06 June Tuesday

ജൈവകൃഷി വിപുലീകരണത്തിന്

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Mar 10, 2016

ജൈവകൃഷി ഏറെ പ്രചാരം നേടുകയാണല്ലോ.  എങ്കിലും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കുകയും എല്ലാ വിളകളിലേക്കും പടിപടിയായി കടന്നെത്തുകയും ചെയ്യേണ്ടതുണ്ട്. വിജ്ഞാനവ്യാപാനരംഗവും പ്രായോഗികപ്രവര്‍ത്തനത്തിനുള്ള നിരവധി സംവിധാനങ്ങളും ഈ രംഗത്ത് ബഹുദൂരം വളര്‍ന്നുവ്യാപിക്കേണ്ടതുണ്ട്.

ജൈവകൃഷിക്കും ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സര്‍ക്കാര്‍തല അംഗീകാരം ലഭിക്കണമെങ്കില്‍ സാക്ഷ്യപത്രം നേടണം. ഇങ്ങനെ സാക്ഷ്യപത്രം സമ്പാദിക്കണമെങ്കില്‍ ചില നടപടികള്‍ സ്വീകരിക്കാറുണ്ട്. ജൈവകൃഷിയിലും വ്യാജന്മാര്‍ കടന്നുവരുന്നത് ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ യഥാര്‍ഥ ജൈവകൃഷിയും ഉല്‍പ്പന്നങ്ങളും ഉറപ്പുവരുത്താന്‍ വ്യക്തികളും ഗ്രൂപ്പുകളും ജൈവസര്‍ട്ടിഫിക്കേഷനുള്ള നടപടികള്‍ സ്വീകരിക്കുന്നത് നല്ലതാണ്.

ഇന്ത്യയില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ പ്രോജക്ട് ഓണ്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (എന്‍പിഒപി) നിലവില്‍വന്നതോടെയാണ് ഇത്തരം സംരംഭത്തിന് തുടക്കമായത്. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോഡി (എന്‍എബി)യാണ് ജൈവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉള്ള ഏജന്റസികളെ നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 12 ഏജന്‍സികളാണുള്ളത്. കേരളത്തില്‍ ആലുവ ആസ്ഥാനമായുള്ള ഇന്റൊസര്‍ട്ടും തിരുവല്ല ആസ്ഥാനമായുള്ള ലാക്കോണ്‍ ക്വാളിറ്റിയുമാണ്. കൂടാതെ കര്‍ഷകഗ്രൂപ്പുകള്‍ക്ക് സാക്ഷ്യപത്രം ലഭ്യമാക്കാന്‍ സഹായിക്കുന്നതിന് തൊടുപുഴയില്‍ 'കാഡ്സും' പ്രവര്‍ത്തിക്കുന്നു.

താല്‍പ്പര്യമുള്ളവര്‍ ഇത്തരം ഏജന്‍സികള്‍ക്ക് അവര്‍ നല്‍കുന്ന നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത അപേക്ഷാഫീസും അടയ്ക്കണം. തുടര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ട പരിശീലനങ്ങളും മാര്‍ഗനിര്‍ദേശ ക്ളാസുകളും സംഘടിപ്പിച്ച് അതനുസരിച്ച് കൃഷിരീതി സ്വീകരിക്കാന്‍ തയ്യാറാകണം– പൊതുതത്വങ്ങള്‍ ചുരുക്കി ഇനിപ്പറയുന്നു:

ജൈവകൃഷിക്ക് ഉപയോഗിക്കുന്ന വിത്തും നടീല്‍വസ്തുക്കളും ജൈവമാണെന്നു സാക്ഷ്യപ്പെടുത്തിയവയാവണം. ഉത്തമമായി ബോധ്യപ്പെടുന്നപക്ഷം കര്‍ഷകരില്‍നിന്നും ജൈവപരമായ വിത്ത് കൈമാറാം (ഇവ പരിശോധനാവിധേയമാക്കും).

ജൈവകൃഷിചെയ്യുന്ന ഇടത്തില്‍ സാധാരണകൃഷിയിടത്തില്‍നിന്ന് ഒഴുകിവരുന്ന മലിനജലം, വിഷാംശം, രാസവസ്തുക്കളുടെ കലരല്‍ എന്നിവ തടയാന്‍ സംവിധാനംവേണം.

ജൈവകൃഷിചെയ്യുന്ന ഇനങ്ങള്‍ തൊട്ടടുത്ത് രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്ന ഇടമാവരുത്. നിശ്ചിത അകലം പാലിക്കണം.
രാസകൃഷിയില്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ അതേപടി ജൈവകൃഷിയില്‍ ഉപയോഗിക്കരുത്. വൃത്തിയാക്കിവേണം ഉപയോഗിക്കാന്‍.

തുടര്‍പരിചരണങ്ങളെല്ലാം പരിശീലനങ്ങളില്‍നിന്നു ലഭ്യമാകുന്ന മുറയ്ക്കാകണം. ഇവയെല്ലാം അതതു ദിവസം ഏജന്‍സി തരുന്ന ഓര്‍ഗാനിക് ഫാര്‍മേഴ്സ് ഡയറിയല്‍ രേഖപ്പെടുത്തുകയും പരിശോധനാവിധേയമാക്കുകയും ചെയ്യും.

ഉല്‍പ്പന്നങ്ങള്‍ അജൈവ ഉല്‍പ്പന്നങ്ങളുാമയി കൂട്ടിക്കലര്‍ത്തി സൂക്ഷിക്കാന്‍ പാടില്ല. മുന്‍കൂട്ടിത്തന്നെ ഏതാണ്ട് ഇത്ര ഉല്‍പ്പാദനം കിട്ടുമെന്ന കണക്ക് കൊടുക്കേണ്ടതുണ്ട്.

ആദ്യം സൂചിപ്പിച്ചതുപോലെ നിങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച ഏജന്‍സിയാണ് എല്ലാവിധ നിര്‍ദേശങ്ങളും പരിശോധനയും നടത്തുക. കര്‍ഷകര്‍ ഇതനുസരിച്ച് പ്രവര്‍ത്തിക്കണം.

ഇങ്ങനെ ചെയ്താല്‍ മൂന്നു ഘട്ടങ്ങളായിട്ടാണ് സാക്ഷ്യപത്രം നല്‍കുക. ഒന്നാംവര്‍ഷം കണ്‍വര്‍ഷന്‍, രണ്ടാംവര്‍ഷം ട്രാന്‍സാക്ഷന്‍, മൂന്നാംവര്‍ഷം സര്‍ട്ടിഫിക്കേഷന്‍. തുടര്‍ന്ന് നിശ്ചിത ഫീസടച്ച് വര്‍ഷംതോറും പുതുക്കണം. കൃഷിക്കല്ല, കൃഷിയിടത്തിനാണ് സാക്ഷ്യപത്രം. അതായത്, ആ കൃഷിയിടത്തില്‍ കൃഷിചെയ്യുന്ന എല്ലാ വിളകളും ജൈവമായിരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top