കാലവര്‍ഷം ആരംഭിക്കുന്നതോടെ പുതുതായി കൃഷിയിറക്കുന്നതിനുവേണ്ടി  വിത്തുകള്‍ക്കും തൈകള്‍ക്കുമായി അന്വേഷിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.  സര്‍ക്കാര്‍ ഫാം, അംഗീകൃത നേഴ്സറികള്‍ എന്നിവിടങ്ങളില്‍നിന്നാണ് പലരും  വാങ്ങുക. എന്നാല്‍ ഇത് പരിമിതമായതിനാല്‍ സ്വകാര്യ നേഴ്സറികളില്‍നിന്നും  വാങ്ങാറുണ്ട്. ഇങ്ങിനെ വാങ്ങുന്ന നടീല്‍വസ്തുക്കള്‍ ഗുണനിലവാരം  പുലര്‍ത്തുന്നതാണോ എന്ന് ഉറപ്പുവരുത്തണം. വിത്തുകളിലെ പോരായ്മ വിളവിനെ  ബാധിക്കാറുണ്ട്'വിത്തുഗുണം പത്തുഗുണം' വിത്തില്‍ പിഴച്ചില്‍ എല്ലാം  പിഴച്ചു തുടങ്ങിയ ചൊല്ലുകള്‍ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട ചില വിളകളുടെ  വിത്ത്/തൈകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍  സൂചിപ്പിക്കുന്നു.  
തെങ്ങ്
നേഴ്സറികളില്‍ നേരിട്ടുചെന്ന് ഗുണം ഉറപ്പുവരുത്തണം. 9–12 മാസംവരെ  പ്രായമുള്ള തൈകളാണ് വാങ്ങേണ്ടത്. ഇവയ്ക്ക് 6–8  ഓലവരെ വേണം. ഒമ്പതു മാസമായ  തൈകള്‍ക്ക് നാല് ഓലയെങ്കിലും ഉണ്ടാവണം. കണ്ണാടിഭാഗത്തിന് (മുളച്ചുവരുന്ന  ഭാഗത്തിന്) 10–12 സെ. മീ. കനം വേണം. ഓലക്കാലുകള്‍ വിരിഞ്ഞതായാല്‍ ഏറ്റവും  നന്ന്. നേഴ്സറിയില്‍ നോക്കി നേരത്തെ മുളച്ചവ എടുക്കണം. രോഗ–കീട ബാധ  ഉണ്ടാവരുത്. തേങ്ങയുടെ സൈഡ് ഭാഗത്ത് മുളയ്ക്കാതെ നേരെ മുകള്‍ഭാഗത്ത്  മുളച്ചുവളര്‍ന്നവ എടുക്കുക. 
 
കുരുമുളക്
വള്ളി മുറിച്ചുനട്ടും, കൂടതൈകളില്‍ മുളച്ചുവളര്‍ന്നതും ഉപയോഗിക്കാം.  മുറിച്ചുനടന്നവ കൊടിയുടെ ചുവട്ടില്‍നിന്നു മുളച്ചുവളര്‍ന്ന് നിലത്തു പടരാതെ  ഒരു കുറ്റിയില്‍ ചുറ്റി വളച്ചുവച്ചവയാകണം. ഇത്തരം വള്ളിത്തലകള്‍ 1/2  മീറ്റര്‍ നീളത്തില്‍ മുറിച്ചു നടാം. കൂടതൈകള്‍ വാങ്ങുമ്പോള്‍ ഗുണമേന്മയുള്ള  മാതൃവള്ളിയാണോ എന്നും, ഉദ്ദേശിച്ച ഇനംതന്നെയാണോ എന്നും ഉറപ്പാക്കുക.  കൂടുതല്‍ നാള്‍ വളര്‍ന്ന് നിലത്തുപടര്‍ന്നതോ, കൂട തുളച്ച് വേരുകള്‍  വെളിയില്‍ മണ്ണില്‍ പിടിച്ചവയോ ആകരുത്. രോഗകീടബാധ തീരെ ഉണ്ടാവരുത്. ഒരു  കൂടയില്‍ 2–3 ചുവടുകള്‍ മാത്രമുള്ളത് വാങ്ങുക.
