26 April Friday

തെങ്ങിന് ജലസേചനം എപ്പോൾ, എത്രത്തോളം

രവീന്ദ്രൻ തൊടീക്കളംUpdated: Sunday Feb 20, 2022



കേര കൃഷിക്ക്  ജലസേചനമൊന്നുകൊണ്ടുമാത്രം ഉൽപ്പാദനം ഇരട്ടിയാക്കാൻ കഴിയുമത്രേ. പോഷകമൂലകങ്ങൾ ആഗിരണം ചെയ്യുന്നതിനും തെങ്ങിന്റെ വളർച്ചയ്‌ക്കും  പ്രത്യുൽപ്പാദനത്തിനും ജലം അനിവാര്യം. ഓലകൾ ഒടിഞ്ഞു തൂങ്ങുന്നതും  വളർച്ച കുറയുന്നതും മച്ചിങ്ങ പൊഴിച്ചലും ഉൽപ്പാദനക്കുറവും ജലലഭ്യതയുടെ അപര്യാപ്‌തത മൂലമാണ്‌.

ജലസേചനമുള്ള  തോട്ടങ്ങളിൽ തെങ്ങ് മണ്ണിൽ നിന്നും കൂടിയ തോതിൽ പോഷകങ്ങൾ ആഗിരണം ചെയ്ത് നാല്‌ വർഷം കൊണ്ട് പുഷ്പിക്കും. പൂങ്കുലകളുടെ ഉൽപ്പാദനനിരക്ക് കൂടും. മച്ചിങ്ങ പൊഴിച്ചിൽ കുറയുന്നു. തേങ്ങയുടെ എണ്ണവും വലിപ്പവും കൊപ്രയുടെ തൂക്കവും വർധിക്കുന്നു.

സാധാരണ തുലാവർഷം അവസാനിക്കുന്നതോടെ ഡിസംബർ–-  ജനുവരി മാസത്തിൽ ആരംഭിച്ച് മെയ് മാസം വരെയോ കാലവർഷം ആരംഭിക്കുന്നതുവരെയോ ആണ് ജലസേചനം നടത്തേണ്ടത്. തടം തുറന്ന് നന, തുള്ളി നന, സ്പ്രിംഗ്ലർ നന തുടങ്ങിയ രീതികളാണ് നിലവിലുളളത്. മണ്ണിന്റെ ഭൌതികസാഹചര്യം, ഘടന, എന്നിവ കണക്കിലെടുത്ത്‌ വേണമിത്‌. മണൽ മണ്ണിൽ എട്ട് ദിവസത്തിലൊരിക്കൽ അറുനൂറ് ലിറ്ററും മണൽ കലർന്ന പശിമരാശി മണ്ണിൽ പന്ത്രണ്ട്ദിവസത്തിലൊരിക്കൽ തൊള്ളായിരം ലിറ്ററും പശിമരാശി മണ്ണിൽ പതിനേഴ് ദിവസത്തിലൊരിക്കൽ ആയിരത്തി മൂന്നൂറ് ലിറ്റർ വെള്ളവും എക്കൽ മണ്ണിൽ ഇരുപത്തിയൊന്ന് ദിവസത്തിലൊരിക്കൽ ആയിരത്തി അറന്നൂറ് ലിറ്റർ വെള്ളവും തെങ്ങ് ഒന്നിന് ആവശ്യമായി വരും. തുള്ളി നനസമ്പ്രദായമാണ് അനുവർത്തിക്കുന്നതെങ്കിൽ നാല്പത്തിയഞ്ച് ലിറ്റർ വെള്ളം പ്രതിദിനം ആവശ്യമാണ്. മണൽ മണ്ണിൽ ഉപ്പ് വെള്ളം ജലസേചനത്തിനായി ഉപയോഗിക്കാമെങ്കിലും തൈത്തെങ്ങുകൾക്ക് ഈ വെള്ളം ഉപയോഗിക്കരുത്.

ആദ്യ നനയിൽ ധാരാളംവെള്ളമുപയോഗിച്ച് മണ്ണ് നന്നായി നനയും വിധം നനക്കണം. നനതുടങ്ങുന്നതിന് മുമ്പ്‌ ചപ്പ് ചവറുകൾ ഉപയോഗിച്ച് തെങ്ങിൻ തടം പുതയിടണം. തെങ്ങിൻ തടത്തിൽ തെങ്ങ് ഒന്നിന് അമ്പത് ഗ്രാം തോതിൽ പയർ വിത്ത്  പാകി പുഷ്പിക്കുമ്പോൾ ജൈവ വളമായി ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ഈർപ്പസംരക്ഷണത്തിന് ഇത് ഉപകരിക്കും. ഒരിക്കൽ ജലസേചനം ആരംഭിച്ചു കഴിഞ്ഞാൽ തുടർന്ന് എല്ലാ വർഷവും തുടരാൻ ശ്രദ്ധിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top