26 April Friday

റബറിന് മഴക്കാല സംരക്ഷണം

കെ കെ ബെന്നിUpdated: Thursday Jun 15, 2017

ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ റബ്ബറില്‍  കുമിള്‍രോഗങ്ങള്‍ കൂടുതലായി പരക്കുന്നതുകൊണ്ട് റബ്ബറിനും മഴക്കാലം രോഗങ്ങളുടെ കാലമാണ്. ഇതില്‍ പല രോഗങ്ങളും റബറിന്റെ വളര്‍ച്ചയെയും ഉല്‍പ്പാദനത്തെയും സാരമായി ബാധിക്കുന്നവയാണ്.

അകാലിക ഇലകൊഴിച്ചില്‍
ജൂണ്‍ജൂലൈയില്‍ ഉണ്ടാകുന്ന ഇലകൊഴിച്ചില്‍ കുമിള്‍രോഗംമൂലമാണ്. കായ്കളെയാണ് രോഗം ആദ്യം ബാധിക്കുന്നത്. തുടര്‍ന്ന് ഇലകളെ ബാധിച്ച് അവ പച്ചയായോ പഴുത്തു ചെമ്പുനിറമായോ കൊഴിയുന്നു. കൊഴിയുന്ന ഇലകളുടെ തണ്ടില്‍ കറുത്തപാടും അതിനു നടുവില്‍ ഒരു ചെറുതുള്ളി റബര്‍പാല്‍ കട്ടപിടിച്ച് പൊട്ടുപോലെയും കാണപ്പെടും. ഒരുശതമാനം വീര്യമുള്ള  ബോര്‍ഡോ മിശ്രമോ അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ളോറൈഡ് സ്പ്രേ ഓയിലില്‍ കലര്‍ത്തിയതോ ( 1:5 എന്ന അനുപാതത്തില്‍) തളിച്ച് രോഗം വരുന്നതു തടയാം.

കൂമ്പുചീയല്‍

ചെറുതൈകളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ഇളം കൂമ്പുകളും തളിരിലകളും അഴുകിപ്പോകുന്നു. തുടക്കത്തില്‍ത്തന്നെ നിയന്ത്രിച്ചില്ലെങ്കില്‍  തണ്ടിലേക്കും രോഗം വ്യാപിച്ച് വളര്‍ച്ച മുരടിക്കുന്നതിനും അങ്ങനെ അപക്വകാലഘട്ടം കൂടുന്നതിനും ഇടയാകും. ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രമോ കോപ്പര്‍ ഓക്സിക്ളോറൈഡ് 0.125 ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ കലര്‍ത്തിയതോ (വിപണിയില്‍ 50 ശതമാനം വീര്യത്തില്‍ കിട്ടുന്ന കുമിള്‍നാശിനി, രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍) തളിച്ച് ഈ രോഗം നിയന്ത്രിക്കാം. മഴക്കാലത്ത്, ഇടയ്ക്ക് വെയില്‍ കിട്ടുമ്പോള്‍ മരുന്നടിക്കണം. തളിരിലകളില്‍ മുകളിലും താഴേയും നന്നായി പറ്റിപ്പിടിക്കത്തക്കവിധം വേണം മരുന്നു തളിക്കാന്‍. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന എതെങ്കിലും പശകൂടി മരുന്നില്‍ ചേര്‍ത്തു തളിക്കുന്നത് ഇലകളില്‍ നന്നായി പറ്റിപ്പിടിക്കുന്നതിന് സഹായിക്കും.

ചീക്ക് അഥവാ പിങ്ക്രോഗം
തായ്തടി, ശിഖരങ്ങള്‍, കവര ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പട്ടയെ ബാധിക്കുന്ന രോഗമാണിത്. തുടക്കത്തില്‍ വെളുത്ത പൂപ്പല്‍പോലെ കാണപ്പെടുകയും തുടര്‍ന്ന് ഈ ഭാഗത്ത് റബര്‍പാല്‍ പൊട്ടി ഒലിക്കുകയും ചെയ്യും. പൂപ്പല്‍ ക്രമേണ പിങ്ക്നിറമാകുന്നു. പട്ട ചീഞ്ഞുപോകുന്നതുമൂലം രോഗംബാധിച്ച ഭാഗത്തിന് മുകളിലുള്ള ഇലകളും തണ്ടുകളും ഉണങ്ങുന്നു. മരത്തില്‍ രോഗം വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം സ്പ്രേ ചെയ്യുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. രോഗംവന്ന മരങ്ങളില്‍ 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടി ഈ രോഗം നിയന്ത്രിക്കാം.

പട്ട ചീയല്‍:
ടാപ്പ്ചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില്‍ ഉണ്ടാകുന്ന കുമിള്‍രോഗമാണിത്. രോഗംമൂലം പട്ട ചീയുകയും പാല്‍ ഇല്ലാതാകുകയും ചെയ്യും. രോഗംബാധിച്ച‘ഭാഗം ചുരണ്ടിനോക്കിയാല്‍ തടിയില്‍ നെടുകെ കറുത്ത ചെറിയ വരകള്‍ കാണാം. മഴക്കാലത്ത് ടാപ്പ്ചെയ്യുമ്പോള്‍ ആഴ്ചയിലൊരിക്കല്‍ (ടാപ്പ്ചെയ്യുന്നതിന്റെ പിറ്റേന്ന്) വെട്ടുപട്ട 0.375 ശതമാനം വീര്യത്തില്‍ മാങ്കോസെബ് (വിപണിയില്‍ 75 ശതമാനം വീര്യത്തില്‍ കിട്ടുന്ന കുമിള്‍നാശിനി, അഞ്ചു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍)  ഉപയോഗിച്ചു കഴുകുന്നത് ഈ രോഗം വരാതിരിക്കാന്‍ സഹായിക്കും.

വിവരങ്ങള്‍ക്ക്: റബര്‍ബോര്‍ഡ് കോള്‍സെന്റര്‍: 04812576622


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top