01 October Saturday

കശുമാവിലെ തടതുരപ്പനെ നിയന്ത്രിക്കാം

രവീന്ദ്രന്‍ തൊടീക്കളംUpdated: Thursday Jan 14, 2016

കശുമാവിന്റെ പ്രധാന കീടമാണ് തടിതുരപ്പന്‍ വണ്ട്. പ്ളോസീഡെറസ് ഫെറുജിനിയസ് എന്ന ശാസ്ത്രനാമമുള്ള, കടും തവിട്ടുനിറമുള്ള വണ്ടാണ് ആക്രമണകാരി. 35 മി. മി.വരെ നീളം ഇതിനു കാണും. കശുമാവുതോട്ടത്തിലുള്ള ചെറിയ മരങ്ങളെയും വലിയ  മരങ്ങളെയും ഇത് ആക്രമിക്കുന്നു. പെണ്‍വണ്ട് മരത്തിനുചുവട്ടില്‍ മണ്ണില്‍ വേരോടടുപ്പിച്ചോ, മണ്ണിനുമുകളില്‍ പൊന്തിനില്‍ക്കുന്ന വേരുകളിലോ മുട്ടയിടുന്നു. നാലുമുതല്‍ ആറുവരെ ദിവസത്തിനകം മുട്ടകള്‍ വിരിഞ്ഞ് പുഴു തടിതുരന്ന് വേരിനുള്ളില്‍ എത്തുന്നു. മരത്തിനകത്തിരുന്ന് പുഴു മരത്തിന്റെ ഭാഗങ്ങള്‍ തിന്നുതീര്‍ക്കുന്നു. 6–7 മാസംവരെയാണ് പൂര്‍ണവളര്‍ച്ചയെത്തി വണ്ടാവാന്‍ എടുക്കുന്ന സമയം. ഒരു മരത്തില്‍ത്തന്നെ അനേകം പുഴുക്കളെ കാണാന്‍കഴിയും. പൂര്‍ണവളര്‍ച്ചയെത്തിയ പുഴുവിന് ഏഴു സെ. മീ. നീളം കാണും. വേരിനുള്ളിലാണ് സമാധിദശ.
തടിയുടെ താഴെയുണ്ടാവുന്ന ദ്വാരങ്ങളിലൂടെ പുഴുവിസര്‍ജ്യം കലര്‍ന്ന അവശിഷ്ടങ്ങളും പശപോലുള്ള ദ്രാവകവും പുറത്തേക്ക് തള്ളി വരുന്നു. ക്രമേണ മരത്തിന്റെ ഇലകള്‍ പഴുത്ത് ഉണങ്ങി കൊഴിയുന്നു. കൊമ്പുകള്‍ ഉണങ്ങി മരങ്ങള്‍ നശിക്കുന്നു.

നിയന്ത്രണമാര്‍ഗങ്ങള്‍

തോട്ടങ്ങള്‍ നിരന്തരം നിരീക്ഷണവിധേയമാക്കണം. ജനുവരിമുതല്‍ മേയ്വരെയാണ് സാധാരണ ഇവ മരത്തിനുള്ളില്‍ കടന്നുകയറുന്നത്. ആക്രമണലക്ഷണം കാണുകയാണെങ്കില്‍ പ്രസ്തുതഭാഗം ചെത്തിക്കളഞ്ഞ് 10 മി.ലി. ക്ളോര്‍പൈറിഫോസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെത്തിക്കളഞ്ഞ ഭാഗത്ത് തേച്ചുകൊടുക്കണം. ഈ ലായനി മണ്ണില്‍ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. തടിയില്‍ ഒന്നോ രണ്ടോ ദ്വാരങ്ങള്‍ തുരന്ന് വൃത്തിയാക്കി ക്ളോര്‍ പൈറിഫോസ് ലായനി ഒരു നാളംവഴി ഒഴിച്ചുകൊടുത്ത് ചളികൊണ്ട് ദ്വാരം അടച്ചുകൊടുക്കണം. 50 മി.ലി. വേപ്പെണ്ണ 15 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനിയും മേല്‍പ്പറഞ്ഞപ്രകാരം ഉപയോഗിക്കാം. തടിയുടെ ദ്വാരങ്ങളിലും വിള്ളലുകളിലും കുമ്മായം ചേര്‍ത്ത ലായനി തേച്ചുപിടിപ്പിക്കാവുന്നതാണ്. തടിതുരപ്പന്‍ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി നശിപ്പിക്കണം. ആക്രമണമേറ്റ് നശിച്ച മരം തോട്ടത്തില്‍നിന്നു വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കണം. തേയിലച്ചണ്ടിച്ചാരം അല്‍പ്പം ഉപ്പുചേര്‍ത്ത് ഒരു മരത്തിന് 15–20 കി.ഗ്രാം ജൂണ്‍–ജൂലൈയളില്‍ ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. ചളി കാര്‍ബറില്‍ മിശ്രിതം തടിയുടെ ചുവട്ടില്‍നിന്ന് ഒരുമീറ്റര്‍വരെ ഉയരത്തില്‍ നവംബര്‍–ഡിസംബറിലും മാര്‍ച്ച്–ഏപ്രിലിലും രണ്ടുതവണ തേച്ചുപിടിപ്പിക്കേണ്ടതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top