26 April Friday

'മണ്ണുത്തി വൈറ്റ്' സങ്കരയിനം പന്നി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2017

 വിദേശയിനവും നാടനും തമ്മില്‍ ദ്വിതല ബീജസങ്കലനത്തിലൂടെ കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസൃതമായി പുതിയ സങ്കരയിനം പന്നിയെ 'മണ്ണുത്തി വൈറ്റ്'  വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചെടുത്തു. അത്യുല്‍പ്പാദനശേഷിയും വളര്‍ച്ചാശേഷിക്കുമൊപ്പം കൊഴുപ്പു കുറവായ ഈ ഇനം, കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുകയാണ്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം  ഈ നൂതനയിനത്തിന് ആവശ്യകത ഏറുകയാണ്.

മണ്ണുത്തി വൈറ്റ് സങ്കരയിനം പന്നിയില്‍ 75 ശതമാനം വിദേശ ജനുസ്സായ  ലാര്‍ജ് വൈറ്റ്  25 ശതമാനം  കേരളത്തിന്റെ തനത് ജനുസ്സായ പന്നിയുടെ ജനിതകമേന്മയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തനത് ജനുസ്സ് പെണ്‍പന്നിയും ലാര്‍ജ്വൈറ്റുമായി ഇണചേര്‍ത്തുണ്ടാവുന്ന കുട്ടികളിലെ പെണ്‍പന്നിയെ ലാര്‍ജ് വൈറ്റ് ആണ്‍പന്നിയുമായി വീണ്ടും ഇണചേര്‍ത്തു ലഭിക്കുന്ന കുഞ്ഞുങ്ങളെയാണ് മണ്ണുത്തി വൈറ്റ് എന്ന പേരില്‍ പുറത്തിറക്കിയത്.

വെള്ളനിറത്തില്‍ കറുത്ത പുള്ളികളോടുകൂടിയുള്ളവയാണിവ. ഒരു പ്രസവത്തില്‍ ശരാശരി 10 പന്നിക്കുഞ്ഞുങ്ങള്‍വരെ ഉണ്ടാകും. തീറ്റപരിവര്‍ത്തനശേഷി നാലോളമുണ്ട്. 300 ദിവസത്തിനകം 100 കിലോയോളം തൂക്കംവരും. തൊലി കനംകുറവായതിനാല്‍ 70 ശതമാനത്തോളം  ഇറച്ചി ലഭിക്കും. 

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ സഹായത്തോടെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ മണ്ണുത്തി പന്നി ഉല്‍പ്പാദനഗേവഷണ കേന്ദ്രത്തിലാണ് പുതിയ ഇനം വികസിപ്പിച്ചത്. ഗവേഷണകേന്ദ്രം മേധാവി ഡോ. എ പി ഉഷയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണ ഫലമായാണ് സങ്കരയിനം പന്നിക്കുഞ്ഞുങ്ങളെ ഉരുത്തിരിച്ചത്. 

കഴിഞ്ഞ മാസമാണ് ഈ ഇനത്തെ പുറത്തിറക്കിയത്. കര്‍ഷകര്‍ക്ക് വന്‍ ഡിമാന്‍ഡ് ആയതോടെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞിന് കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വില. കുഞ്ഞിന് ഏകദേശം 10 കിലോയാളം തൂക്കംവരും. 

കറുത്ത പന്നികളെ വളര്‍ത്താന്‍ ചില കര്‍ഷകര്‍ക്ക് മടിയാണ്. അതിന്റെ ഇറച്ചിക്കും താല്‍പ്പര്യക്കുറവുള്ളവരുണ്ട്. വിദേശയിനം പന്നികള്‍ക്ക് കേരളത്തിന്റെ കാലാവസ്ഥയും അനുയോജ്യമല്ല. അതിനാലാണ് വിദേശിയും നാടനും സംയോജിപ്പിച്ച് പുതിയ ഇനം വികസിപ്പിച്ചത്.മണ്ണുത്തിയില്‍ ജൈവഭക്ഷണം കഴിച്ച് വളര്‍ന്ന ഇവയ്ക്ക് കേരളത്തിലെ സാഹചര്യം അനുകൂലമാണെന്നു തെളിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top