30 September Saturday

പരമ്പരാഗത കൃഷിയില്‍ അട്ടപ്പാടി മാതൃക

എം കെ പി മാവിലായിUpdated: Thursday Aug 18, 2016

മണ്ണിനും കാലാവസ്ഥയ്ക്കും  അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഗുണവിശേഷങ്ങളോടുകൂടിയ നിരവധി വിത്തുകള്‍ കൃഷി ചെയ്യുന്ന അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകസമൂഹത്തിന്റെ പരമ്പരാഗത മാതൃക ഇന്നും ശ്രദ്ധേയം. വരള്‍ച്ച, വെള്ളക്കെട്ട് തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശക്തി, വര്‍ധിച്ച രോഗകീട പ്രതിരോധശേഷി, മണ്ണിന്റെ ഘടനയ്ക്കനുയോജ്യമാംവിധം വളരാനുള്ള കഴിവ്, ഫലസമ്പൂര്‍ണതയ്ക്കുള്ള വ്യത്യസ്തമായ കാലാവധി, രുചി തുടങ്ങിയ ഗുണവിശേഷണങ്ങളാല്‍ പരമ്പരാഗത വിത്തുകള്‍ ഒഴിവാക്കിയുള്ള കൃഷി ഇവര്‍ക്ക് ചിന്തനീയമേയല്ല. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് ഭക്ഷണത്തിന്റെ കൈമാറ്റം സാധ്യമാകുന്നത് ഇത്തരം വിത്തുകളിലൂടെയാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ പരമ്പരാഗത കാര്‍ഷികസമൂഹങ്ങള്‍ വിത്തിന് ഉന്നതസ്ഥാനം നല്‍കി ആദരിച്ചുവരുന്നു.

തനിമയേറിയ ഒട്ടനവധി പരമ്പരാഗത വിത്തുകളാല്‍ സമ്പന്നമാണ് ഈ നാട്. ആദിവാസികള്‍ വര്‍ഷങ്ങളിലൂടെ നേടിയെടുത്ത പ്രായോഗിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ സവിശേഷ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍വളര്‍ത്തിയെടുത്തവയാണ് അവയെല്ലാം. നനവാര്‍ന്ന ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ആദിമ ഗോത്രങ്ങളുടെ തനിമയേറിയ പുനംകൃഷിസമ്പ്രദായം അട്ടപ്പാടിയില്‍ ഇന്നും തുടരുന്നു. മണ്ണിനെയും പ്രകൃതിയെയും ആദരിക്കുന്ന ആരോഗ്യകരമായ കൂട്ടായ്മയുടെ സംസ്കാരമാണിത്. കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ് പുനംകൃഷി ചെയ്യുന്നത്. വിളവെടുപ്പിനുശേഷം വീണ്ടും കൃഷിയിറക്കാന്‍ പര്യാപ്തമായ മൂപ്പ് കാടിന് കൈവന്നാലേ വീണ്ടും കാട് വെട്ടിത്തെളിച്ച് അവിടെ കൃഷിയിറക്കൂ. രണ്ടു വിളകള്‍ക്കിടയിലുള്ള ഈ ഇടവേള മണ്ണിന് നഷ്ടപ്പെട്ട ഓജസ്സ് വീണ്ടെടുക്കുന്നതിനും കാടിന്റെ പുനരുജ്ജീവനത്തിനും സഹായകമാകും. റാഗി, ചാമ, കടുക്, തുവര, അമര, മുത്താറി, തിന, വരക്, ചീര, എള്ള്, മുതിര, പച്ചക്കറിയിനങ്ങള്‍ എല്ലാം പുനംകൃഷിയുടെ ഭാഗമാണ്.

