23 April Tuesday

വന്‍പയര്‍ കൃഷിചെയ്യാം

ആര്‍ വീണാറാണിUpdated: Thursday Dec 24, 2015

പയറെന്നാല്‍ നമുക്ക് ഇന്ന് കുടുംബബജറ്റിനകത്ത് നില്‍ക്കാത്ത ഭക്ഷ്യവസ്തുവാണ്. ഒരുകാലത്ത് നമ്മുടെ വയലില്‍ സമൃദ്ധമായി കൃഷിചെയ്തിരുന്ന വന്‍പയറെന്ന പാവപ്പെട്ടവന്റെ മാംസം അടുക്കളയെ മാത്രമല്ല, വയലുകളെയും ഫലഭൂയിഷ്ടമാക്കി. വിളപരിക്രമമെന്ന് ആധുനികശാസ്ത്രം പേരിട്ടുവിളിക്കുന്ന നെല്ലും പയറും തമ്മിലുള്ള വിശുദ്ധ കൂട്ടുകെട്ട് ഏതുകാലത്തും നന്മയുടെ കൊടുക്കല്‍ വാങ്ങലായിരുന്നു.വേരുകളിലെ മൂലാര്‍ബുദങ്ങള്‍ അന്തരീക്ഷ നൈട്രജനെ പിടിച്ചെടുക്കാന്‍ കഴിയുന്ന ബാക്ടീരിയക്കുള്ള വാസസ്ഥലമാക്കാന്‍ കഴിയുന്ന ഏക വിളയാണ് പയര്‍.

കേരളത്തില്‍ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ വിളയായ വന്‍പയറില്‍ 20 മുതല്‍ 40 ശതമാനംവരെ മാംസ്യം അടങ്ങിയിട്ടുണ്ട്. വിളവെടുപ്പുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ജനുവരിയില്‍ കൃഷിയിറക്കാം. നിലം നല്ലപോലെ ഉഴുത്, കട്ടകളുടച്ച് പരുവപ്പെടുത്തുന്നതാണ് വന്‍പയര്‍ കൃഷിയിലെ ആദ്യപടി. ഒരടി അകലത്തില്‍ ചാലെടുത്ത് അരയടി ദൂരത്തില്‍ വിത്ത് വിതയ്ക്കണം. വിത്ത് റൈസോബിയം എന്ന ജീവാണുവളം ഉപയോഗിച്ച് പാകപ്പെടുത്തി നടുന്നതാണ് അഭികാമ്യം. 10 കിലോ പയര്‍വിത്തിന് 600 ഗ്രാം റൈസോബിയം കള്‍ചര്‍, പുളിച്ച കഞ്ഞിവെള്ളം ഉപയോഗിച്ച് പുരട്ടിയെടുക്കാം. റൈസോബിയം പുരട്ടിയ വിത്ത് തണലില്‍ ഉണക്കിയശേഷം ഉടന്‍ വിതയ്ക്കണം. അമ്ളതകൂടിയ മണ്ണാണെങ്കില്‍ നല്ലവണ്ണം പൊടിച്ച കക്ക റൈസോബിയം കള്‍ചര്‍ പുരട്ടിയ വിത്തിനുപുറമെ ആവരണംപോലെ പുരട്ടി വെള്ളം വലിഞ്ഞശേഷം വിതയ്ക്കുന്നതാണ് നല്ലത്. ഈര്‍പ്പമുള്ള മണ്ണിലാണ് വിതയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണം.

ആദ്യ ഉഴവിനോടൊപ്പം ഒരേക്കറിന് 100 കിലോഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ക്കാം. ചണകവളവും രാജ്ഫോസും അടിവളമായി ചേര്‍ത്തുകൊടുക്കുന്നത് പയറിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഒരു ചെടിക്ക് ഒരുഗ്രാം എന്ന നിരക്കില്‍ 'വാം' ചേര്‍ത്തുകൊടുത്താല്‍ പയറിന് കൂടുതല്‍ ജലവും ലവണങ്ങളും ലഭ്യമാകും. വെര്‍മിവാഷും ഫിഷ് അമിനോ ആസിഡും പയറിനെ സംബന്ധിച്ചിടത്തോളം ഒന്നാന്തരം വളര്‍ച്ചാത്വരകങ്ങളാണ്.

മേല്‍വളം ഇട്ടതിനുശേഷം മണ്ണ് ഇളക്കിക്കൊടുക്കുന്നത് നല്ല വേരോട്ടത്തിനും നല്ല വളര്‍ച്ചയ്ക്കും ഉത്തമമാണ്. പയറിന്റെ ഇലകളില്‍നിന്ന് നീരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനി നാലു മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ രണ്ടാഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കണം. ഫ്യൂസേറിയം പാലിഡോറോസിയം എന്ന മിത്രകുമിള്‍ മുഞ്ഞയെ നിയന്ത്രിക്കാനായി ഉപയോഗിക്കാം.
 

(കണ്ണൂര്‍ ജില്ലാ മണ്ണു പരിശോധനാ ലബോറട്ടറിയില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top