കശുമാവ്
15–25 വര്‍ഷം പ്രായമുള്ള മാവില്‍നിന്നു ശേഖരിച്ചതാവണം വിത്ത്. ഇത്തരം  തോട്ടണ്ടിക്ക് 5–8 ഗ്രാം തൂക്കം വേണം. മാര്‍ച്ച്–ഏപ്രിലില്‍ ശേഖരിച്ച  തോട്ടണ്ടിയാവണം. 
ഗ്രാഫ്റ്റ് തൈകളാണെങ്കില്‍ ഉദ്ദേശിക്കുന്ന ഇനമാണോ എന്നു നോക്കുക.  ഗ്രാഫ്റ്റ്ചെയ്ത ഭാഗങ്ങളില്‍ പോറലോ യോജിപ്പില്ലായ്മയോ ഉണ്ടോ എന്നും  ശ്രദ്ധിക്കുക. ഗ്രാഫ്റ്റ് ചെയ്ത് 5–6 മാസം കഴിഞ്ഞേ വാങ്ങാവൂ.  ഒട്ടിച്ചതില്‍നിന്നു താഴെ ഭാഗത്തായി മുള വന്നവ വാങ്ങരുത്. 
വാഴ
മൂന്നോ നാലോ മാസം പ്രായമുള്ള ഇടത്തരം സൂചിക്കന്നുകള്‍ വാങ്ങണം. ഇവയുടെ  മാണത്തിന് 700 ഗ്രാം–1 കി.ഗ്രാം തൂക്കവും മാണഭാഗത്തിന് 35–45 സെ. മീറ്റര്‍  ചുറ്റളവും വേണം. ഉയരംകുറഞ്ഞ്, വീതികൂടിയ ഇലകളുള്ള കന്നുകള്‍ എടുക്കരുത്.  പൂവന്‍, മൈസൂര്‍ പൂവന്‍ തുടങ്ങിയവ ചുവടെയുള്ള ഭാഗത്ത് ക്ഷതമേല്‍ക്കാതെ  അടര്‍ത്തിയെടുത്തതാവണം. കീടരോഗബാധ ഉള്ളതാവരുത്. ഇലകള്‍ രണ്ടടി ശേഷിച്ച്  മുറിച്ചുനീക്കിയശേഷം നടാം. 
മരച്ചീനി
വിളവെടുത്തശേഷം തണലിലും കുത്തനെയും സൂക്ഷിച്ചതാവണം. കീടബാധ ഇല്ലെന്ന്  ഉറപ്പുവരുത്തണം. വിത്തു കമ്പിന്റെ തലപ്പുഭാഗത്തുനിന്ന് 30 സെ. മീറ്ററും  കടഭാഗത്തുനിന്ന് 10 സെ. മീറ്ററും ഒഴിവാക്കി അവശേഷിക്കുന്ന കമ്പ് 15–20 സെ.  മീ. നീളമുള്ള കഷണങ്ങളായി മുറിച്ചതാവണം.  
പച്ചക്കറി
പരമാവധി സര്‍ക്കാര്‍ സ്ഥാപനം, അംഗീകൃത നേഴ്സറികള്‍ എന്നിവിടങ്ങളില്‍നിന്നു  വാങ്ങുക. പഴയതും രോഗമോ കീടമോ ഉള്ളതുമാവരുത്. ചെറിയ കപ്പിലോ പ്രോ ട്രേകളിലോ  നട്ടുവളര്‍ത്തിയ തൈകളും വാങ്ങാം. ഇത്തരം തൈകള്‍ക്ക് നല്ല കരുത്തും നേരെ  എഴുന്നുനില്‍ക്കുന്നതുമാവണം. വിത്തുകളുടെ കാര്യത്തില്‍ അങ്കുരണശേഷി  ഉണ്ടെന്ന് ഉറപ്പാക്കണം.
മാവ്–പ്ളാവ് ഗ്രാഫ്റ്റ് തൈകള്‍ ഒട്ടിച്ച തൈകള്‍ വാങ്ങുമ്പോള്‍  ഉദ്ദേശിച്ച ഇനംതന്നെയാണോ എന്ന് ഉറപ്പാക്കുക. ഒട്ടിച്ച ഭാഗം സൂക്ഷ്മമായി  നോക്കി ക്ഷതമോ, ഒട്ടിച്ചേരാത്ത അവസ്ഥയോ ഉണ്ടോ എന്ന് പരിശോധിക്കണം.  കൂടകളില്‍നിന്ന് ഇളകിയതോ വാടിയതോ കീടരോഗം ഉള്ളതോ ആകരുത്. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..