19 April Friday

സൂര്യതാപീകരണം പ്രയോജനപ്പെടുത്താം

ആര്‍ വീണാ റാണിUpdated: Thursday Feb 11, 2016

രോഗംവന്ന് ചികിത്സിക്കുന്നതിലും ഭേദം രോഗംവരാതെ ശ്രദ്ധിക്കുന്നതാണ്. വേനല്‍ക്കാലത്ത് നമുക്കു ലഭിക്കുന്ന സൂര്യപ്രകാശം പൂര്‍ണമായി പ്രയോജനപ്പെടുത്തിയാല്‍ത്തന്നെ കീടരോഗങ്ങളില്‍നിന്ന് ഒരുപരിധിവരെ മുക്തിനേടാം. മണ്ണില്‍ സൂര്യതാപം ഏല്‍പ്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്ന ഈ രീതിക്ക് പറയുന്ന പേരാണ് സൂര്യതാപീകരണം അഥവാ സോളറൈസേഷന്‍.

കൃഷിചെയ്യുന്ന സ്ഥലം നന്നായി കിളച്ചിളക്കി ആവശ്യത്തിന് നനച്ച് നിരപ്പാക്കി പോളിത്തീന്‍ ഷീറ്റ് വിരിക്കുന്നതാണ് ആദ്യപടി. മണ്ണില്‍ പുട്ടിന്റെ നനവ് ഉറപ്പുവരുത്തണം. 10 മുതല്‍ 150 ഗേജ് കനമുള്ള സുതാര്യമായ പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ ഉറച്ചിരിക്കുന്നതിനായി അരികുകളില്‍ അല്‍പ്പം മണ്ണിടണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50 മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ്വരെ ആകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയുമാണ് ഫലം. 30 മുതല്‍ 45 ദിവസത്തിനുശേഷം ഷീറ്റ് മാറ്റി കൃഷിയിറക്കാം. കീടരോഗബാധ 60 ശതമാനത്തിലധികം നിയന്ത്രിക്കാന്‍ സൂര്യതാപീകരണം സഹായിക്കും.

വിത്ത് മുളപ്പിക്കാനുള്ള പോട്രേയിലും പോളിത്തീന്‍ ബാഗിലും നിറയ്ക്കുന്ന പോട്ടിങ്മിശ്രിതത്തില്‍ സൂര്യതാപീകരണം ചെയ്ത മണ്ണ് ഉപയോഗിക്കുന്നത് നേഴ്സറിയില്‍ ബാധിക്കുന്ന രോഗം തടയും. പച്ചക്കറികള്‍ വളര്‍ത്തുന്ന ഗ്രോബാഗിനും ഉത്തമം സൂര്യതാപീകരണംചെയ്ത മണ്ണാണ്.

ഓരോ വിത്തും മുളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ആ വിത്ത് പുറപ്പെടുവിക്കുന്ന സ്രവങ്ങളോടു ചേര്‍ന്നുപോലും ധാരാളം രോഗാണുക്കള്‍ മണ്ണില്‍ ഉത്തേജിതരാകുന്നു. വിത്തിന്റെ സ്രവങ്ങളില്‍ ധാരാളം പഞ്ചസാരകളും അമിനോ അമ്ളങ്ങളും ഫാറ്റി ആസിഡുകളും ഫ്ളവനോള്‍ഡും വോളറ്റയില്‍ മിശ്രിതങ്ങളും അടങ്ങിയ കാര്‍ബണ്‍ കണികകളില്‍ ആകൃഷ്ടരായിത്തന്നെയാണ് രോഗാണുക്കള്‍ എത്തുന്നത്. മണ്ണില്‍ രോഗാണുക്കളുടെ എണ്ണം എത്ര കുറയുന്നുവോ അത്രത്തോളം രോഗം വരാനുള്ള സാധ്യതയും കുറയുന്നു. രോഗനിയന്ത്രണത്തിനായി രാസകീട കുമിള്‍നാശിനികള്‍ പ്രയോഗിക്കുമ്പോള്‍ കൃഷിച്ചെലവിനോടൊപ്പം മലിനീകരണവും കുത്തനെ കൂടും. വിളകളില്‍ ഉളവാകുന്ന അപക്ഷിപ്ത വിഷാംശവും കുമിളുകള്‍ കുമിള്‍നാശിനിക്കെതിരെ നേടുന്ന കൂടിയ പ്രതിരോധശക്തിയും മണ്ണിലെ ഉപകാരികളായ കുമിളുകളുടെ നാശവുമെല്ലാം മറ്റു ചില പരിണിതഫലങ്ങള്‍ മാത്രം.

സൌജന്യമായി ലഭിക്കുന്ന സൂര്യപ്രകാശം പരിപൂര്‍ണമായി പ്രയോജനപ്പെടുത്തിയാല്‍ കൃഷിച്ചെലവ് കുറയ്ക്കാമെന്നു മാത്രമല്ല, ഉല്‍പ്പാദനം കൂട്ടുകയും ചെയ്യാം. (കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top