25 April Thursday

വിരമരുന്നുനല്‍കുന്നതും ശ്രദ്ധയോടെ

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2017

കന്നുകാലികളുടെയും വളര്‍ത്തുപക്ഷികളുടെയും കാര്യത്തിലും ശാസ്ത്രീയമല്ലാത്ത മരുന്നുപ്രയോഗം, പ്രത്യേകിച്ച്  ആന്റിബയോട്ടിക്കുകളുടെയും, വിരമരുന്നുകളുടെയും  അശ്രദ്ധമായ  ഉപയോഗം ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.   അതില്‍തന്നെ കന്നുകാലികള്‍, പ്രത്യേകിച്ച്  ആടുകളിലും മറ്റും  പല വിരമരുന്നുകള്‍ക്കുമെതിരെയും വിരകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതായി പല പഠനങ്ങളും  കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിരബാധയു ഉണ്ടാകുന്ന സമയത്ത്  പല മരുന്നും ഫലം കണ്ടെത്താതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. വിരബാധ നിയന്ത്രിക്കാന്‍  ഒരു വെറ്ററിനറി  ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ശാസ്ത്രീയചികിത്സ എന്ന സമീപനമാണ് ഹ്രസ്വദീര്‍ഘ കാലയളവില്‍ ഫലപ്രദമാകുന്നത്. <യൃ />
ഓരോ മൃഗത്തിനും ചെയ്യേണ്ട കൃത്യമായ വിരയിളക്കലിന്റെ  ടൈംടേബിള്‍ ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുകയാണ്  പ്രഥമവും, പ്രധാനവും.  വിരയിളക്കല്‍ എന്നത് എല്ലാ മാസവും ചെയ്യേ  ഒന്നാണ് എന്ന ധാരണ വേണ്ട. ആവശ്യമെങ്കില്‍ മാത്രം വിരയിളക്കുക എന്നതാണ് പിന്തുടരേണ്ട നയം. ഇതിനുള്ള വഴി കൃത്യമായ ഇടവേളകളില്‍ അല്ലെങ്കില്‍ വിരബാധ സംശയിക്കുന്ന ലക്ഷണങ്ങള്‍ കാണുമ്പോള്‍ ചാണകം പരിശോധിച്ച് വിരബാധ ഉറപ്പാക്കുക. കേരളത്തിലെ എല്ലാ മൃഗാശുപത്രികളിലും ഇതിനുള്ള സൌകര്യം ലഭ്യമാണ്. ചാണക പരിശോധനവഴി വിരയിളക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമ്പോള്‍  പ്രയോജനം രണ്ടാണ്.  ഒന്ന് അനാവശ്യ മരുന്നുപ്രയോഗവും പണനഷ്ടവും ഒഴിവാക്കാം.   കൂടാതെ വിര ഏതുതരത്തില്‍പ്പെട്ടതാണെന്നു മനസ്സിലാക്കി യോജിച്ച ചികിത്സാരീതി അനുവര്‍ത്തിക്കാം. കാരണം പലതരം വിരകള്‍ക്കും മരുന്നും വ്യത്യസ്തമാകും. കാടടച്ചുള്ള, കണ്ണടച്ചുള്ള പ്രയോഗം വേണ്ടെന്നര്‍ഥം.

ഒരുപ്രാവശ്യം ഡോക്ടറുടെ കൈയില്‍നിന്നു കിട്ടിയ കുറിപ്പനുസരിച്ച് പിന്നീട് ദീര്‍ഘകാലം ആ മരുന്നു മാത്രം തുടര്‍ച്ചയായി ഉപയോഗിക്കുന്നതും വിരമരുന്ന് പ്രതിരോധത്തിന് കാരണമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് മാറ്റി ഉപയോഗിക്കാം. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മറ്റും പുതിയ പശുക്കളെയും ആടുകളെയും കൊണ്ടുവരുമ്പോള്‍  രണ്ടോ മൂന്നോ മരുന്നുകളുടെ ഒരുമിച്ചുള്ള പ്രയോഗം വേണ്ടിവരും. ഈ പുത്തന്‍ അതിഥികളെ  ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രം പുറമെ മേയ്ക്കാന്‍ വിടാറുള്ളൂ.  വിരബാധ കൂടുതലായി കാണുന്ന സമയത്തോ  അതിനു തൊട്ടുമുമ്പോ  വിരയിളക്കുന്നത് നല്ലതാണ്.  കറവപ്പശുക്കള്‍ക്ക് പ്രസവത്തിനുമുമ്പ് എട്ടുമാസം ഗര്‍ഭമുള്ളപ്പോഴും പ്രസവശേഷം  10ാം ദിവസവും വിരമരുന്ന് നല്‍കുന്നത് പാലുല്‍പ്പാദനം കൂട്ടുന്നു. പക്ഷേ ഗര്‍ഭകാലത്ത് ചില പ്രത്യേക ഇനം മരുന്നുകള്‍ (ഫെന്‍ബെന്‍ഡസോള്‍) മാത്രമേ ഉപയോഗിക്കാവൂ. അത് ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച്  നല്‍കുക.  പ്രസവത്തോടനുബന്ധിച്ച്  വിരബാധ കൂടുകയും  ചാണകത്തില്‍ വിരമുട്ടകള്‍ കാണപ്പെടുകയും ചെയ്യുന്നു. ഇത് തടയാനും രോഗസംക്രമണം തടയാനും മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.

വിരമരുന്നു കൊടുക്കേണ്ട സമയം, കൊടുക്കേണ്ട മരുന്നിന്റെ ഇനം എന്നിവയോടൊപ്പം പ്രധാനമാണ് നല്‍കുന്ന അളവും. കന്നുകാലികളുടെ ശരീര തൂക്കത്തിനനുസരിച്ചാണ്  അളവ് തീരുമാനിക്കുന്നത്. കുറഞ്ഞ അളവില്‍ മരുന്നു നല്‍കുന്നത് വിരമരുന്ന് പ്രതിരോധത്തിന്  കാരണമാകുമെന്നതിനാല്‍  കൃത്യ അളവില്‍ മരുന്ന് കുറിച്ചുവാങ്ങാന്‍ ആവശ്യപ്പെടുക.
ബാക്ടീരിയകളും വിരകളും അശാസ്ത്രീയ ആന്റിബയോട്ടിക് വിരമരുന്നു പ്രയോഗംകാരണം  പ്രതിരോധശേഷി  കൈവരിക്കുന്നത്  ഏറെ ഗൌരവമേറിയ  പ്രശ്നമാണ്.  മനുഷ്യരിലും കന്നുകാലികളിലും ഭാവിയില്‍ മരുന്നുകളുടെ ഫലപ്രാപ്തി കുറയാന്‍ ഇത് ഇടയാക്കും. പ്രത്യേകിച്ച്  വിരമരുന്നുകളുടെ കാര്യത്തില്‍ പുതിയ പുതിയ  മരുന്നുകള്‍ക്കുവേണ്ടിയുള്ള ഗവേഷണശ്രമങ്ങളും കുറവാണെന്നുകൂടി ഓര്‍മിക്കുക. അതിനാല്‍ ഇപ്പോള്‍ ലഭ്യമായ മരുന്നുകളുടെഉചിതമായ പ്രയോഗംതന്നെ ഏറെ പ്രധാനം.
(മണ്ണുത്തി വെറ്ററിനറി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍) റൃമെയശിഹുാ@്യമവീീ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top