27 April Saturday

കാബേജ്, കോളിഫ്ളവര്‍ കീടരോഗം തടയാം

എം കെ പി മാവിലായിUpdated: Thursday Feb 18, 2016

കാബേജ്, കോളിഫ്ളവര്‍ ഇന്ന് സംസ്ഥാനത്താകെ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. നല്ലരീതിയില്‍ ഇവ വളര്‍ന്നുവരുന്നതോടെ രോഗ–കീട ബാധകളുടെ കടന്നാക്രമണം പലര്‍ക്കും നിരാശപ്പെടുത്തുന്ന അനുഭവങ്ങളാണ്. ഇവയെ നിയന്ത്രണവിധേയമാക്കാന്‍ നടത്തേണ്ട പ്രതിരോധ, പ്രതിവിധി മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഇലതീനിപ്പുഴുക്കള്‍, ഡയമണ്ട് ബ്ളാക്ക് മോത്ത് എന്നിവയാണ് പ്രധാന കീടബാധകള്‍. ചെടികളെ രാവിലെയും വൈകുന്നേരവും  പരിശോധിക്കണം. പകല്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രിയാണ് ഇലകള്‍ തിന്നുനശിപ്പിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്തി നശിപ്പിക്കണം. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി, സോപ്പ്, വേപ്പെണ്ണ ലായനി രണ്ടാഴ്ചത്തെ ഇടവേളയില്‍ തളിച്ചുകൊടുക്കണം.

കാബേജ്, കോളിഫ്ളവര്‍ എന്നിവയിലെ തലഭാഗങ്ങളില്‍ കറുപ്പുനിറം വ്യാപിക്കുകയും ക്രമേണ ഉള്ളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് കറുത്ത അഴുകല്‍ രോഗത്തിന്റെ ലക്ഷണം. വിത്ത് നടുന്നതിനു മുമ്പുതന്നെ ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ വേണം. വിത്ത് ചൂടുവെള്ളത്തില്‍ (50 ഡിഗ്രി) അരമണിക്കൂര്‍ ഇട്ടശേഷം നടുന്നതും, സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ടുവച്ചശേഷം നടുന്നതും ഈ രോഗം വരാതിരിക്കാന്‍ സഹായിക്കും. മണ്ണില്‍ ഒരു സെന്റിന് രണ്ടര കി.ഗ്രാം എന്ന നിലയില്‍ കുമ്മായം ചേര്‍ക്കുന്നതും രോഗപ്രതിരോധശേഷി ഉണ്ടാക്കും. സ്യൂഡോമോണസ് ഒരു കി.ഗ്രാം 20 കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയുമായി ചേര്‍ത്തശേഷം മണ്ണില്‍ ഇട്ടുകൊടുക്കുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

മണ്ണില്‍ പൊട്ടാഷിന്റെ കുറവ് രോഗം വിളിച്ചുവരുത്തും. അതിനാല്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പൊട്ടാഷ് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. നട്ടതൈകള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് എന്ന അളവില്‍ ചേര്‍ത്ത ലായനി തളിച്ചുകൊടുക്കുന്നതും നല്ലതാണ്.
കോളിഫ്ളവറിന്റെ പൂവ് (കര്‍ഡ്) കറുത്തനിറത്തിലാവുന്നതും അഴുകുന്നതും വലിയ ശല്യമായി കാണുന്നുണ്ട്. അഴുകല്‍ കൂടുമ്പോള്‍ ദുര്‍ഗന്ധവും ഉണ്ടാവും. കാബേജിന്റെ ഇലയില്‍ നിറവ്യത്യാസങ്ങള്‍ ഉണ്ടാവുകയും അവ കൂടിച്ചേര്‍ന്നു കരിയുകയും അഴുകുകയും ചെയ്യാറുണ്ട്്. ഇതിനെല്ലാം പ്രതിരോധമായും പ്രതിവിധിയായും ഇനി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുമ്പ് സൂചിപ്പിച്ചപോലെ വിത്ത് പരിചരണം നടത്തുക. മണ്ണില്‍ കുമ്മായപ്രയോഗം നടത്തുക. സ്യൂഡോമോണസ് ചാണകപ്പൊടി മിശ്രം മണ്ണില്‍ ഇട്ടുകൊടുക്കുക, പൊട്ടാഷ് ലഭ്യമാക്കുക, സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കുക. (ലേഖകന്‍ വയനാട് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍ സീനിയര്‍ അഗ്രി. കണ്‍സള്‍ട്ടന്റാണ്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top