29 March Friday

വരുന്നൂ മിത്രനിമവിരകള്‍

വെബ് ഡെസ്‌ക്‌Updated: Friday May 20, 2016

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വാഴകര്‍ഷകര്‍ക്കായൊരു സന്തോഷവാര്‍ത്ത. വാഴയിലെ പിണ്ടിപ്പുഴുവിനെയും, മാണപ്പുഴുവിനെയും പൂര്‍ണമായും നശിപ്പിക്കാവുന്ന മിത്രനിമ വിരകളെ കണ്ടുപിടിച്ചിരിക്കുന്നു. മിത്രനിമ കള്‍ചറുകള്‍ (കഡാവര്‍) വില്‍പ്പനയ്ക്കും തയ്യാറായിരിക്കുന്നു!

നിമവിരകള്‍ ശത്രുവും മിത്രവും ഉണ്ട്. കൃഷിയില്‍ ശത്രുനിമകള്‍ ഏറെയുണ്ട്. നിമവിരകള്‍ മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയുടെ ഗണത്തില്‍ ഉപകാരികളായ നിമകളുണ്ടെന്ന് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്‍ 1929ല്‍ കണ്ടെത്തി. പില്‍ക്കാലത്ത് അത്തരം നിമകളെ ഈ ശാസ്ത്രജ്ഞന്റെ പേരിട്ടാണ് വിളിച്ചുപോരുന്നത്. സ്റ്റെയിനര്‍ നെമാറ്റിഡേ, ഹെറ്ററോറാബ്ഡൈറ്റിഡേ എന്നീ രണ്ടു നിമകുടുംബങ്ങളാണ് ഉപകാരികള്‍. ഇവയ്ക്ക് 250ല്‍പ്പരം ഷഡ്പദങ്ങളെ (കീടങ്ങളെ) നശിപ്പിക്കാനുള്ള ശേഷിയുണ്ട്.

അമേരിക്കയിലെ ഗോള്‍ഫ് കളിക്കളത്തിലെ പുല്ലുകളിലെ പ്രധാന പ്രശ്നമായിരുന്നു വേരുതീനിപ്പുഴുക്കള്‍. പുല്‍മൈതാനത്തെ അക്ഷരാര്‍ഥത്തില്‍ മിത്രനിമ പ്രയോഗംകൊണ്ട് രക്ഷപ്പെടുത്തി എടുത്തതോടെയാണ് വാസ്തവത്തില്‍ മിത്രനിമ വിരകളെ ശാസ്ത്രം ഗൌരവമായി ശ്രദ്ധിച്ചുതുടങ്ങിയത്. അതിനെത്തുടര്‍ന്ന് അമേരിക്കയില്‍ കൊതുകുനിവാരണത്തിന് കൂത്താടികളെ കൊന്നൊടുക്കുന്നതിനും, തടിതുരപ്പന്‍ പുഴുക്കളെ നിയന്ത്രിക്കുന്നതിനും വ്യാപകമായി മിത്രനിമകളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ സ്ട്രോബറി, സിട്രസ്, പൂച്ചെടികള്‍ എന്നിവയിലെ തണ്ടുതുരപ്പനെതിരെയും, പോളിഹൌസ് കൃഷിയിലെ റാഡിഷ്, ടര്‍ണിപ്പ്, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയിലെ വേരുപുഴുക്കളളെയും, തണ്ടുപുഴുക്കളെയും ഫലപ്രദമായി മിത്രനിമകളെ ഉപയോഗപ്പെടുത്തി നിയന്ത്രിച്ചുവരുന്നു.

കേരളത്തില്‍ ഇവയുടെ ഗവേഷണം, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. ഗവാസ് രാഗേഷ് ആണ് നടത്തിയത്. അദ്ദേഹം കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠന ഗവേഷണത്തില്‍ വാഴയുടെ പ്രധാന ശത്രുകീടങ്ങളായ മാണപ്പുഴുവിനെയും, പിണ്ടിപ്പുഴുവിനെയും മിത്രനിമ വിരകളെ ഉപയോഗിച്ച് പൂര്‍ണമായും കൊന്നൊടുക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത്തരം മിത്രനിമകളുടെ (ഇപിഎന്‍) കഡാവറുകള്‍ (കള്‍ചറുകള്‍) കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍നിന്ന് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്.

