25 April Thursday

ഇലക്കറിയിനങ്ങളിലെ പര്‍ണപോഷണം

രവീന്ദ്രന്‍ തൊടീക്കളംUpdated: Thursday Mar 10, 2016

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും ക്ഷാരാഹാരമായ പച്ചക്കറിയിനങ്ങള്‍ വഹിക്കുന്ന പങ്കു വളരെ വലുതാണ്. ഇവയില്‍ ഇലക്കറിയിനങ്ങള്‍ക്കുള്ള പങ്കും ഗണനീയംതന്നെ.

ചീര, ചെക്കുര്‍മാനീസ്, സാമ്പാര്‍ച്ചീര, വള്ളിച്ചീര, മധുരച്ചീര, ചേമ്പില,പയറില, അഗത്തിച്ചീര, കാട്ടുചീര, ചേനയില, മുരിങ്ങയില, കോവലില, കുമ്പളയില, മുള്ളന്‍ചീര, മണിച്ചീര തുടങ്ങി നൂറോളം ഇലക്കറിയിനങ്ങള്‍ കേരളത്തില്‍ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനം ചുവന്ന ചീരക്കുതന്നെയാണ്.

ഇലകള്‍ സമൃദ്ധമായി വളരുവാന്‍ നല്ല സൂര്യപ്രകാശവും ആവശ്യാനുസരണം വളവും ആവശ്യമാണ്. ചീര കൃഷിചെയ്യുമ്പോള്‍ സെന്റ് ഒന്നിന് 200 കി.ഗ്രാം ഉണക്കച്ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കണം. 440 ഗ്രാം യൂറിയയും 1.100 കി.ഗ്രാം രാജ്ഫോസും 340 ഗ്രാം എംഒപിയും ആവശ്യമാണ്. കൂടുതല്‍ ഇലകള്‍ പെട്ടെന്ന് വളരുന്നതിന് പര്‍ണപോഷണം സഹായിക്കും. ഇലകളുടെ വളര്‍ച്ചയ്ക്ക് നൈട്രജന്‍ കൂടുതല്‍ ആവശ്യമാണ്. നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് ദ്രവരൂപത്തില്‍ ഇലകളില്‍ തളിച്ചുകൊടുക്കുന്നത്. ചൂടും ആര്‍ദ്രതയും അനുസരിച്ച് ആഗിരണശേഷി വ്യത്യാസപ്പെട്ടിരിക്കും. നല്ല വെയിലുള്ളപ്പോള്‍ പര്‍ണപോഷണം നടത്തരുത്. പ്രായംകുറഞ്ഞ ഇലകളില്‍ക്കൂടി വേഗത്തില്‍ ആഗിരണം നടക്കും. രാസവളമുപയോഗിക്കുമ്പോള്‍ 10 ഗ്രാം പുതിയ യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് ഒരു ശതമാനം വീര്യത്തില്‍ ഇലകളില്‍ തളിക്കാം.

ജൈവകൃഷിരീതിയാണ് അനുവര്‍ത്തിക്കുന്നതെങ്കില്‍ സെന്റ് ഒന്നിന് 200 കി.ഗ്രാം ജൈവവളം അടിവളമായി ചേര്‍ത്തശേഷം ഗോമൂത്രം 2 ലിറ്റര്‍ 16 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചത്, വെര്‍മിവാഷ് 2 ലിറ്റര്‍ 16 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചത് ഇവയിലേതെങ്കിലുമൊന്ന് മാറിമാറി ഒന്നിടവിട്ട ആഴ്ചകളില്‍ ഇലകളില്‍ തളിച്ചുകൊടുക്കാം. പര്‍ണപോഷണംവഴി പത്തുമുതല്‍ മുപ്പതു ശതമാനംവരെ വിളവ് വര്‍ധിപ്പിക്കുവാന്‍ സാധിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top