20 April Saturday

ഓണപ്പൂക്കൾ

രവീന്ദ്രൻ തൊടീക്കളംUpdated: Thursday Jul 11, 2019


പഴയ കാലത്ത് പറമ്പിലും പാടങ്ങളിലും യഥേഷ്ടം ലഭ്യമായിരുന്ന ഓണപ്പൂക്കൾ ഇന്ന് ഓർമ്മ മാത്രമായി. കർണ്ണാടകയിൽ നിന്നും ലഭിക്കുന്ന പൂക്കളാണ് മലയാളി ഭവനങ്ങളിൽ ' ഇന്ന് പൂക്കളമൊരുക്കുന്നത്‌. അല്പം ശ്രദ്ധിച്ചാൽ നമുക്കാവശ്യമായത്ര പൂക്കൾ ഇവിടെ തന്നെ വിളയിക്കാൻ കഴിയും. ജൂലൈ ആദ്യം നടീൽ നടത്തിയെങ്കിലേ സെപ്‌തംബറിലെത്തുമ്പോൾ പൊന്നോണത്തിന് പൂക്കൾ ലഭിക്കൂ.ഓണപ്പൂക്കൾക്ക് കൃഷി ചെയ്യാൻ അനുയോജ്യമായ ഇനം ആഫ്രിക്കൻ ചെണ്ടുമല്ലിയാണ്. ഫ്രഞ്ച്മാരിഗോൾഡിന്റെ കൃഷിക്കാലം ഒക്ടോബർ ‐ ഫെബ്രുവരിയാണ്. അതുകൊണ്ടുതന്നെ ഓണക്കാലത്തേക്ക് ഇത്‌ അനുയോജ്യമല്ല.

ആഫ്രിക്കൻമാരിഗോൾഡിന്റെ പൂക്കൾ നല്ല കട്ടിയുള്ള ഇതളുകളോടു കൂടിയ, ഉരുണ്ട, മഞ്ഞ ഓറഞ്ച്, വെള്ള,സ്വർണ്ണം എന്നിങ്ങനെ ആകർഷകമായ നിറങ്ങളിൽ ലഭിക്കുന്നു. പൂസ ബസന്തി ഗൈന്ത, പൂസ നാരംഗി ഗൈന്ത, ഗോൾഡൻ യെല്ലൊ, സൺ ജയന്റ്, ഹണി കോബ് എന്നിവ ആഫ്രിക്ക മാരിഗോൾഡിന്റെ നല്ലയിനങ്ങളാണ്,
ഒരു സെന്റ് സ്ഥലത്തേക്ക് രണ്ടു ഗ്രാം വിത്ത് വേണ്ടി വരും. നന്നായി കിളച്ച് പരൂവപ്പെടുത്തിയ മണ്ണിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ കൂട്ടി ചേർത്ത്  ഒരടി ഉയരത്തിൽ തടങ്ങൾ തയ്യാറാക്കി വിത്ത് പാകണം. വിത്ത് പാകിയ ശേഷം മണലോ കമ്പോസ്റ്റോ വിതറി കൊടുക്കണം. ശക്തിയായ മഴയിൽ നിന്നും നഴ്സറിയെ സംരക്ഷിക്കുവാൻ സിൽ പോളിൻ ഷീറ്റ് ഉപയോഗിച്ചു് പന്തലുണ്ടാക്കി കൊടുക്കണം .വ്യാവസായികാടിസ്ഥാനത്തിൽ തൈകൾ തയ്യാറാക്കുന്നതിന്  ‘മഴ മറ ' ഉപയോഗിക്കാം. നഴ്സറിയിൽ ആവശ്യമായ രോഗ കീട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ഒരു മാസം പ്രായമായാൽ തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടാം.

പ്രധാന കൃഷിയിടം നല്ല സൂര്യപ്രകാശമുള്ളതും നീർവാർച്ച സൗകര്യമുള്ളതും മണൽ കലർന്ന ജൈവസമ്പുഷ്ടവുമായ മണ്ണായിരിക്കണം. ഒന്നര മുതൽ രണ്ടടി വരെ അകലത്തിൽ ഒരു കൈക്കോട്ട് ആഴത്തിൽ ചാലുകളെടുത്ത് മേൽമണ്ണും കമ്പോസ്റ്റോ ചാണകപ്പൊടിയൊ ചേർത്ത് ചാൽ നിറച്ച് കൊടുക്കണം. അടിവളമായി ഒരു സെന്റിന് എൺപത് കി.ഗ്രാം ജൈവവളവും രണ്ടു കി.ഗ്രാം യൂറിയ, അഞ്ച് കി.ഗ്രാം രാജ് ഫോസ്, ഒരു കി.ഗ്രാം മ്യൂറിയേറ്റ്‌ ഓഫ് പൊട്ടാഷ് എന്നിവ ചേർത്ത് ഒന്നര അടി അകലത്തിൽ ചെറിയ കുഴികളെടുത്ത് തൈകൾ നടാം. ഒരുസെന്റ്‌  സ്ഥലത്തേക്ക് നൂറ് തൈകൾ വേണ്ടിവരും. ഒന്നര മാസത്തിനകം രണ്ടു കി.ഗ്രാം യൂറിയ മേൽ വളമായി ചേർത്ത് കൊടുക്കണം. കൂടുതൽ മൊട്ടുകൾ ഉണ്ടാവാൻ തിരി നുള്ളിക്കൊടുക്കണം . രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. എഴുപത്തിയഞ്ച് ദിവസത്തിനകം പൂഷ്പിക്കാൻ തുടങ്ങും. രണ്ടര മാസക്കാലം വരെ പൂക്കൾ ലഭിക്കും. പൂക്കൾ വിരിഞ്ഞു ശരിയായ ആകൃതിയിലായാൽ മാത്രം വിളവെടുക്കുക. വൈകുന്നേരങ്ങളിൽ വിളവെടുക്കുന്നതാണ്‌   നല്ലത്. ഒരു സെന്റിൽ നിന്നും എണ്ണായിരം മുതൽ പതിനായി രം വരെ പൂക്കൾ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top