മിത്രനിമകള്‍ നേരിട്ടല്ല ശത്രുക്കളെ കൊല്ലുന്നത്. മിത്രനിമകളുടെ ശരീരത്തിനുള്ളില്‍ വസിക്കുന്ന ചില ബാക്ടീരിയകളാണ് വാസ്തവത്തില്‍ കീടങ്ങളെ കൊല്ലുന്നത്. മിത്രനിമകളുടെ ശരീരത്തിനുള്ളില്‍ സഹജീവനം നടത്തുന്ന രണ്ടിനം ബാക്ടീരിയകളുണ്ട്. സ്റ്റെയിനര്‍ നിമികളുടെ ഉള്ളില്‍ വസിക്കുന്ന സീനോറാബ്ഡസും, ഹെറ്ററോറാബ്റൈറ്റിസില്‍ വസിക്കുന്ന ഫോട്ടോറാബ്ഡസും ആണ് ഈ ബാക്ടീരിയകള്‍.

മിത്രനിമ (ഇപിഎന്‍) സന്നിവേശിപ്പിച്ച മെഴുകുപുഴുക്കളെയാണ് കര്‍ഷകര്‍ക്കു നല്‍കുന്നത്. ഈ ചീത്തപ്പുഴുക്കളെ 'കഡാവര്‍' എന്നു വിളിക്കുന്നു. ഈ കഡാവര്‍ അങ്ങിനെത്തന്നെ മണ്ണിലിട്ടോ, ചെടികളില്‍ ഇട്ടോ, വെള്ളത്തില്‍ കലക്കിയോ ഉപയോഗിക്കാം. വേണ്ടത്ര ഈര്‍പ്പമുണ്ടെങ്കില്‍ മാത്രമേ ഇപിഎന്‍ സഞ്ചരിക്കുകയുള്ളു. ചത്ത പുഴുക്കളുടെ ഉള്ളില്‍നിന്നു പുറത്തുവരുന്ന നിമറ്റോഡുകള്‍ ശത്രുകീടങ്ങളുടെ പുഴുക്കളെ തേടിപ്പിടിച്ച് അവയുടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. തുടര്‍ന്ന് നിമയുടെ ശരീരത്തിനുള്ളില്‍ സഹജീവനം നടത്തുന്ന ബാക്ടീരിയകള്‍ പുറത്തുവരികയും, ശത്രുകീട പുഴുക്കളുടെ ആന്തരികാവയവങ്ങളെ ദ്രവിപ്പിക്കുകയും അവ 24 മണിക്കൂറിനുള്ളില്‍ ചാവുകയും ചെയ്യും. ചത്ത പുഴുക്കളുടെ ബാക്ടീരിയമൂലം രൂപീകരിച്ച ഭാഗങ്ങള്‍ നിമവിരകള്‍ ആഹരിക്കുകയും ചെയ്യുന്നു.

വാഴയ്ക്കു മാത്രമല്ല മിത്രനിമകള്‍ ഉപകാരികളാവുന്നത്. നമ്മുടെ വിവിധ വിളകള്‍ക്ക് ഇപിഎന്‍ (മിത്രനിമയുടെ ചുരുക്കപ്പേര്)} ഉപയോഗിക്കാം. കശുമാവിലെ തടതുരപ്പന്‍ പുഴുവിനെതിരെ പുഴുവിരിക്കുന്ന ദ്വാരത്തില്‍ ചവച്ചുതുപ്പിയ അവശിഷ്ടവും, പശയും ഒലിക്കുന്നതിനു മുകളിലുള്ള തൊലി ഉളികൊണ്ടു ചെത്തി ഇളക്കിയെടുത്തശേഷം രണ്ടു കഡാവറുകള്‍ (ചത്ത മെഴുകുപുഴുക്കള്‍) ദ്വാരത്തിലിട്ട് അല്‍പ്പം വെള്ളമൊഴിക്കുക. തെങ്ങിലെയും, കവുങ്ങിലെയും വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കാന്‍ ഒരു കഡാവര്‍ പൊട്ടിച്ച് അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മണ്ണില്‍ ഒഴിച്ചുകൊടുക്കാം.

