26 April Friday

നാട്ടുമാങ്ങയുടെ രുചി തേടി

ഡോ. എ ഗംഗാപ്രസാദ്‌, എം ആർ മനോജ്Updated: Sunday Feb 12, 2023


പഴങ്ങളിലെ രാജാവെന്ന്‌ പേരുള്ള മാമ്പഴം ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യ, ചൈന, ബർമ, ആൻഡമാൻ ദ്വീപുകളിലും മധ്യ അമേരിക്കയിലും കാണപ്പെടുന്ന  ഉഷ്ണമേഖലാ ഫലമാണ്. ഇന്ത്യയുടെ ദേശീയ ഫലമായ മാമ്പഴത്തിന്റെ ജന്മദേശം ഇന്തോ–-- മ്യാന്മർ മേഖലയാണ്. 4000 വർഷത്തിലേറെയായി ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട്‌.  ലോകത്ത് ആകെയുള്ള ഉൽപ്പാദനത്തിന്റെ 60 ശതമാനവും ഇന്ത്യയിൽനിന്നാണ്.

മാഞ്ചിഫെറ ഇൻഡിക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മാമ്പഴം നിരവധി ഉഷ്ണമേഖലാ ഫലവൃക്ഷങ്ങൾ ഉൾപ്പെടുന്ന അനക്കാഡിയേസി കുടുംബത്തിലെ അംഗമാണ്. പോഷകഗുണമുള്ള മാമ്പഴങ്ങൾ വലുപ്പം, ആകൃതി, നിറം, രുചി, ഘടന എന്നിവയിൽ  വൈവിധ്യം കാണിക്കുന്നു. കരോട്ടിനോയിഡുകളുടെ സാന്നിധ്യമാണ് ഇവയുടെ മഞ്ഞ, -ഓറഞ്ച് നിറത്തിന് കാരണം. പ്രീബയോട്ടിക് ഡയറ്ററി ഫൈബർ, വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പന്നമായ മാമ്പഴത്തിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ഫ്രൂട്ട് ഷുഗർ, ചെറിയ അളവിൽ പ്രോട്ടീനുകൾ, ഇരുമ്പ്, പോളിഫെനോളിക്, ഫ്ലേവനോയിഡ്, ആന്റി ഓക്സിഡന്റ്‌ സംയുക്തങ്ങൾ, കൊഴുപ്പുകൾ, മറ്റു പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഒട്ടുമിക്ക എല്ലാ ജനപ്രിയ ഭക്ഷണങ്ങളിലെയും പൊതുഘടകമായി മാറിയ മാമ്പഴത്തെ സൂപ്പർ ഫ്രൂട്ട്സ് എന്നും അറിയപ്പെടുന്നു.

വംശനാശ ഭീഷണി
ചരിത്രപരമായി പരമ്പരാഗത മാവിനങ്ങളുടെ സമൃദ്ധമായ നാടായിരുന്നു കേരളം. നൂറുകണക്കിന്‌  ഇനങ്ങൾ കേരളത്തിൽത്തന്നെ ഉണ്ടായിരുന്നു.  പ്രാദേശികജനത തങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കും മറ്റും ഇത്തരം നാടൻ മാവുകളെ പരിപാലിച്ചിരുന്നു. ഒരുകാലത്ത്‌  എല്ലാ വീട്ടുപറമ്പിലും കാണാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്നത്തെ  ഭൂവിനിയോഗരീതിയും ചുരുങ്ങുന്ന പുരയിടങ്ങളും കാരണം മാവ് കൃഷിയുടെ വിസ്തൃതി കുറഞ്ഞു. ഈ ഘടകങ്ങളെല്ലാം കാരണം സംസ്ഥാനത്തെ ഭൂരിഭാഗം പരമ്പരാഗത മാവിനങ്ങളും വംശനാശ ഭീഷണിയിലാണ്. നാട്ടുമാവുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്. ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ അതിവേഗം വിളവ് നൽകുന്ന സങ്കരയിനം മാവിനങ്ങൾ പ്രചാരത്തിലായതോടെ തനത് മാവിനങ്ങൾ ചുരുക്കം ചില വീട്ടുവളപ്പുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും മാത്രമായി ഒതുങ്ങി.  കാലക്രമേണ ഈ ഇനങ്ങൾ അപ്രത്യക്ഷമാകുകയാണ്‌.

തിരിച്ചുപിടിക്കാൻ
സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള നാടൻ നാവുകളെ കണ്ടെത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കേരള സർവകലാശാലാ കാര്യവട്ടം  കാമ്പസിലെ ജൈവവൈവിധ്യ സംരക്ഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഉടനീളം പഠനം നടത്തിവരികയാണ്. വിപുലമാണ്‌  ഡോക്കുമെന്റേഷനും സംരക്ഷണവുമാണ്‌ ലക്ഷ്യമിടുന്നത്‌.

കേരളത്തിലെ എല്ലാ ജില്ലയിലും കാണുന്ന  നാടൻ മാവിനങ്ങളെ കണ്ടെത്തി,  കർഷകരിൽനിന്നും പ്രാദേശിക ജനങ്ങളിൽനിന്നും ഇവയെക്കുറിച്ചുള്ള പരമ്പരാഗത അറിവുകളും അവയുടെ സ്വഭാവ സവിശേഷതകളും ശേഖരിക്കുകയും ഫലങ്ങളുടെ പോഷകഗുണങ്ങൾ ശാസ്ത്രീയമായ രീതികളിലൂടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ള എഴുപതോളം നാടൻ മാവിനങ്ങൾ ജൈവവൈവിധ്യ സംരക്ഷണകേന്ദ്രത്തിൽ സംരക്ഷിച്ചുവരുന്നു. അവയിൽ പ്രധാനപ്പെട്ട മാവിനങ്ങളാണ് കോട്ടുക്കോണം, കൽക്കണ്ടവരിക്ക, കിളിച്ചുണ്ടൻ, ചാമ്പവരിക്ക, താളി, കല്ലൻ വരിക്ക, വെള്ളരി, അഗാം, കെയു മാമ്പഴം, കർപ്പൂരം, മൂവാണ്ടൻ, തേന്മാവ്, കൈരളി, ചന്ദ്രക്കാരൻ, പുളിച്ചി, പോളച്ചിറ, കറുത്ത കപ്പ... തുടങ്ങിയവ.

ഗ്രാഫ്റ്റിങ്‌
മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളോടുംകൂടിയ തൈച്ചെടികൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള  ഫലപ്രദമായ  മാർഗമാണ് ഗ്രാഫ്റ്റിങ്‌. വിത്തിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന തൈകൾക്ക് മിക്കപ്പോഴും മാതൃസസ്യത്തിന്റെ ഗുണനിലവാരം ലഭിക്കണമെന്നില്ല. മാത്രമല്ല, വിത്ത്‌ മുളയ്ക്കുന്നതിന്റെ നിരക്കും  കുറവാണ്. അതിനാണ്‌  നാടൻ മാവുകളുടെ ഈ സംരക്ഷണയജ്ഞത്തിൽ ഗ്രാഫ്റ്റിങ്‌  തെരഞ്ഞെടുത്തിരിക്കുന്നത്. ജൈവവൈവിധ്യസംരക്ഷണകേന്ദ്രം നടത്തിയ പഠനത്തിൽ തിരുവനന്തപുരം ജില്ലയിൽനിന്ന്‌  രണ്ട് അപൂർവയിനം മാവുകളായ അഗാം, കെയു മാമ്പഴംഎന്നിവ  കണ്ടെത്തി സംരക്ഷിക്കാനായത്‌ നേട്ടമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top