26 April Friday

വീട്ടുപറമ്പുകളിലേക്ക് യോജിച്ച വൃക്ഷത്തൈകള്‍

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Jun 23, 2016

കാലവര്‍ഷം ആരംഭിച്ചതോടെ നാടെങ്ങും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന തിരക്കിലാണ്. ഓരോ വര്‍ഷവും ജനകീയ ഇടപെടല്‍ നടത്തി വൃക്ഷത്തൈകള്‍ നടാറുണ്ടെങ്കിലും അവയുടെ വേനല്‍ക്കാല സംരക്ഷണത്തിന് ഗൌരവമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നതും വസ്തുതയാണ്. ഒന്നുരണ്ട് വര്‍ഷമെങ്കിലും ചിട്ടയായ തുടര്‍പരിചരണം ആവശ്യമുണ്ട്. സ്ഥലസൌകര്യമുണ്ടെങ്കില്‍ വീട്ടുപറമ്പുകളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാം. അലങ്കാര പൂമരങ്ങളും, ഫലവൃക്ഷങ്ങളും, ആയാല്‍ എന്നെന്നും നമുക്ക് പ്രയോജനപ്പെടുത്താനാവും. വീട്ടുപരിസരത്താവുമ്പോള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഇനി പറയുന്നു.  

1. കാതലില്ലാത്ത മരങ്ങളാവരുത്. കാറ്റിലും മറ്റും പൊട്ടി അപകടമുണ്ടാക്കും.
2. വടവൃക്ഷമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നതാവരുത്. കാരണം വീട്ടുപരിസരത്തെ വിലപ്പെട്ട സ്ഥലം അപഹരിക്കപ്പെടും.
3. വേരുകള്‍ നീണ്ടുവളര്‍ന്നുവരുന്ന ഇനങ്ങളാവരുത്. ക്രമേണ മുറ്റത്തും വീടിന്റെ തറയുടെ അടിഭാഗത്തും ഇരച്ചുകയറി ദോഷംചെയ്യും.
വീട്ടുപറമ്പില്‍ വളര്‍ത്താവുന്ന ഏതാനും ചില വൃക്ഷങ്ങളെ പരിചയപ്പെടാം.

കൂവളം: ഔഷധമരമാണ്. ഇല അരച്ച് വെള്ളത്തില്‍ കലര്‍ത്തി കാലത്ത് കഴിച്ചാല്‍ പ്രമേഹരോഗം തടയാനാവും. വേരും തൊലിയും എല്ലാം ഔഷധമാണ്. 15 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വിത്തില്‍നിന്നും വേരില്‍നിന്നും മുളച്ചുവരുന്ന തൈകള്‍ ഉപയോഗിക്കാം. 45 സെ.മീ. ചതുരശ്ര വിസ്തൃതിയിലും ആഴത്തിലും കുഴിയെടുത്ത് അതില്‍ ജൈവവളവും മണ്ണും കുഴച്ചുനിറച്ച് തൈകള്‍ നടാം.

നെല്ലി: ഒരു വീട്ടില്‍ ഒരു നെല്ലിമരം അത്യാവശ്യമാണ്. നെല്ലിക്ക പോഷക–ഔഷധ ഗുണങ്ങളില്‍ മുമ്പനാണ്. അധികം ഉയരത്തില്‍ വളരാറില്ല. വരള്‍ച്ചയും ശൈത്യവും എല്ലാം താങ്ങാനാവും. ബലമുള്ള കാതലാണ്. 45 സെ.മീ. സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് ജൈവവളവും ചേര്‍ത്ത് നിറച്ച് തൈകള്‍ നടാം.

വാളന്‍പുളി: വീട്ടുപരിസരത്ത് ഒരു പുളിമരം (വാളന്‍പുളി) ആവശ്യമാണ്. പുളിങ്ങ നിത്യാവശ്യവസ്തുവാണെന്നതാണ് പ്രധാനം. വിത്തുപാകി മുളപ്പിച്ച തൈകള്‍ നടാം. രണ്ടുമൂന്നുവര്‍ഷം വേനല്‍ക്കാല സംരക്ഷണം നല്‍കണം.

കടപ്ളാവ്: ദീര്‍ഘകാല പഴവര്‍ഗവിളയാണ്. ബലക്കുറവുണ്ടെന്നതിനാല്‍ വീട്ടില്‍നിന്ന് അല്‍പ്പം മാറ്റി നടുന്നത് അഭികാമ്യം. ജൈവവളം നല്ലതുപോലെ വേണം. 10–13 മീറ്റര്‍ ഉയരത്തില്‍ വളരും. വേരില്‍നിന്നാണ് തൈകള്‍ ഉണ്ടാവുക. ഒരുവര്‍ഷം രണ്ടു തവണ പുഷ്പിച്ച് കായ്കള്‍ ഉണ്ടാകും.