കാട് കരിച്ച ചാരംതന്നെയാണ് വളം. അഴുകിയ പച്ചിലകളും വളമാകും. ചാമ, തിന, റാഗി ഇവയ്ക്ക് വല്ലപ്പോഴും കിട്ടുന്ന ചാറ്റല്‍മഴ ധാരാളം. ചാമയും തിനയും നട്ട് രണ്ടുമാസംകൊണ്ട് വിളയും. എള്ളിനും നല്ല ചാറ്റല്‍മഴ മതി. മുതിര കന്നിയില്‍ വിതച്ച് മകരത്തില്‍ വിളവെടുക്കും. മുതിരയ്ക്ക് ചാരം കുറച്ചു മതി. വളരാന്‍ താങ്ങൊന്നും ആവശ്യപ്പെടാത്ത കുറ്റിഅമരയാണ് ലാഭം. ഇതില്‍ മഞ്ഞുകാലത്താണ് വിള സമൃദ്ധമാകുന്നത്. പെരുച്ചാഴി, പന്നി ശല്യം കാരണം കിഴങ്ങ്, കാച്ചില്‍ വര്‍ഗങ്ങള്‍ ഇപ്പോള്‍ വ്യാപകമല്ല. തുവര പൊതുവെ ലാഭകരമായ കൃഷിയാണ്. എല്ലാറ്റിനും ചാരവും ചാണകവും പച്ചിലകളും മതി. പച്ചയായി തുവര കായ്കള്‍ പറിച്ചെടുത്ത് ചോറിനൊരു കറിയാക്കും. മൂത്തു പറിച്ചെടുത്ത് മണികള്‍ വേര്‍പെടുത്തി വിത്തിനും വിപണനത്തിനും ഒരുക്കും.
വിത്തുവൈവിധ്യം പരമ്പരാഗതമായി പോറലേല്‍പ്പിക്കാതെ ആദിവാസികള്‍ സംരക്ഷിച്ചുവരുന്നു. റാഗിയില്‍ ഉണ്ടരാഗി, കൊങ്കരാഗി, ചീവരാഗി, കോലന്റാഗി, ബാലറാഗി, ചുണറാഗി, സപര്യ എന്നീ ഇനങ്ങളും ചാമയില്‍ കാരച്ചാമ, ബാലച്ചാമ, കിരഞ്ചാമ, പുളിയന്‍ ചാമ, ഭൂവചാമ, വെള്ളച്ചാമ, വലിയചാമ എന്നീ ഇനങ്ങളും തിനയില്‍ കറുത്തനിറത്തിലുള്ള കറുവപ്പാണ്ടിയും, ചുവന്ന നിറത്തിലുള്ള ചെന്തിനപ്പാണ്ടിയും, വെള്ളനിറത്തിലുള്ള വെള്ളൈപാണ്ടിയും, മഞ്ഞനിറത്തിലുള്ള മുറിപ്പാണ്ടിയും തുവരയില്‍ ചെറിയ വെളുത്ത മണികളുള്ള ചെറുതുവരയും, ഭൂതത്തൂവാടിയും, വെളുത്ത വാരിയും ചുവന്ന മണികളുള്ള ചോരത്തൂവാരിയും കാടയുടെ കണ്ണുപോലുള്ള കാടെക്കണ്ണനും വിത്തുവൈവിധ്യത്തിന്റെ നിദര്‍ശനങ്ങളാണ്. അമരയിനങ്ങളില്‍ ബീന്‍സും കൊത്തമരയുമാണ് മിക്കസ്ഥലങ്ങളിലും കണ്ടത്. ഒരിക്കല്‍ നട്ടാല്‍ ഒരുപാടുകാലം വിളവെടുക്കാവുന്ന കറുപ്പുനിറത്തിലുള ശെനെകരി, വെളുപ്പുനിറത്തിലുള്ള പല്ലി, തവിട്ടുനിറത്തിലുള്ള നഞ്ച, വലിയ വിത്തില്‍ വരകളും കുറികളുമുള്ള പുള്ളി അമര എന്നിവയെല്ലാം കര്‍ഷക കാരണവര്‍ക്ക് ഓര്‍മയുള്ള കാലംമുതല്‍ ഇവിടെ കൃഷിചെയ്തു സംരക്ഷിച്ചുവരുന്നു. ചോളം ഇനങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നവയുണ്ട്. മക്കച്ചോളം, അരിച്ചോളം, കുക്കിരിച്ചോളം, മഞ്ചച്ചോളം, തലവിരിച്ചാന്‍ ചോളം എന്നിവയാണിതില്‍ പ്രധാനം.

സാധാരണയില്‍നിന്നും പൊക്കവും വണ്ണവുമുള്ള കരുത്തരായ ചീര മിക്ക വീട്ടുവളപ്പിലും കാണാം. ഇലകള്‍ നരച്ച് പ്രായക്കൂടുതല്‍ കാണിക്കുന്നെങ്കിലും തലക്കനം കാരണം കുനിഞ്ഞുനില്‍ക്കുകയാണ് അവയില്‍ പലതും. മൂത്തുനരച്ച് നിര്‍ത്തിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് വിളവുവിത്താണെന്നു മനസ്സിലായത്. നല്ലതുപോലെ വിളഞ്ഞാലേ വിത്തു ശേഖരിക്കു. ഇതിന്റെ വിത്തെടുത്ത് മണല്‍ചേര്‍ത്ത് വറുത്ത് പൊരിയാക്കും. പൊരി വെല്ലം അഥവാ ശര്‍ക്കര ചേര്‍ത്ത് ഉരുളയാക്കിയും ഉണ്ടയാക്കിയും ഭക്ഷിക്കും. വറുതികാലത്തേക്കുള്ള ഭക്ഷ്യസുരക്ഷകൂടിയാണിത്. വിത്തു പൊടിച്ച് മാവാക്കിയും ഉപയോഗിക്കുമത്രെ. ഈ മാവില്‍ പഴം ഞെരടി കാട്ടുതേനൊഴിച്ച് കഴിക്കുന്നതും ഏറെ രുചികരമാണ്.

(ലേഖകന്‍ വയനാട് എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top