25 April Thursday

അടുക്കളത്തോട്ടത്തില്‍ ആകാശ വെള്ളരിയും

രവീന്ദ്രന്‍ തൊടീക്കളംUpdated: Thursday Feb 11, 2016

ഉഷ്ണമേഖലാ വിളയായ ആകാശ വെള്ളരിക്ക് സുസ്ഥിര പച്ചക്കറി വിളകളില്‍ പ്രധാന സ്ഥാനമാണുള്ളത്. പാഷന്‍ ഫ്രൂട്ടിന്റെ സസ്യകുടുംബത്തില്‍പ്പെടുന്ന ഈ വിള, വര്‍ഷംമുഴുവന്‍ കായ്ഫലം തരുമെങ്കിലും വേനലിലാണ് കൂടുതല്‍ ഉല്‍പ്പാദനം ലഭിക്കുന്നത്.

മാവിലും കശുമാവിലും പ്ളാവിലും പടര്‍ന്നുകയറി അനേകവര്‍ഷം വിളവു നല്‍കുന്ന ഈ വിള മുന്‍കാലങ്ങളില്‍ മിക്ക പുരയിടങ്ങളിലും കാണാമായിരുന്നു. പച്ചക്കറിമാര്‍ക്കറ്റുകളില്‍നിന്നു ലഭിക്കുന്ന ആകാശ വെള്ളരി അയല്‍സംസ്ഥാനങ്ങളില്‍നിന്നു ലഭ്യമാക്കുന്നവയാണ്. ധാരാളം പ്രോട്ടീന്‍, നാരുകള്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദം, ആസ്ത്മ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ അത്യുത്തമ ഔഷധംകൂടിയാണ്.

മൂപ്പെത്തിയ വള്ളികളോ വിത്തു മുളപ്പിച്ച തൈകളോ നടീലിനായി ഉപയോഗിക്കാം. രണ്ടടി ആഴം, വീതി, നീളത്തില്‍ കുഴികളെടുത്ത് മേല്‍മണ്ണും ഉണക്ക ചാണകപ്പൊടിയും ചേര്‍ത്ത് കുഴി മൂടിയശേഷം തൈകള്‍ നടാം. ജലസേചനസൌകര്യം ഉള്ളിടങ്ങളില്‍ ഏതുസമയത്തും കൃഷിചെയ്യാം. ചെടി വളര്‍ന്നുവരുന്നതിനനുസരിച്ച് മരത്തിലോ പന്തലിലോ പടര്‍ന്നുകയറാന്‍ അനുവദിക്കണം. വര്‍ഷകാലാരംഭത്തിനുമുമ്പ് ജൈവവളവും വേനലില്‍ ജലസേചനവും കൊടുക്കണം. ജൈവകൃഷി അനുവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ മേല്‍വളമായി ജൈവവളക്കൂട്ടുകളും ദ്രവരൂപത്തിലുള്ള ജൈവവളങ്ങളും നല്‍കാം.

നന്നായി പരിപാലിച്ചാല്‍ മൂന്നാം വര്‍ഷംമുതല്‍ ചെടി പൂവിട്ട് കായ്ച്ചുതുടങ്ങും. പാഷന്‍ ഫ്രൂട്ടിന്റെ പൂക്കള്‍പോലെത്തന്നെ ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങള്‍ ഇടകലര്‍ന്നതാണ് ഇതിന്റെ പൂക്കള്‍, കായകള്‍ക്ക് ഒരു കി. ഗ്രാംവരെ തൂക്കമുണ്ടാകും. ദീര്‍ഘവൃത്താകൃതിയില്‍ പച്ചനിറത്തോടുകൂടിയ കായ്കള്‍ പാകമാകാന്‍ മൂന്നുമാസമെടുക്കും. മൂപ്പെത്തുംമുമ്പ് പച്ചക്കറിയായി ഉപയോഗിക്കാം. പഴങ്ങള്‍ വെള്ളകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയതാണ്. കായകള്‍ മുറിച്ചാല്‍ കട്ടിയുള്ള പുറംതോടിനുള്ളില്‍ മാംസളമായ ഉള്‍ക്കാമ്പും പൊള്ളയായ ഭാഗത്ത് ധാരാളം വിത്തും കാണാം. പഴുത്തു പാകമായതിന്റെ ഉള്‍ക്കാമ്പ് മറ്റു പഴങ്ങള്‍ക്കൊപ്പം പഞ്ചസാരചേര്‍ത്ത് ജ്യൂസാക്കിക്കഴിക്കാന്‍ നല്ല രുചിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top