20 April Saturday

കുംഭച്ചേന കുടത്തോളമാക്കാം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Feb 18, 2016

'കുംഭച്ചേന കുടത്തോളം' എന്ന പഴമൊഴി നമുക്കും അന്വര്‍ഥമാക്കാം. രാസപ്രയോഗമൊന്നും ഇല്ലാത്ത 'ജൈവമുറയില്‍' കൃഷിചെയ്തിരുന്ന കാരണവന്മാരുടെ പഴമൊഴി നമുക്ക് പ്രായോഗികമാക്കാന്‍ സാധിക്കണം. അതുകൊണ്ട് കുംഭമാസംതന്നെ (ഫെബ്രുവരി–മാര്‍ച്ച്) ചേനക്കൃഷിക്ക് കര്‍ഷകര്‍ക്ക് സന്നദ്ധമാകാവുന്നതാണ്.

എങ്ങിനെയാണ് ജൈവ ചേനക്കൃഷി:

വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. ഇളകിയതും മണ്ണില്‍ വായുസഞ്ചാരം കൂടുതല്‍ ലഭ്യമാകാന്‍ സാഹചര്യവുമുള്ള വളക്കൂറുള്ള മണ്ണ് തെരഞ്ഞെടുക്കുക. തനിവിളയായും തെങ്ങിന്‍തോപ്പിലും മറ്റും ഇടവിളയായും കൃഷിചെയ്യാം.

നിലമൊരുക്കല്‍:
കൃഷിയിടം കിളച്ച് കളകള്‍ നീക്കംചെയ്യുക. ഇവിടെ വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 90 സെ. മീ. അകലം ഉണ്ടാകത്തക്കവിധം കുഴികള്‍ എടുക്കണം. കുഴികളുടെ വലുപ്പം 60 സെ.മീ. നീളവും വീതിയും 45 സെ. മീ. താഴ്ചയും വേണം. ഇതില്‍ 2.5 കി.ഗ്രാം കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ രണ്ടു കി.ഗ്രാം ചാരം എന്നിവ മേല്‍മണ്ണുമായി കലര്‍ത്തി കുഴിനിറയ്ക്കുക. കാലിവളത്തോടൊപ്പം 'ട്രൈക്കോഡര്‍മ' ചേര്‍ത്ത് രോഗപ്രതിരോധശേഷി ഉണ്ടാക്കാം. (ട്രൈക്കോഡര്‍മ മാര്‍ക്കറ്റില്‍ കിട്ടും. നനവുള്ള കാലിവളവുമായി യോജിപ്പിച്ച് ഒരാഴ്ച വച്ചശേഷം വളത്തില്‍ കുമിള്‍ വ്യാപിച്ചിരിക്കും. ഇത് കുമിള്‍രോഗത്തെ തടയും).

നടീല്‍വസ്തു:

ചേനവിത്ത് അതിന്റെ കിഴങ്ങുതന്നെയാണല്ലോ. പഴയ നാടന്‍ ഇനങ്ങള്‍ അപൂര്‍വമായി മാത്രമേയുള്ളു. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച വിവിധ ചേനയുണ്ട്. ഗജേന്ദ്ര, ശ്രീപത്മ, ശ്രീ ആതിര. ഇതില്‍ ശ്രീപത്മ ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്.
വിത്തുചേനയ്ക്ക് ഒരുകി.ഗ്രാം തൂക്കം വേണം, മുളയുടെ ഭാഗംകൂടി ഉള്‍പ്പെടണം. മുളഭാഗം ഉള്‍പ്പെടുത്തി കഷണങ്ങളായി മുറിച്ചുനടുന്ന രീതിയുണ്ട്് എന്നാല്‍ ഫലംചെയ്യുക മുള മുഴുവന്‍ കിട്ടത്തക്കവിധം നടുന്നതിലാണ്.

വിത്ത്: കുമിള്‍ബാധയില്ലാതാക്കാന്‍ 20 ഗ്രാം സ്യൂഡോമോണസ്ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 1/2 മണിക്കൂര്‍ മുക്കിയശേഷം തണലത്തുണക്കി നടാം. കൂടാതെ മഞ്ഞള്‍പ്പൊടിയും കറിയുപ്പും ചേര്‍ത്ത ലായനിയില്‍ മുക്കി ഉണക്കി നടുന്ന രീതിയും ചിലര്‍ അനുവര്‍ത്തിക്കാറുണ്ട്. ഏതും സ്വീകരിക്കാം. മിലിമൂട്ടയുടെ ഉപദ്രവും ഇതുവഴി കുറയ്ക്കാം.
കുഴിയുടെ നടുവില്‍ ചെറിയ കുഴി കൊത്തി അതില്‍ വിത്തു നട്ട് മണ്ണിട്ടുമൂടി ചെറുതായി അമര്‍ത്തുക. കുഴിയില്‍ ഉണക്കക്കരിയിലയും പാഴ്വസ്തുക്കളും ഉപയോഗിച്ച് പുതയിടണം. സാധ്യമെങ്കില്‍ ഇടയ്ക്ക് നനച്ചുകൊടുക്കാം.

തുടര്‍പരിചരണം: മഴയുടെ ആരംഭത്തോടെ (ഇടമഴ ലഭിക്കുമ്പോള്‍) മേല്‍വളം ചേര്‍ക്കണം. കമ്പോസ്റ്റ് – കാലിവളം –  കോഴിവളം – പച്ചില വളതൂപ്പുകള്‍ തുടങ്ങിയവയൊക്കെ ഇടയ്ക്ക് ചേര്‍ത്തുകൊടുക്കണം. കടലപ്പിണ്ണാക്ക് പൊടിച്ചുചേര്‍ക്കാം. ചേനയുടെ വേരുകള്‍ മേല്‍മണ്ണ് ഭാഗത്താണ്. അവയ്ക്ക് ക്ഷതമില്ലാതെ ചേര്‍ത്ത് മണ്ണ് മൂടിക്കൊടുക്കണം. തനിവിള ചെയ്യുമ്പോള്‍ ഇടയില്‍ പയര്‍ വിതച്ചാല്‍ അവ വളരുന്ന സമയത്ത് പിഴുത് ചേനയുടെ ചുവട്ടിലിട്ട് മണ്ണിട്ടുമൂടുന്നത് ഏറ്റവും നല്ല രീതിയാണ്. ഇടയ്ക്ക് വളം ചേര്‍ക്കല്‍ ആവര്‍ത്തിക്കുക.

തണ്ടും മണ്ണും ചേരുന്ന ഭാഗത്ത് അഴുകുന്ന രോഗം ചേനയ്ക്കുണ്ടാകാറുണ്ട്. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ചുവട്ടില്‍ തണ്ടോടുചേരുന്ന മണ്ണിലും തണ്ടിലും ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. 8–9 മാസമാവുമ്പോഴേക്കും വിളവെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top