29 March Friday

തക്കാളിക്കൃഷിക്ക് തുടക്കമിടാം

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

നമ്മുടെ നാട്ടില്‍ ശീതകാല പച്ചക്കറിയായി കൃഷിചെയ്താല്‍ നല്ല വിളവുതരുന്ന വിളയാണ് തക്കാളി. സൊളേനേസ്യ കുടുംബത്തില്‍പ്പെട്ട സലാഡ് വിളയുടെ ശാസ്ത്രനാമം ലൈക്കോപെര്‍സിക്കല്‍ എസ്കുലെന്റം.

വാട്ടരോഗമാണ് തക്കാളിക്കൃഷിയിലെ പ്രധാന വില്ലന്‍. ശക്തി,മുക്തി, അനഘ എന്നിവ വാട്ടരോഗത്തെ ചെറുക്കാന്‍കഴിവുള്ള തക്കാളി ഇനങ്ങളാണ്. നേരത്തെ വിളവുതരുന്ന സങ്കരയിനങ്ങള്‍ക്ക് ഉല്‍പ്പാദനശേഷിയും കാമ്പിന്റെ അളവും കൂടും.

വിത്തുപാകി പറിച്ചുനട്ടാണ് തക്കാളി കൃഷിചെയ്യുന്നത്. ഒരു ചട്ടിയില്‍ പാകി മുളപ്പിക്കുന്നതാണ് എളുപ്പം. വിത്ത് നേര്‍മയായി പാകി ഒരുനിര പൊടിമണ്ണുകൊണ്ട് മൂടണം. ഉറുമ്പരിക്കാതിരിക്കാന്‍ നാടന്‍ മഞ്ഞള്‍പ്പൊടിയോ ചാരമോ വിതറാം.  30 ദിവസം പ്രായമായാല്‍ തൈകള്‍ പറിച്ചുനടാന്‍ ഉത്തമം.  കടുത്ത മഴയും ചൂടും തക്കാളിക്കൃഷിക്ക് പറ്റില്ല. അതുകൊണ്ടുതന്നെ നവംബറില്‍ തക്കാളിത്തൈ നടുന്നതാണ് നല്ലത്. നല്ല നീര്‍വാര്‍ച്ചയും ജലസംഭരണശേഷിയുമുള്ള മണ്ണാണ് തക്കാളിക്കൃഷിക്ക് അനുയോജ്യം. മണല്‍മണ്ണാണെങ്കില്‍ ജൈവവളം അധികമായി ചേര്‍ത്തുകൊടുത്തും, ചെങ്കല്‍മണ്ണ് കിളച്ച് പാകപ്പെടുത്തിയും തക്കാളിക്ക് അനുരൂപമാക്കാം.  ഒരു തടത്തിന് 50 ഗ്രാം കുമ്മായമെങ്കിലും മണ്ണുമായി കിളച്ചുചേര്‍ക്കണം.

സെന്റൊന്നിന് 100 കിഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ അടിവളമാക്കാം. ചാലുകള്‍ക്കും തൈകള്‍ക്കും തമ്മില്‍ രണ്ടടി അകലം നിര്‍ബന്ധം.
രാസവളം ചേര്‍ക്കുന്നെങ്കില്‍ സെന്റൊന്നിന് 350 ഗ്രാം യൂറിയ, ഒരു കിലോഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 100 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായും  തൈനട്ട് മൂന്നാഴ്ച ഇടവേളകളില്‍ 175 ഗ്രാം യൂറിയയും പൊട്ടാഷും ചേര്‍ക്കണം.

മേല്‍വളം ചെയ്യുന്നതിനുമുമ്പ് ഇടയിളക്കി കളകള്‍ നീക്കാനും, വളം ചേര്‍ത്തശേഷം മണ്ണ് കൂട്ടുന്നതിനും ഊന്നല്‍ നല്‍കാം. കുറ്റി നാട്ടി നല്‍കുന്നത് തക്കാളിക്ക് പ്രധാനം. കായ്കള്‍ മണ്ണുമായി സമ്പര്‍ക്കത്തില്‍വന്ന് കേടുപറ്റാതിരിക്കാനും സൂര്യപ്രകാശം കൂടുതലായി ലഭിക്കുന്നതിനും ഉല്‍പ്പാദനം കൂട്ടാനും കുറ്റിനാട്ടുന്നത് തക്കാളിക്ക് താങ്ങാകും.

കായയുടെ ഞെട്ടറ്റത്ത് കറുത്തനിറത്തില്‍ അഴുകല്‍ അഥവാ ബ്ളോസം എന്‍ഡ് റോട്ട് നമ്മുടെ നാട്ടില്‍ അധികമായി കണ്ടുവരുന്നു. കാത്സ്യത്തിന്റെ അഭാവലക്ഷണമാണ് ഈ രോഗം. നിലമൊരുക്കുമ്പോള്‍തന്നെ കുമ്മായം നന്നായി ചേര്‍ത്തുകൊടുത്താല്‍ ഈ പ്രശ്നത്തില്‍നിന്നു രക്ഷനേടാം.

ഏറ്റവും താഴെയുള്ള ഇലകളുടെ പാര്‍ശ്വങ്ങള്‍ മഞ്ഞളിക്കുകയും കരിയുകയും ചെയ്യുന്നത് പൊട്ടാസ്യത്തിന്റെ അഭാവലക്ഷണമാണ്.  10 ഗ്രാം പൊട്ടാഷ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുക്കുകയോ ചാരം ചേര്‍ക്കുകയോ ചെയ്യുന്നത് പൊട്ടാഷിന്റെ അഭാവത്തിനുള്ള പരിഹാരക്രിയ. കായകള്‍ക്ക് വിള്ളലുണ്ടാകുന്നതും ഇലകള്‍ മുകളിലേക്ക് ചുരുളുന്നതും നമ്മുടെ നാട്ടിലെ തക്കാളിക്കൃഷിയില്‍ സര്‍വസാധാരണം. നിലമൊരുക്കുമ്പോള്‍തന്നെ ചാണകപ്പൊടിയും ചാരവും അഞ്ച്ഗ്രാം ബോറാക്സും ചേര്‍ത്തുകൊടുക്കുന്നത് ഉത്തമം.

ആരോഗ്യമുള്ള ചെടികള്‍ പെട്ടെന്നുതന്നെ വാടിത്തൂങ്ങുകയും തണ്ടിന്റെ ഉള്‍ഭാഗം പൊട്ടിച്ചുനോക്കുമ്പോള്‍ കറുത്ത നിറവും ഉണ്ടെങ്കില്‍ തക്കാളിക്കൃഷിയുടെ അന്തകനായ വാട്ടരോഗമെന്നുറപ്പിക്കാം. നീര്‍വാര്‍ചാസൌകര്യം കൂടുന്നതും ആഴ്ചയിലൊരിക്കല്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുന്നതും വാട്ടരോഗത്തിനെതിരെ പ്രതിരോധനിര തീര്‍ക്കും

(കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top