27 April Saturday

ഏഴു പതിറ്റാണ്ടിന്റെ കാർഷിക അനുഭവങ്ങളുമായി...

രവീന്ദ്രൻ തൊടീക്കളംUpdated: Thursday Jan 17, 2019


എഴുപതാം വയസിലും മണ്ണിൽ  പൊന്നു വിളയിക്കുകയാണ്‌ ഈ കർഷകൻ.  മൺമറഞ്ഞ അച്ഛൻ ഗോവിന്ദൻ നമ്പ്യാരുമൊത്ത് പത്താംവയസ്സിൽ തുടങ്ങിയ കാർഷികോപാസന ഏഴുപതിറ്റാണ്ട് കഴിയുമ്പോഴും തളരാതെ തുടരുകയാണ് കണ്ണൂർ മട്ടന്നൂർ പഴശ്ശി പ്രജിന നിവാസിൽ കൊക്കൊടൻ ഗംഗാധരൻനമ്പ്യാർ.

പൈതൃകമായി ലഭിച്ചതുൾപ്പെടെ സ്വന്തം കൈവശഭൂമിയായ പത്തേക്കറും കുടുംബാംഗങ്ങളുടെ കൈവശത്തിലുള്ള പത്തേക്കറും ഉൾപ്പെടെ 20 ഏക്കർ കൃഷിയിടം പരിപാലിക്കുന്നത് ഇദ്ദേഹമാണ്. ഭക്ഷ്യവിളകൾക്കാണ് പ്രാമുഖ്യം. കാർഷിക വിളകൾക്ക് ജലസേചനത്തിനായി മൂന്ന് ചെറു ജലസേചനകുളങ്ങളും രണ്ടു പമ്പുസെറ്റുമുണ്ട്. നിലമുഴാൻ ടില്ലർ, സ‌്പ്രേയർ തുടങ്ങിയവയുമുണ്ട‌്.

ആറു പശുക്കളെ പോറ്റിയിരുന്നു. തീറ്റക്ഷാമംമൂലം ഇപ്പോൾ മൂന്നെണ്ണംമാത്രം. ഒന്ന് കറവയുള്ളത്. പാൽ ഉരുവച്ചാൽ ക്ഷീരോൽപ്പാദകസംഘത്തിലേക്ക്. ഒരേക്കർ സ്ഥലം പശുക്കൾക്ക് മേയാൻമാത്രം ഒഴിച്ചിട്ടിട്ടുണ്ട‌്. കുറച്ച് മുമ്പുവരെ 200 മുട്ടക്കോഴികളെയും 250 കാടകളെയും വളർത്തിയിരുന്നു. കീരിശല്യം രൂക്ഷമായപ്പോൾ നിർത്തി.

ഒന്നര ഏക്കറിലാണ് നെൽക്കൃഷി. മെച്ചപ്പെട്ട ഉൽപ്പാദനം ലഭിക്കുന്നു. വിവിധയിനത്തിലും ഘട്ടത്തിലുമുള്ള അഞ്ഞൂറോളം തെങ്ങുകളാണ് പരിപാലിക്കുന്നത്. തേങ്ങ കൊപ്രയാക്കി വിപണനം നടത്തുന്നു. ആയിരത്തഞ്ഞൂറോളം കവുങ്ങുകൾ. ഉൽപ്പന്നങ്ങൾ കൊട്ടടക്കയാക്കി വിൽക്കുന്നു. 250 കുരുമുളകുവള്ളികൾ–- കരിങ്കോട്ട, കല്ലുവള്ളി ഉൾപ്പെടെ വിവിധ പന്നിയൂർ ഇനങ്ങൾ. വിലക്കുറവ് കാരണം മൂന്നുവർഷത്തെ ഉൽപ്പന്നം സ്റ്റോക്കുതന്നെ. 1500 നേന്ത്രവാഴകൾ–- ഒട്ടുമിക്കതും കുലച്ചത്. സമീകൃത വളപ്രയോഗത്തിലൂടെ നല്ല വിളവുതന്നെ. പൂവൻ, ഞാലിപ്പൂവൻ, പാളയൻകോടൻ, റോബസ്റ്റ തുടങ്ങിയ വാഴയിനങ്ങൾ അങ്ങിങ്ങായി കാണാം. പ്ലാവും പേരയും മാവും പപ്പായയുമെല്ലാം കായ്ച്ചത്.

ഇഞ്ചിയും മഞ്ഞളും വീട്ടാവശ്യത്തിനുമാത്രം. അഞ്ചു ഗണപതിനാരക ചെടികളിലെ നാരങ്ങ വിൽപ്പനയ‌്ക്കുതന്നെ. പച്ചക്കറിക്കൃഷിയിടത്തിൽ ചീരയും പയറും പാവലും വെണ്ടയും വെള്ളരിയും കുമ്പളവും മുളകും കക്കിരിയും കാന്താരിയും  ചേമ്പും ചേനയും... അങ്ങനെ നീങ്ങുന്നു പട്ടിക.

മറ്റൊരു പ്രധാന കൃഷി മരച്ചീനിയാണ്. ഒന്നര ഏക്കറിലാണ് മരച്ചീനിക്കൃഷി. ടൺകണക്കിനായ ഉൽപ്പാദനം ഇതുവഴി ലഭിക്കുന്നു. ക്വിന്റലിന് 2000 രൂപ ക്രമത്തിലാണ് വിൽപ്പന. നല്ല വരുമാനം ഇതുവഴി ലഭിക്കുന്നുണ്ട‌്. മുള്ളൻപന്നി ശല്യം രൂക്ഷമായതിനാൽ മരച്ചീനിക്കൃഷി ആരംഭിച്ചതുമുതൽ വർഷങ്ങളായി  കൃഷിയിടത്തിൽത്തന്നെയാണ് അന്തിയുറക്കം. താൽക്കാലികമായി തയ്യാറാക്കിയ കട്ടിലിൽ അങ്ങനെ ഉറങ്ങുമ്പോൾ ഒരുദിവസം കുറുക്കൻ കടിച്ചതായും ചികിത്സ തേടിയതായും ഇദ്ദേഹം പറയുന്നു. കൊപ്രക്കളത്തിൽ കാവൽ കിടന്നപ്പോൾ കുറുക്കൻ പുതപ്പ് കടിച്ചുകൊണ്ടുപോയ കഥ വേറെ.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൃഷിയിടത്തിൽ പാടുപെടുന്ന ഗംഗാധരൻനമ്പ്യാർക്ക് കൂട്ടായി ഭാര്യ ലക്ഷ്മിയും മകൻ പ്രമോദും സദാ കൂടെയുണ്ട്. ഒപ്പം ജോലിക്കാരൻ രവീന്ദ്രനും. മക്കളിൽ പ്രജിത‌് സൈന്യത്തിലാണ്‌. കുടുംബിനിയായ പ്രജിന ടീച്ചർ സമീപത്തുള്ള വീട്ടിലും താമസിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top