29 January Sunday
പച്ചക്കറി കൃഷി

എതിര്‍ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് രോഗ കീട നിയന്ത്രണം

മലപ്പട്ടം പ്രഭാകരൻUpdated: Thursday Feb 20, 2020

പച്ചക്കറിയിലെ രോഗകാരികളായ സൂക്ഷ്‌മാണുക്കളേയും കീടങ്ങളേയും തടയാൻ, ഇവയെ നശിപ്പിക്കാൻകഴിയുന്ന  മിത്ര സൂക്ഷ്മാണുക്കളെ കൃഷിയിടത്തിൽ വിന്യസിക്കുക എന്നതാണ് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയായി സ്വീകരിക്കുന്നത്. ഇവയെ നശിപ്പിക്കുന്ന മിത്ര കുമിളുകളോ ബാക്ടീരിയകളോ, മറ്റു ചില സൂക്ഷ്‌മാണുക്കളോ, ഇവയുടെ ജനിതക ഉൽപ്പന്നങ്ങളോ, ഇവയുടെ ജീനുകളോ ഉപയോഗിച്ചാണ് നിയന്ത്രിക്കുക. പ്രത്യേക രീതിയിൽ വംശവർദ്ധനവ് നടത്തി മണ്ണിലോ തടത്തിൽ ഒഴിച്ചും ഇലയിലും തണ്ടിലും തളിച്ചുമാണ് ഇത് പ്രയോഗിക്കുക.  കൂടാതെ നിമവിരകളെ നശിപ്പിക്കാനും ഇതുവഴി സാധിക്കും. ഇത് വിളകൾക്ക് വളർച്ചാ ത്വരകമായും പ്രവർത്തിക്കും. ഇത് ഏതെല്ലാമെന്നും എങ്ങനെയെന്നും നോക്കാം.

എതിർ ബാക്ടീരിയകളിൽ പ്രധാനപ്പെട്ടതാണ് സ്യൂഡോമോണസ് ഫ്യൂറസെൻസ്, ബാസിലസ് സബ്ട്രിലിസ് എന്നിവ. വിത്തിൽ പുരട്ടിയും മണ്ണിൽ ചേർത്തും ഇലയിലും തണ്ടിലും തളിച്ചുമാണ് നിയന്ത്രിക്കുക. ഇവ പുറപ്പെടുവിക്കുന്ന എൻസൈമുകൾ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ആവരണത്തെ ലയിപ്പിക്കുകയും കോശങ്ങൾ നശിക്കുകയുമാണ് ചെയ്യുന്നത്. അതുപോലെ ഇവ ഉൽപ്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളും ഉപദ്രവ സൂക്ഷ്മാണുക്കളെ നശിപ്പിക്കും. 

വിവിധ കുമിൾ രോഗങ്ങൾ പച്ചക്കറിയിൽ ധാരാളമാണ്. തൈ ചീയൽ, വേരുചീയൽ, കട ചീയൽ,  വാട്ട രോഗം, കരിമ്പിൻ കേട്, ഇലപൊട്ടുരോഗം ഇങ്ങനെ പലതും. ഇതിൽ ഏറ്റവും ഫലപ്രദമായ എതിർകുമിളുകളാണ് ട്രൈകോഡർമയും, ഗ്ലയോക്കാഡിയയും. ജൈവവളക്കൂറുള്ള മണ്ണിലാണ് ഇവ കൂടുതൽ പെരുകുക. ഉണങ്ങിയ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും 9  : 1 എന്ന അനുപാതത്തിൽ ചേർത്ത് കുഴച്ച് നേരിയ ഈർപ്പപരുവത്തിൽ വെച്ചശേഷം ഇതിൽ ട്രൈക്കോഡർ്മ പൊടിചേർത്ത് ഇളക്കി തണലിൽ ഒരാഴ്ച സൂക്ഷിക്കുക. ഈ കുമിൾ മാധ്യമത്തിൽ വളർന്ന് വ്യാപിക്കും. ഇതാണ് കൃഷിയിടത്തിൽ ഉപയോഗിക്കേണ്ടത്. സ്യൂഡോ മോണസ് ആകട്ടെ ഇരുപതുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വിത്തിൽ പുരട്ടിയും, ചെടികളിൽ തളിച്ചും, മണ്ണിൽ ഒഴിച്ചും കൊടുക്കുകയാണ് വേണ്ടത്.

ജൈവീക കീടനിയന്ത്രണം
ഇങ്ങനെ മുകളിൽ പറഞ്ഞ മിത്രകുമിൾ, ബാക്ടീരിയ, വൈറസ്, എന്നിവ ശത്രുകീടങ്ങളിൽ സന്നിവേശിപ്പിച്ച് കീടങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഇത്. മിത്രത്തിന്റെ രേണുക്കളോ തന്തുക്കളോ ശത്രുകീടത്തിന്റെ ഉള്ളിലേക്ക് തുരന്നുകയറിയും ആഹാരമായി അകത്തുചെന്നും കീടത്തെ കൊല്ലുന്ന പ്രക്രിയയാണ് ഇത്. പച്ചക്കറികൾ, വാഴ എന്നിവയിലെല്ലാം ഫലപ്രദമാണ്. ട്രൈക്കോഡർ്മ, ബ്യൂവേറിയ, മെറ്റാറൈസിയം, വെർട്ടിസീലിയംലെക്കാനി, ഫ്യൂസേറിയം, പെനിസീലിയം തുടങ്ങിവയാണ് ഇത്.

മിത്രബാക്ടീരിയകൾ  ബാസില്ലസ് ഗ്രൂപ്പിൽപ്പെടുന്നവയാണ് ഇത്. ശത്രുകീടത്തിന്റെ ആമാശയത്തിൽ കടന്നുചെന്ന് ആഹാരം സ്വീകരിക്കുന്നതിന് തടസ്സം ഉണ്ടാക്കിവെക്കും. മിത്രവൈറസുകൾ  എന്നതാകട്ടെ ന്യൂക്ലിയർ പോളി ഹൈഡ്രോ വൈറസുകളാണ്. ഇത് ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ വിവിധ അവയവങ്ങളിൽ കടന്നുകയറി നശിപ്പിക്കും. ഇലതീനിപ്രാണി, തണ്ടുതുരപ്പൻ പുഴു, കായ്തുരപ്പൻ പുഴു തുടങ്ങിയവയെ എല്ലാം ഇവ നശിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top