29 March Friday

സുഗന്ധ ഇലകള്‍ നമുക്കും കൃഷിചെയ്യാം

സോമു മലപ്പട്ടംUpdated: Thursday Jan 21, 2016

ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് കൊതിയുണര്‍ത്തും ഗന്ധമുണ്ടെങ്കിലെ അവ ആസ്വദിച്ച് കഴിക്കാന്‍കഴിയൂ. എത്ര പോഷകാംശം കുറഞ്ഞ ഭക്ഷണമായാലും ആസ്വാദ്യകരമായ ഗന്ധമുണ്ടെങ്കില്‍ അവ ആര്‍ത്തിയോടെ ആരും കഴിക്കും. ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആകര്‍ഷകമായ ഗന്ധം ഉണ്ടാക്കാനാണ് വിവിധ സുഗന്ധ ഇലകള്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്നത്. ഇത്തരം സുഗന്ധ ഇലകള്‍ വലിയ അധ്വാനമില്ലാതെ നമുക്കും വീടുകളില്‍ ഉല്‍പ്പാദിപ്പിക്കാം.

ആഫ്രിക്കന്‍ മല്ലി
ശീമ മല്ലി, സാമ്പാര്‍ മല്ലി, മെക്സിക്കന്‍ മല്ലി, നീളന്‍ കൊത്തമല്ലി  തുടങ്ങി പല പേരുകളിലാണ് ഈ സസ്യം അറിയപ്പെടുന്നത്. പച്ചകൊത്തമല്ലിക്ക് പകരമായി കറികളില്‍ ഇവ ഉപയോഗിക്കാം. മല്ലിയുടെ രൂക്ഷഗന്ധമാണിതിന്. കരോട്ടിന്‍, ഇരുമ്പ്, കാത്സ്യം, റിബോഫ്ളോവിന്‍ തുടങ്ങിയ ധാതുക്കളടങ്ങിയതാണ് ഈ സുഗന്ധ ഇല. കരീബിയന്‍ ദ്വീപുകളിലാണ് ഈ ചെടിയുടെ ജനനമെന്ന് ചരിത്രം പറയുന്നു. അതാണ് ഇതിനെ ആഫ്രിക്കന്‍ മല്ലി എന്നു വിളിക്കാന്‍ കാരണം.
തിളങ്ങുന്ന പച്ചനിറമാണ് ഇതിന്റെ ഇലയ്ക്ക്. ഇലകളുടെ ഇരുവാരങ്ങളിലും മൃദുവായ മുള്ളുകള്‍ ഉണ്ടാകും. ചിരവയുടെ നാക്കിന്റെ ആകൃതിയിലാണ് ഇലകള്‍. വിത്ത് ഉപയോഗിച്ചും തൈകള്‍ (ചിനപ്പുകള്‍) ഉപയോഗിച്ചും ഇവ കൃഷിചെയ്യാം. ചെടിയുടെ ഇലമധ്യത്തില്‍ വളരുന്ന പൂങ്കുലയുടെ അഗ്രഭാഗത്ത് ചിനപ്പുപൊട്ടിയാണ് തൈകള്‍ ഉണ്ടാവുന്നത്. ഇതിനുപുറമെ പൂങ്കുലയില്‍ ചെറിയ വിത്തുകളും ഉണ്ടാവും. വളരെ ശ്രദ്ധയോടെ മാത്രമേ വിത്തുകള്‍ ശേഖരിക്കാനാവൂ. അത്രയധികം നേര്‍ത്തതാണ് വിത്തുകള്‍. വിത്തുകള്‍ നാലിരട്ടി മണലുമായി ചേര്‍ത്ത് തവാരണകളില്‍ പാകണം. ഒരുമാസമെങ്കിലും വേണം വിത്തു മുളയ്ക്കാന്‍. ചെടികള്‍ക്ക് മൂന്ന് ഇല വന്നുകഴിഞ്ഞാല്‍ (ഏതാണ്ട് 10 സെമീ നീളം) അവ പറിച്ചെടുത്ത് പുതിയ തവാരണകളിലേക്ക് മാറ്റിനടാം. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 25 സെ. മീ. അകലം വേണം. കമ്പോസ്റ്റോ കാലിവളമോ ചേര്‍ത്തുകൊടുക്കണം. നേരിയ ജലസേചനമേ ആവശ്യമുള്ളു. തൈ നട്ട് രണ്ടുമാസം കഴിയുമ്പോള്‍മുതല്‍ ഇല ശേഖരിച്ചുതുടങ്ങാം. ആഫ്രിക്കന്‍ മല്ലിയുടെ വേരും ഔഷധഗുണമുള്ളതാണ്.

