04 July Friday

കശുമാങ്ങയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

സി എ പ്രേമചന്ദ്രന്‍Updated: Thursday Apr 20, 2017

വീണ്ടും കശുമാങ്ങക്കാലം വന്നു. കശുവണ്ടിയെടുത്ത് മാങ്ങ പിഴുതെറിയുന്നവര്‍ അറിയുന്നില്ല കശുമാങ്ങയുടെ വില.  കേരളത്തില്‍ പാഴാവുന്ന കശുമാങ്ങ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തിന് കശുമാങ്ങക്കൃഷിയിലൂടെ കോടികളുടെ വരുമാനമുണ്ടാക്കാനാകും.

ഇന്ത്യയില്‍ 60 ലക്ഷം കശുമാങ്ങ പാഴാവുന്നുണ്ടെന്നാണ് കണക്ക്. കശുമാങ്ങ ഫലപ്രദമായി സംസ്കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പനങ്ങളാക്കിയാല്‍ കശുമാങ്ങക്കൃഷിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാവും. കേരളത്തില്‍ ഏകദേശം അഞ്ചുലക്ഷം ടണ്‍ കശുമാങ്ങ ഒരുവര്‍ഷം പാഴാവുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ മൂന്നരലക്ഷം ടണ്ണെങ്കിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനാവും. ടണ്ണിന് 10,000 രൂപയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കണക്കാക്കിയാലും 350 കോടിയുടെ ഉല്‍പ്പന്നം നിര്‍മിക്കാനാവുമെന്ന് കാര്‍ഷിക സര്‍വകലാശാലാ പഠനങ്ങള്‍ തെളിയിക്കുന്നു.

കശുമാങ്ങ സംസ്കരണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിലും കൈമാറ്റത്തിലും വാണിജ്യ ഉല്‍പ്പാദനത്തിലും  കാര്‍ഷിക സര്‍വകലാശാലയുടെ മാടക്കത്തറയിലെ കശുമാവ് ഗവേഷണകേന്ദ്രം അന്താരാഷ്ട്രതലത്തില്‍തന്നെ മുന്നിലാണ്.  കേന്ദ്രം പുറത്തിറക്കിയ എട്ട് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് ഏറെ ഡിമാന്‍ഡുണ്ട്. കശുമാങ്ങാ സിറപ്പ്,  പാനീയം,  സ്്ക്വാഷ്, ജാം, സോഡ, വിനാഗിരി എന്നീ പാനീയങ്ങളും അച്ചാര്‍, ചോക്ളേറ്റ്, ക്യാന്‍ഡി എന്നിവയും സര്‍വകലാശാല വികസിപ്പിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്.  കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്ന  കശുമാങ്ങ പൊടിച്ചാണ് ചോക്ളേറ്റ് ഉണ്ടാക്കുന്നത്.  ബയോഗ്യാസ്, ബയോഫ്യുവല്‍, ബയോ കമ്പോസ്റ്റ് എന്നിവയും കശുമാങ്ങയില്‍നിന്ന് വികസിപ്പിച്ചിട്ടുണ്ട്.

നല്ലവണ്ണം പഴുത്തതും ഇടത്തരം വലുപ്പമുള്ളതുമായ കേടില്ലാത്ത മാങ്ങയാണ് സംസ്കരണത്തിന് തെരഞ്ഞെടുക്കുന്നത്. മാങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് ചവര്‍പ്പ് അല്ലെങ്കില്‍ കാറല്‍ മാറ്റിയാണ് ഉല്‍പ്പന്നങ്ങളാക്കുന്നത്. കാറലിന് അടിസ്ഥാനം ടാനിന്‍ എന്ന ഫിനോളിക് സംയുക്തമാണ്. ഒരുകിലോഗ്രാം നീരില്‍ അഞ്ചുഗ്രാം ചൌവരി കുറുക്കിച്ചേര്‍ത്താണ് കറ കളയുന്നത്. കറകളഞ്ഞ നീര് ഒരു വര്‍ഷംവരെ കേടുകൂടാതെ സൂക്ഷിക്കാം.  ഗ്ളാസ്, സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ എന്നീ പാത്രങ്ങള്‍  സംസ്കരണത്തിന് ഉപയോഗിക്കണം. പ്രാഥമിക സംസ്കരണത്തിന് പ്ളാസ്റ്റിക് പാത്രങ്ങളിലും സൂക്ഷിക്കാം. ചവര്‍പ്പുമാറ്റി സൂക്ഷിക്കുന്ന നീര്, പള്‍പ്പ്, പച്ച കശുമാങ്ങ എന്നിവ ഉപയോഗിച്ച് വിവിധ ഉല്‍പ്പന്നങ്ങളുണ്ടാക്കാം.

സര്‍വകലാശാലാ ഔട്ട്ലെറ്റുകള്‍വഴിയാണ് വില്‍പ്പന. ഗവേഷണകേന്ദ്രത്തില്‍ കശുമാങ്ങ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും നല്‍കിവരുന്നതായി ഗവേഷണകേന്ദ്രം മേധാവി ഡോ. എ ശോഭന പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആന്‍ഡ് കൊകോ ഡെവലപ്മെന്റിന്റെ സഹായങ്ങളും പരിശീലനത്തിന് ലഭിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top