11 August Thursday

അകിട് വീക്കം നിയന്ത്രിക്കാം

ഡോ. എം ഗംഗാധരൻ നായർ നീലേശ്വരംUpdated: Sunday Jan 24, 2021


കറവപ്പശുക്കൾ, ആട്, പന്നി, കുതിര തുടങ്ങിയ വളർത്തുമൃഗങ്ങളെ  ബാധിക്കുന്ന രോഗമാണ്‌ അകിടുവീക്കം. ബാക്ടീരിയ, ഫംഗസ് എന്നിവ മൂലം അകിടിൽ കാണുന്ന വീക്കമാണിത്‌.

വൃത്തിഹീനമായ ചുറ്റുപാടിലും മൃഗങ്ങളുടെ രോഗ പ്രതിരോധ ശക്തി കുറയുമ്പോഴും അശാസ്ത്രീയമായ പരിപാലനമുറകളിലും ഈ രോഗം പിടിപെടും. അണുക്കൾ അകിടിലും തുടർന്ന് കോശങ്ങളിലും പാൽ ഉൽപ്പാദന ഗ്രന്ഥികളിലും പ്രവേശിച്ച് ഇവയെ നശിപ്പിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ    
പെർഅക്യൂട്ട് -:- അകിടിൽ ഉണ്ടാകുന്ന നീര്, വേദന, ചൂട് അനുഭവപ്പെടുക, സാധാരണയല്ലാത്ത ദ്രാവകം അകിടിൽനിന്ന് വരിക, പനി, തീറ്റ കഴിക്കാതിരിക്കുക, ക്ഷീണം, കൂനിയിരിക്കുക എന്നിവ.

അക്യൂട്ട്:  -- പെർഅക്യൂട്ടിലേതിനേക്കാൾ കുറച്ചുകൂടി മിതമായിരിക്കും ഭക്ഷണത്തിലും ക്ഷീണത്തിലും എങ്കിലും അകിടിലെ നീരും വേദനയും കാഠിന്യമുള്ളതായിരിക്കും

സബ്അക്യൂട്ട് --: പനി, ഭക്ഷണം കഴിക്കാതിരിക്കുക എന്നിവ കൂടുതലായി കാണാറില്ല. എങ്കിലും പാലിന്റെ നിറം ചെറുതായി മാറിയതായി കാണാം.സബ്ക്ലിനിക്കൽ: -- അകിടിലും  പാലിലും ശരീരത്തിലും സാരമായ മാറ്റങ്ങൾ ഒന്നും കാണാറില്ല (കലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് വഴി രോഗാണുബാധ മനസ്സിലാക്കാം)

പ്രതിരോധ മാർഗങ്ങൾ
തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് ദിവസവും കഴുകണം
തൊഴുത്തിൽ വെള്ളം കെട്ടി നിർത്താതെ നോക്കണം.കറവക്കാരനും കറവപ്പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം.അകിടിൽ മുറിവോ ചതവോ വരാതെ നോക്കണം. വന്നാൽ ഉടൻ പ്രാഥമിക ചികിത്സ നൽകണം.

കറവയ്ക്ക് മുമ്പും ശേഷവും മുലക്കണ്ണ് അണുനാശിനി ലായനിയിൽ 30 സെക്കൻഡ് എങ്കിലും മുക്കണം.അകിടിൽ കാണുന്ന രോമങ്ങൾ നീക്കം ചെയ്യണം. അല്ലെങ്കിൽ അണുക്കൾ ഇവയിൽ പറ്റിപ്പിടിച്ച് ഗ്രന്ഥികളെ നശിപ്പിക്കാൻ കാരണമാകും

കറവയ്ക്ക് മുമ്പ് അകിട് കഴുകിയതിനു ശേഷം വൃത്തിയായ നേരിയ തുണി കൊണ്ട് തുടച്ച് ജലാംശം മുഴുവൻ കളയണം (ടിഷ്യൂ പേപ്പർ ആയാലും മതി)

അസുഖം ബാധിക്കാത്ത മുലക്കാമ്പ് ആദ്യവും അസുഖം ബാധിച്ചത് അവസാനവും കറക്കണം. രോഗാണുക്കൾ കലർന്ന പാല് അലക്ഷ്യമായി കറന്ന് കളയരുത്. അതിൽ അണുനാശിനി ഒഴിച്ച്‌ ദൂരെ കളയണം.

കറവയന്ത്രം ഉപയോഗിക്കുന്നത് ശാസ്ത്രീയമായിരിക്കണം.

തൊഴുത്തിലേക്ക് പുതിയ ഒരെണ്ണത്തിനെ കൊണ്ടു വരുമ്പോൾ അതിന് ഏതു തരത്തിലുള്ള അകിട് വീക്കവും ഇല്ലായെന്ന് ഉറപ്പ് വരുത്തണം.

രോഗ ലക്ഷണങ്ങൾ കണ്ടാൽ വെറ്റിറിനറി ഡോക്ടറുടെ സഹായം തേടണം.

നിർദേശങ്ങൾ
കറവ നിർത്തുന്നതിന് രണ്ടാഴ്ച മുമ്പ് കാലിത്തീറ്റ കൊടുക്കുന്നത് നിർത്തണം. (25 ലിറ്ററിന് മുകളിൽ പാൽ കിട്ടുന്ന പശുവിന് ഇത് നിർബന്ധമായി പാലിക്കണം). കറവ നിർത്തിക്കഴിഞ്ഞാൽ സാധാരണ പോലെ തീറ്റ നൽകാം. ആദ്യഘട്ടത്തിൽ കറവയുടെ തവണകൾ കുറച്ചും ദിവസങ്ങൾ പിന്നിടുമ്പോൾ ദിവസം ഇടവിട്ട് കറക്കുകയും ചെയ്ത് സാവധാനത്തിൽ കറവ നിർത്താം.

സ്ഥിരം ചുറ്റുപാടിൽനിന്ന് മാറ്റി നിർത്തണം. (പുതിയ തൊഴുത്തിലേക്ക് മാറ്റൽ).കറവ നിർത്തിയാൽ അകിടിൽ അസാധാരണ നീര് വരുന്നില്ലാ എന്ന് ഉറപ്പു വരുത്തണം. ഗർഭകാലത്ത് ജീവകം എ, ഡി, ഇ, സെലീനിയം എന്നിവ അടങ്ങിയ പോഷകാഹാരം നൽകണം. ജീവകം ഇ രോഗപ്രതിരോധ ശക്തി കൂട്ടുന്നതിന് എ, ഡി എന്നിവ ഗർഭസ്ഥ കിടാവിന്റെ വളർച്ചയ്ക്കും പ്രസവശേഷം "പ്ലാസന്റ' (മറുകുട്ടി) സുഗമമായി വീഴുന്നതിനും ഗർഭം അലസാതിരിക്കുവാനും സഹായകമാകും.

(മൃഗസംരക്ഷണ വകുപ്പ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top