തെങ്ങിന്റെ ചെമ്പന്‍ചെല്ലിക്കെതിരെ ചെല്ലി തുരന്ന ദ്വാരത്തില്‍ കഡാവര്‍ നിക്ഷേപിച്ച് അല്‍പ്പം വെള്ളമൊഴിക്കുക. 10–15 വര്‍ഷം വരെ പ്രായമുള്ളവയ്ക്ക് 10 കഡാവറും, 15 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ളവയില്‍ 30 എണ്ണവും ഇട്ടുകൊടുക്കണം. കരിമ്പിന്റെ വേരുപുഴുക്കള്‍ക്കെതിരെ കഡാവര്‍ ഒന്നു രണ്ടെണ്ണം/ഒരു കരിമ്പിന്‍ ചുവടിന് എന്ന കണക്കില്‍ എടുത്ത് 100 മില്ലി വെള്ളത്തില്‍ പൊടിച്ചുകലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി.

വാഴയിലെ തടതുരപ്പന്‍ പുഴുക്കള്‍ക്കെതിരെ അഞ്ചുമാസംമുതല്‍ എട്ടാംമാസംവരെ മാസത്തില്‍ ഒരുതവണവീതം വാഴക്കവിളുകളില്‍ നിക്ഷേപിച്ച് അല്‍പ്പം വെള്ളമൊഴിച്ചുകൊടുക്കുക. നിലവില്‍ പിണ്ടിപ്പുഴു ബാധയുണ്ടെങ്കില്‍ ആക്രമിച്ച ദ്വാരംവഴി കഡാവര്‍ പൊട്ടിച്ച് വെള്ളത്തില്‍ കലക്കി അത് സിറിഞ്ച്വഴി വാഴയിലേക്ക് കുത്തിവയ്ക്കാം.

വാഴയുടെ മാണപ്പുഴുവിനെതിരെ നടുമ്പോള്‍ കുഴിയില്‍ നാല് കഡാവറുകള്‍ നിക്ഷേപിച്ച് നട്ടശേഷം രണ്ടാം മാസത്തിലും അഞ്ചാം മാസത്തിലും നാലെണ്ണംവീതം മണ്ണില്‍ ഇട്ടുകൊടുക്കുക. മണ്ണില്‍ ഈര്‍പ്പം വേണ്ടത്രയുണ്ടാവണം. കൂടാതെ വാഴത്തട ഒരടി നീളത്തില്‍ മുറിച്ച് നടുവേ പിളര്‍ത്തി അതിനുള്ളില്‍ നാലഞ്ചു കഡാവറുകളെ നിക്ഷേപിച്ച് അല്‍പ്പം വിടവുവച്ച് പിളര്‍പ്പുകള്‍ കൂട്ടിക്കെട്ടി വാഴത്തോട്ടത്തില്‍ 40 വാഴയ്ക്ക് ഒരു കെണി എന്ന രീതിയില്‍ വച്ചുകൊടുക്കുക. മുറിച്ച വാഴയുടെ മണത്താല്‍ ആകര്‍ഷിക്കപ്പെട്ട ചെല്ലികള്‍ അതിനുള്ളിലേക്ക് എത്തുകയും കഡാവറുമായി മുട്ടുകയും മിത്രനിമകള്‍ ചെല്ലിയെ കൊല്ലുകയും ചെയ്യും.

ഏലത്തിന്റെ വേരുതീനി പുഴുക്കള്‍ക്കെതിരെ ഒന്നോ രണ്ടോ കഡാവര്‍ ഓരോ ചെടിച്ചുവട്ടിലും ഇട്ടുകൊടുക്കുകയോ, വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുക്കുകയോ ചെയ്താല്‍ മതി.

ഇപ്പോള്‍തന്നെ കര്‍ഷകര്‍ വ്യാപകമായി ജൈവകൃഷിയില്‍ സ്യൂഡോമൊണസും, ട്രൈക്കോഡര്‍മയും ബ്യുവേറിയയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം മിത്രബാക്ടീരികള്‍ക്കും, മിത്രകുമിളുകള്‍ക്കും ഇടയിലേക്ക് ഒരു സൂക്ഷ്മജീവികൂടി കടന്നുവരികയാണ്– മിത്ര നിമകള്‍. സുരക്ഷിത ജൈവകൃഷി സമ്പ്രദായത്തിലേക്ക് ചുവടുവയ്ക്കുന്ന ഈ ഘട്ടത്തില്‍, രാസ–കീട–രോഗ നാശിനികള്‍ക്ക് ബദല്‍ എന്ന നിലയില്‍ ഉയര്‍ന്നുവരുന്ന ഇത്തരം പുതിയ കണ്ടെത്തലുകള്‍ ഉപകാരപ്രദമാകും.

(പാലക്കാട് വടകരപ്പതി കൃഷിഭവനില്‍ കൃഷി ഓഫീസറാണ് ലേഖകന്‍)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top