പുതിന
തുളസിച്ചെടിയുടെ കുടുംബത്തില്‍പ്പെട്ടതാണിത്. ഈ ചെടി ഇപ്പോള്‍ ജ്യൂസ്, ചട്നി, സൂപ്പ്, സാലഡുകള്‍ എന്നിവയിലെല്ലാം ധാരാളമായി ഉപയോഗിക്കുന്നു. പടര്‍ന്നുവളരുന്ന ചെടിയാണിത്. തണ്ട് മുറിച്ചെടുത്താണ് ഇവ നടുന്നത്. കടകളില്‍നിന്നു വാങ്ങുന്ന തണ്ടുകളും നടാന്‍ ഉപയോഗിക്കാം.
മണലും ചാണകപ്പൊടിയും സമം ചേര്‍ത്തുണ്ടാക്കിയ തടങ്ങളില്‍ 50–60 സെ. മീ. അകലത്തില്‍ ഇവ നടാം.
മിതമായ ജലസേചനമേ പാടുള്ളു. കൂടുതല്‍ നനച്ചാല്‍ തണ്ടുകള്‍ അഴുകിപ്പോകും. രണ്ടുമാസംകൊണ്ട് ചെടി നന്നായി പടര്‍ന്നുതുടങ്ങും. വീത്ത് ഉണ്ടാവുമെങ്കിലും അവ മുളയ്ക്കില്ല. ചെടിച്ചെട്ടികളിലും ഗ്രോബാഗിലും ഇവ കൃഷിചെയ്യാം. തുളസിയിലയുടെ ആകൃതിയിലാണ് പുതിന ഇലകള്‍.

രംഭ (ബിരിയാണിയില)
കൈതവര്‍ഗത്തില്‍പ്പെട്ട ചെടിയാണ് രംഭ. ബസ്മതി അരിയുടെ സുഗന്ധത്തിന് ആധാരമായ 'അസറ്റൈല്‍ പൈറോളിന്‍' എന്ന ഘടകം രംഭ ഇലകളില്‍ ധാരാളം ഉള്ളതിനാല്‍ ബസ്മതി അരികൊണ്ട് ഉണ്ടാക്കുന്ന ബിരിയാണിയുടെ സുഗന്ധം അതേപോലെ രംഭ ഇല ഇട്ട ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നു ലഭിക്കും. ഇതുകൊണ്ടാണ് ഇതിന് ബിരിയാണി ഇല എന്ന പേരു ലഭിക്കാന്‍ കാരണം. മൊളുക്കാസ് ദ്വീപുകളിലാണ് 'രംഭ'യുടെ ജനനം.

പൂക്കൈത ഇലയോട് സാമ്യമുള്ളതാണ് ഇതിന്റെ ഇല. വേരുകളില്‍ ഉണ്ടാവുന്ന ചിനപ്പുകള്‍ ഇളക്കിയെടുത്താണ് കൃഷി വ്യാപിപ്പിക്കുന്നത്. നല്ലപോലെ ചാണകം/കമ്പോസ്റ്റ് ചേര്‍ത്തുകൊടുത്താല്‍ ധാരാളം ചിനപ്പുകള്‍ ഉണ്ടാകും. വാണിജ്യാടിസ്ഥാനത്തിലും ഇതിന് കൃഷിസാധ്യത ഉണ്ട്. നന്നായി നനച്ചുകൊടുക്കണം. ഇല മുറിച്ചെടുക്കുന്നതനുസരിച്ച് ചുവട്ടില്‍ മണ്ണ് ചേര്‍ത്തുകൊടുക്കണം. അപൂര്‍വമായി മാത്രമേ ഈ ചെടി പൂവിടാറുള്ളു.

ഉലുവ
പാപ്പിലിയോണസി കുടുംബത്തില്‍പ്പെടുന്ന സസ്യമാണ്. ഉലുവ മുളപ്പിച്ച് ഉണ്ടാകുന്ന ഇളം തൈയുടെ ഇലകള്‍ കിച്ചടി, സാലഡ്, ഉരുളക്കിഴങ്ങുകറി, സാമ്പാര്‍, രസം തുടങ്ങിയവയില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണചേരുവകളിലൊന്നാണ് ഉലുവയില. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷിചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്. ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം. ഒരുകിലോ ചകിരികമ്പോസ്റ്റും ഒരുകിലോ മണലും രണ്ടുകിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷിചെയ്യാന്‍. ഉലുവ അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ പാകാം. പാകിക്കഴിഞ്ഞാല്‍ നേര്‍ത്തപാളി മണല്‍ അതിനുമുകളിലായി വിതറണം. നേരിയതോതില്‍ നനയ്ക്കണം. തണലത്തുവേണം ഉലുവ പാകിയ മിശ്രിതം വയ്ക്കാന്‍. ഒരാഴ്ചയ്ക്കകം വിത്തു മുളയ്ക്കും. മുളച്ച് 10–ാം ദിവസംമുതല്‍ ഉലുവയില പറിച്ചെടുക്കാം. നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും അടങ്ങിയതാണ് ഉലുവച്ചെടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top