പ്ളാവ്, മാവ്: ഇവ രണ്ടും വീട്ടുവളപ്പില്‍ അനുയോജ്യമാണ്. വീട്ടുപരിസരത്തുനിന്നഎ അല്‍പ്പം മാറ്റി നടുക. പഴവര്‍ഗവിളയായും തണല്‍മരമായും എല്ലാം പ്രയോജനപ്പെടും. വിത്തുപാകി മുളപ്പിച്ച തൈകളാണ് ഉപയോഗിക്കുക. ഒട്ടുമാവുകളും ഒട്ടുപ്ളാവുകളും നിലവിലുണ്ട്. ഇവ കൂടുതല്‍ ഉയരത്തില്‍ വളരില്ല. നാടന്‍ പ്ളാവും സംരക്ഷിക്കപ്പെടണം.

ഇലഞ്ഞി: നിത്യഹരിത ഇടത്തരം മരമാണ്. പൂക്കള്‍ സുഗന്ധം പരത്തും. തടി ബലമുള്ളതും ഭംഗിയുള്ളതുമാണ്. വരള്‍ച്ചയെയും മഴയെയുമെല്ലാം ചെറുക്കും. വിത്തു മുളപ്പിച്ച തൈകള്‍ ഉപയോഗിക്കാം.

അശോകം: പൂമരമാണ്. അലങ്കാരമായും ഔഷധമായുമെല്ലാം ഉപയോഗിക്കാം. അധികം ഉയരത്തില്‍ വളരില്ല. വിത്തിലൂടെയാണ് പ്രജനനം. വീട്ടുപരിസരത്ത് ഈ മരം ഐശ്വര്യമാണ്. അലങ്കാരമാണ്.

കണിക്കൊന്ന: നല്ല പൂമരമാണ്. അലങ്കാരവൃക്ഷമായി നടാം. അധികം ഉയരത്തില്‍ വളരില്ല. വിത്തുവഴിയാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുക. വരള്‍ച്ചയും മഴയും ചെറുത്ത് വളരും. തണല്‍ തരും.

രക്തചന്ദനം: ഔഷധമരമാണ്. കാതല്‍ ചുവന്ന നിറമാണ്. ബലമുള്ളതാണ്. 18–20 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വീട്ടുപറമ്പിന്റെ ഓരംചേര്‍ന്നു നടാം.
വേപ്പ്: ഔഷധമരമാണ്. ഇലയും കായും ഔഷധമാണ്. വേപ്പെണ്ണയും കായും ജൈവകീടനാശിനിയായും പിണ്ണാക്ക് കീടനാശക സ്വഭാവമുള്ള ജൈവവളമായും ഉപയോഗിക്കാം.

കുടമ്പുളി: വാളന്‍പുളിയെന്നപോലെ കുടമ്പുളിയും വീട്ടുപരിസരത്ത് ആവശ്യമാണ്. ഭക്ഷ്യവസ്തുവായും ഔഷധമായും കായ ഉപയോഗിക്കാം. നിത്യഹരിതകം തരുന്ന വൃക്ഷമാണ്. തടിക്ക് ബലമുണ്ട്. കഠിനമായ ചൂട് താങ്ങാന്‍കഴിവില്ല.

തേക്ക്, വീട്ടി: ബലമുള്ളതും തടിക്ക് വിലപിടിപ്പുള്ളതുമായ തേക്കും വീട്ടിയും വീട്ടുവളപ്പില്‍ സ്ഥല–സാഹചര്യ ഘടകങ്ങള്‍ നോക്കി വച്ചുപിടിപ്പിക്കാം. തൈകള്‍ വനംവകുപ്പുവഴി ലഭ്യമാക്കാനാകും.

പൊതുനിര്‍ദേശം: വീട്ടുവളപ്പില്‍ വൃക്ഷത്തൈകള്‍ നടുമ്പോള്‍ 45–60 സെ.മീറ്റര്‍വരെ സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് അതില്‍ കമ്പോസ്റ്റോ–കാലിവളമോ സമം മേല്‍മണ്ണുമായി കുഴച്ച് നിറച്ച് തൈകള്‍ നടാം. ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കരുത്. കാറ്റില്‍ ഉലയാതിരിക്കാന്‍ കമ്പുനാട്ടി കെട്ടണം. വേനലില്‍ നനയ്ക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top