29 March Friday

കരക്കൃഷിക്ക് ഇതാ നെല്ലിനങ്ങള്‍

ഡോ. പി സിന്ധുമോള്‍Updated: Thursday Jun 23, 2016

പുതുമഴ കിട്ടിത്തുടങ്ങിയതോടെ നമ്മുടെ പറമ്പുകളിലും മറ്റു കരപ്രദേശങ്ങളിലും മോടന്‍കൃഷി അഥവാ കരനെല്‍കൃഷി ആരംഭിക്കുകയായി. ഒന്നാം വിളയില്‍, അതായത് വിരിപ്പുകാലത്ത്, കരപ്രദേശത്ത് നടത്തിവരുന്ന കരനെല്‍കൃഷി പൊതുവേ മഴയെ മാത്രം ആശ്രയിച്ചാണ് ചെയ്തുവരുന്നത്. അതിനാല്‍ മൂപ്പുകുറഞ്ഞവയും വരള്‍ച്ച, കളകള്‍ എന്നിവയ്ക്കെതിരെ സാമാന്യം പ്രതിരോധശേഷി ഉള്ളവയുമായ ഇനങ്ങളാണ് മോടന്‍ കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. 

പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്ന് കരക്കൃഷിക്കായി ശുപാര്‍ശചെയ്ത നെല്ലിനങ്ങളുടെ സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു.

