഷമായി തീരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ജലമേഖലയിലേക്ക് നീന്തിയെത്തുന്ന മത്സ്യങ്ങളും പ്രസ്തുത ജലം ഒഴുകിയെത്തുന്ന ഇടങ്ങളില്‍ അകപ്പെടുന്ന മത്സ്യങ്ങളുമൊക്കെ കൂട്ടച്ചാവലിന് വിധേയമാവുന്നു. അത്തരം മത്സ്യങ്ങള്‍ കഴിക്കുന്നവര്‍ക്കും ഒരുപക്ഷേ വിഷജ്വാല ഏല്‍ക്കേണ്ടിവരുന്നതും സംഭവിച്ചുകൂടായ്കയില്ല. ഉപരിയായി ചീഞ്ഞളിഞ്ഞ പായലുകളും ചണ്ടികളും മത്സ്യാവശിഷ്ടങ്ങളും മറ്റും കടല്‍തീരത്ത് അടിയുമ്പോള്‍ വമിക്കുന്ന ദുര്‍ഗന്ധം ഏവരെയും പൊറുതിമുട്ടിക്കാന്‍ പര്യാപ്തമാകും. കടപ്പുറത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഒന്നര–രണ്ടു മാസത്തിനുശേഷമേ സാധാരണ ഗതി വീണ്ടെടുക്കാനാവൂ. പ്രസ്തുത സ്ഥിതിവിശേഷം ടൂറിസ വികസനവും മത്സ്യബന്ധനവും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പ്രാരംഭംമുതല്‍ തലമുറ തലമുറ കൈമാറി അനുവര്‍ത്തിച്ചുപോന്ന കടലറിവുകള്‍ ഏറെ ഫലപ്രദമായി ഇപ്പോഴും പരമ്പരാഗത മീന്‍പിടിത്തക്കാര്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ അവയുടെ ക്രോഡീകരണത്തിനോ വ്യാപനത്തിനോ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന ദുഃഖസത്യം അവശേഷിക്കുന്നു. യന്ത്രവല്‍കൃത കാലഘട്ടത്തില്‍ എത്തരം മത്സ്യങ്ങളും ചൂഷണംചെയ്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കുമെങ്കിലും പ്രകൃതിസന്തുലനത്തിനുതകുന്ന സമീപനം അതില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നത് വളരെ ഗൌരവപൂര്‍വം തിരിച്ചറിയേണ്ടതാണ്. മാത്രവുമല്ല, അവയുടെ പ്രയോഗരീതികള്‍ വിനാശകരവും വിഭവശോഷണത്തിനും മത്സ്യ–ചെമ്മീന്‍ നാശത്തിനും ഇടവരുത്തും. നേരെമറിച്ച്, പ്രകൃതിസൌഹൃദമായ രീതിയില്‍ വിഭവസംരക്ഷണത്തിനും പരിപാലനതിനും ഉതകുന്ന ഒട്ടനവധി വിവരങ്ങളാണ് കടലറിവുകള്‍ പ്രദാനംചെയ്യുന്നത്. അറിയപ്പെട്ടതിനെക്കാള്‍ തീവ്രശ്രമം എന്ന നിലയില്‍ പ്രയോഗത്തിലുള്ള കടലറിവുകള്‍ സംരക്ഷിക്കാനും അറിയപ്പെടാത്തവയെ കണ്ടെത്തി ക്രോഡീകരിക്കാനും പ്രാമാണീകരിക്കാനും ഉചിതമായ പദ്ധതികള്‍ നിര്‍വഹിക്കപ്പെട്ടേ തീരു. സര്‍ക്കാരും ഇതര ഏജന്‍സികളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചാല്‍ കടലറിവുകളുടെ ഒരു സഞ്ചയംതന്നെ തയ്യാറാക്കാനും അനന്തര തലമുറയ്ക്ക് കൈമാറാനും സാധിക്കും.

(കേരള ഫിഷറീസ് സര്‍വകലാശാലയില്‍ പണ്ഡിറ്റ് കറുപ്പന്‍ ചെയറില്‍ പ്രഫസര്‍ ഓഫ് എമിനന്‍സാണ് ലേഖകന്‍)

പരമ്പരാഗത കടലറിവുകള്‍ 2


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top