27 April Saturday

പോഷക-ഔഷധ പ്രാധാന്യമേറിയ നിത്യവഴുതിന

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Dec 8, 2016

പോഷകസമ്പന്നമായ പച്ചക്കറിയാണ് നിത്യവഴുതിന. നിത്യവും കായ ലഭിക്കും എന്നതിനാലാണ് ഈ പച്ചക്കറിക്ക് നിത്യവഴുതിന എന്ന പേരുതന്നെ ലഭിച്ചത്. ഒരു വീട്ടില്‍ ഏതാനും ചുവട് നിത്യവഴുതിന ഉണ്ടെങ്കില്‍ ദിവസവും ഉപയോഗിക്കാനാവും. കേരളത്തില്‍ മുമ്പുകാലങ്ങളില്‍ ചിലയിടങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ പ്രാധാന്യത്തോടെ കൃഷിചെയ്തുവെങ്കിലും തലമുറകള്‍ എവിടെയോവച്ച് കൈവെടിഞ്ഞു. ഇതിന്റെ പോഷക-ഔഷധ പ്രാധാന്യം തിരിച്ചറിഞ്ഞ് വീണ്ടും താല്‍പ്പര്യത്തോടെ കൃഷിചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആദിവാസികള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം പണ്ടുമുതലേ ഉണ്ട്.

നിത്യവഴുതിനയില്‍ വഴുതിന എന്ന പേരുണ്ടെങ്കിലും ഇത് വഴുതിനവംശജനല്ല. മധുരക്കിഴങ്ങിന്റെ അകന്ന ബന്ധുവാണെന്നു പറയുന്നതില്‍ തെറ്റില്ല. വള്ളിയായി പടരുന്ന ഇതിന്റെ ശാസ്ത്രീയനാമം 'ഐപ്പോമിയ മ്യൂരിക്കേറ്റ' എന്നാണ്. ക്ളേവ് ബീല്‍' എന്ന് ഇംഗ്ളീഷിലും, 'മിച്ചി' എന്ന് ഹിന്ദിയിലും 'കാട്ടുതാളി' എന്ന് തമിഴിലും പേരുപറയും.
പന്തലിലോ വേലിപ്പടര്‍പ്പുകളിലോ നിത്യവഴുതിന വളര്‍ത്താം. നിത്യവഴുതിനയുടെ മൊട്ടാണ് കറിവയ്ക്കാന്‍ ഉപയോഗിക്കുക. കരയാമ്പൂവിന്റെയോ അല്ലെങ്കില്‍ ടോര്‍ച്ച് ബള്‍ബിന്റെയോ ആകൃതിയാണ് മൊട്ടുകള്‍ക്ക്. മൊട്ടുകള്‍ കറിക്കും ഔഷധത്തിനും ഉപയോഗിക്കും. വിത്തും ഇലയും തണ്ടും ഔഷധപ്രാധാന്യമുള്ളതാണ്.

വിത്താണ് നടീല്‍വസ്തു. ഒരടി സമചതുരത്തില്‍ കുഴിയെടുത്ത് അതില്‍ ചാണകപ്പൊടിയും മേല്‍മണ്ണും നിറച്ച് വിത്ത് നടാം. രണ്ട് കുഴിതമ്മില്‍ ഒരുമീറ്റര്‍ അകലമാവാം. വളര്‍ന്നുവരുന്നതോടെ പന്തലിട്ടുകൊടുക്കാം. അമരപ്പയറിനെല്ലാം നല്‍കുന്നപോലെ ജൈവവളവും വെള്ളവും നല്‍കി പരിചരിക്കാം.

മൂപ്പെത്തുന്നതിനുമുമ്പേ കായ്കള്‍ കറിക്ക് ഉപയോഗിക്കാം. തോരനും, മറ്റ് കറികള്‍ക്കും നിത്യവഴുതിന ഉപയോഗിക്കാം. സ്വാദിഷ്ടവും, പോഷക-ഔഷധ ഗുണമേന്മയുമുള്ള ഈ പച്ചക്കറിവിളയെ നമുക്ക് വീട്ടുപരിസരത്ത് സ്വാഗതംചെയ്യാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top