കട്ടമോടന്‍ (പിടിബി 28): പണ്ടുകാലത്ത് കേരളത്തില്‍ കരക്കൃഷിക്ക് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഇനമായ കട്ടമോടന്‍ എന്ന നാടന്‍ ഇനത്തിന്റെ നിര്‍ധാരണത്തിലൂടെ 1950ല്‍ പുറത്തിറക്കിയ ഈ ഇനത്തിന് 120 ദിവസം മൂപ്പുണ്ട്. നീളമുള്ള കതിര്‍ക്കുലകളും മൂപ്പെത്തുമ്പോള്‍ സ്വര്‍ണനിറം കൈവരുന്ന നീണ്ടതും വണ്ണംകൂടിയതുമായ മണികളും ചുവന്ന അരിയുമാണ് ഈ ഇനത്തിന്റേത്. ശരാശരി വിളവ് ഹെക്ടറിന് 2.7 ടണ്‍.
കറുത്ത മോടന്‍ (പിടിബി 29): 1950ല്‍ പുറത്തിറക്കിയ കറുത്ത മോടന്‍ ഇനത്തിന്റെ മൂപ്പ് 110 ദിവസമാണ്. ഈ ഇനത്തിന്റെ സവിശേഷത വിളവെടുക്കാന്‍ പാകമാകുമ്പോള്‍ കറുപ്പുനിറം കൈവരുന്ന നെന്മണികളാണ്. ചുവന്ന അരി. ശരാശരി വിളവ് ഹെക്ടറിന് 2.5 ടണ്‍.
ചുവന്ന മോടന്‍ (പിടിബി 30): 1951ല്‍ പുറത്തിറക്കിയ ഈ ഇനത്തിന്റെ മൂപ്പ് 105 ദിവസമാണ്. മൂപ്പെത്തുമ്പോള്‍ കറുപ്പുകലര്‍ന്ന ചുവന്ന നിറം കൈവരുന്ന ഈ ഇനത്തിന്റെ അരിക്കും ചുവന്ന നിറമാണ്. ശരാശരി വിളവ് ഹെക്ടറിന് 2.4 ടണ്‍.
സ്വര്‍ണമോടന്‍ (പിടിബി 42): 1977ല്‍ പുറത്തിറക്കിയ ഈ ഇനത്തിന്റെ മൂപ്പ് 110 ദിവസമാണ്. നീളമേറിയ കതിരുകളും വെളുത്ത അരിയുമുള്ള ഈ ഇനത്തിന്റെ ശരാശരി വിളവ് ഹെക്ടറി നാലു ടണ്ണാണ്.
സ്വര്‍ണപ്രഭ (പിടിബി 43): 1985ല്‍ പുറത്തിറക്കിയ സ്വര്‍ണപ്രഭ പൊടിവിതയ്ക്കും നടീലിനും കരക്കൃഷിക്കും അനുയോജ്യമാണ്. മൂപ്പ് 100–110 ദിവസം. പൊതുവേ താഴ്ന്ന തോതിലുള്ള സൂര്യപ്രകാശത്തിലും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത നിലനിര്‍ത്തുന്നുവെന്ന സവിശേഷത ഉള്ളതിനാല്‍ തണലുള്ള കൃഷിയിടങ്ങളിലേക്കും അനുയോജ്യമാണ് ഈ ഇനം. ഇടത്തരം ഉയരമുള്ള ഇതില്‍ നിന്ന് കൂടുതല്‍ വൈക്കോലും ലഭിക്കും. സ്വര്‍ണപ്രഭയുടെ ചെടികള്‍ മൂപ്പെത്തുമ്പോള്‍ ചാഞ്ഞുവീഴില്ല. വൈക്കോല്‍നിറത്തിലുള്ളതും നീണ്ട, വണ്ണംകൂടിയതുമായ നെന്മണികളും. വെളുത്ത അരി. ശരാശരി വിളവ് ഹെക്ടറിന് നാല് ടണ്‍.
ഐശ്വര്യ (പിടിബി 52): 1993ല്‍ പുറത്തിറക്കിയ ഐശ്വര്യ കരക്കൃഷിക്കും വയല്‍ക്കൃഷിക്കും അനുയോജ്യമാണ്. മൂപ്പ് 120–125 ദിവസം. ഇടത്തരം ഉയരമുള്ള ഈ ഇനത്തിന്റെ ചെടികള്‍ ചാഞ്ഞുവീഴില്ല. വൈക്കോല്‍നിറത്തിലുള്ള നെന്മണികളും നീണ്ട, ചുവന്നുരുണ്ട അരിയും. പോളരോഗം, ബ്ളാസ്റ്റ്, ഗാളീച്ച എന്നിവയ്ക്കെതിരെ പ്രതിരോധശേഷിയുണ്ട്. ക്ഷാരഗുണമുള്ളതോ ഉപ്പുരസമുള്ളതോ ആയ മണ്ണിലേക്കും മലമ്പ്രദേശങ്ങള്‍ക്കും യോജിച്ചതല്ല. ശരാശരി വിളവ് ഹെക്ടറിന് 5.5 ടണ്‍. 6–6.5 ടണ്ണോളം വൈക്കോലും ലഭിക്കും.
ഹര്‍ഷ (പിടിബി 55): 2000ല്‍ പുറത്തിറക്കിയ ഹര്‍ഷ പൊടിവിതയ്ക്കും കരക്കൃഷിക്കും അനുയോജ്യമായ ഇനമാണ്. മൂപ്പ് 105–110 ദിവസം. ഇടത്തരം ഉയരമുള്ളതും ചാഞ്ഞുവീഴാത്തതുമായ നെല്‍ച്ചെടികള്‍. ബ്ളാസ്റ്റ് രോഗം, വരള്‍ച്ച എന്നിവക്കെതിരെ പ്രതിരോധശേഷിയുണ്ട്. വൈക്കോല്‍നിറത്തിലുള്ള നെന്മണികളും നീണ്ട, ചുവന്നുരുണ്ട അരിയും. ശരാശരി വിളവ് ഹെക്ടറിന് 4.5–5 ടണ്‍.
വൈശാഖ് (പിടിബി 60): 2010ല്‍ പുറത്തിറക്കിയ വൈശാഖ് കരക്കൃഷിക്ക് പ്രത്യേകമായി ശുപാര്‍ശചെയ്യപ്പെടുന്നു. ഈ ഇനം സ്വര്‍ണപ്രഭ (പിടിബി 43) എന്ന ഇനത്തിന്റെ നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. നെല്‍ച്ചെടികളുടെ ശരാശരി ഉയരം 118 സെ.മീ. 115–120 ദിവസം മൂപ്പോടുകൂടിയ വൈശാഖ് പൊടിവിതയ്ക്കും അനുയോജ്യമാണ്. വരള്‍ച്ചയെ ഒരുപരിധിവരെ ചെറുക്കും. ചുവന്നുരുണ്ട അരി. ശരാശരി വിളവ് ഹെക്ടറിന് 3.9 ടണ്‍.

(പട്ടാമ്പി  പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ സസ്യപ്രജനന–ജനിതക ശാസ്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top