29 May Monday

വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് വിത്തൊരുക്കാം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Jan 7, 2016

വേനല്‍ക്കാല പച്ചക്കറിക്ക് കേരളം ഒരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ പ്രദേശത്ത്കൃഷിചെയ്യുന്ന പ്രധാന സീസണും ഇതാണ്. അതുകൊണ്ടുതന്നെ ആവശ്യമായ വിത്തും നടീല്‍ വസ്തുക്കളും ലഭിക്കാനുള്ള പരിമിതിയും ഉണ്ട്. ആവശ്യമായതിന്റെ 20–25% മാത്രമേ അംഗീകൃത ഏജന്‍സിവഴി ഉണ്ടാക്കുന്നുള്ളു. ബാക്കി കര്‍ഷകര്‍ പരസ്പര കൈമാറ്റത്തിലൂടെയും മുന്‍ വിളയുടെ സൂക്ഷിപ്പിലൂടെയുമാണ് കണ്ടെത്തുന്നത്.
'വിത്തുഗുണം പത്ത് ഗുണം'' എന്ന പഴമൊഴി അന്വര്‍ഥമാണ്. വിത്തില്‍ പിഴച്ചാല്‍ 30% വരെ നഷ്ടംവരും. ചിലവ പൂര്‍ണമായ പരാജയമായും മാറും. അതുകൊണ്ട് പിന്നില്‍ കൂടുതല്‍ ശ്രദ്ധവേണം. മഴതീരെയില്ലാത്ത മാര്‍ച്ച് – ഏപ്രില്‍ മാസം വിളവെടുത്ത കായ്കളിലെ വിത്താണ് അനുയോജ്യം. മഴക്കാലത്ത് ഈര്‍പ്പം കൂടിയാല്‍ മുള ശേഷികുറയും.

ഇനിപറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.

1. കലര്‍പ്പില്ലാത്ത വിത്താവണം: പലയിനങ്ങളും ഒരേസ്ഥലത്ത് കൃഷിചെയ്യുനോപള്‍ മറ്റിനങ്ങളുടെ കലര്‍പ്പുണ്ടാകം. ഇത് ശ്രദ്ധിക്കുക (ഉദാ: വെള്ളനിറത്തിലുള്ള പാവക്ക വേണമെന്നുണ്ടെങ്കില്‍ ഇതിനടുത്തുതന്നെ പച്ചനിറമുള്ള പാവല്‍കൃഷിചെയ്ത ഇടത്തെ വിത്താണെങ്കില്‍ ഇവ തമ്മില്‍ സങ്കരണം നടന്ന വ്യത്യസ്തമായ നിറമുള്ള കായയാവും ഉണ്ടാവുക. ഇതും ഒരു തരം കലര്‍പ്പാണ്).
2. നല്ല അങ്കുരണ ശേഷി ഉണ്ടാവണം.
3. രോഗകീടബാധ ഇല്ലാത്ത വിത്തായിരിക്കണം.
4. കായ്കള്‍ ശരിയായി മൂത്തുപഴുത്ത ശേഷമുള്ളവയില്‍ നിന്നു വേണം വിത്തെടുക്കാന്‍.
ഉദാ: തക്കാളി, മുളക്, വഴുതിന എന്നിവയുടെ കായ്കള്‍ മുഴുവനും നന്നായി പഴുത്തശേഷമേ വിളവെടുക്കാവൂ. പാവല്‍– പടവലം എന്നിവയുടെ മുക്കാല്‍ഭാഗം പഴുത്താല്‍ വിത്തിനായി എടുക്കാം.
വെള്ളരി– കുമ്പളം– മഞ്ഞള്‍ എന്നിവയുടെ കായ്കള്‍ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷം വിത്തെടുക്കണം.
പയര്‍– വെണ്ട: ഉണങ്ങിയശേഷം വിത്തെടുക്കാം.
പീച്ചി – ചുരക്ക: കായ്കള്‍ ഉണങ്ങി കിലുങ്ങുമ്പോള്‍ വിത്തെതടുക്കാം.

സംസ്കരണത്തില്‍ ശ്രദ്ധിക്കുക
പാവല്‍– പടവലം– മഞ്ഞള്‍, വെള്ളരി എന്നിവയുടെ വിത്ത് ശേഖരിക്കുമ്പോള്‍ വിത്തുള്‍പ്പെടുന്ന മാംസള ഭാഗം ഒരു ദിവസം പുളിപ്പിച്ചശേഷം നന്നായി കഴുകി പിഴിഞ്ഞെടുത്ത് ഉണക്കിയശേഷം നടാം.
വെണ്ട– പയര്‍– വഴുതിന കായയോടെ സൂക്ഷിച്ച് അവശ്യസമയത്ത് പൊടിച്ച് വിത്തെടുക്കുന്ന രീതിയേക്കാള്‍ നല്ലത് വിത്ത് വേര്‍പെടുത്തി ഉണക്കി സൂക്ഷിക്കുന്നതാണ്.
വിത്ത് കടുത്ത വെയിലില്‍ ഇട്ട് പെട്ടെന്ന് ഉണക്കരുത്. തണലില്‍ ഉണക്കി സൂക്ഷിച്ചതാവണം.
ഉയര്‍ന്ന ഈര്‍പ്പം അങ്കുരണശേഷി കുറക്കും. 10–12% ജലാംശം എന്നാണ് കണക്ക്.
പഴയകാലത്ത് പാവല്‍, പടവലം, മത്തന്‍, കുമ്പളം വിത്തുകള്‍ പച്ചച്ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. ഇത് തുടരാം.

സ്യൂഡൊമോണസ് പ്രയോഗം
വളര്‍ച്ചയെ ത്വരിതപ്പെടുത്താനും രോഗം വരുത്തുന്ന ബാക്ടീരിയ, കുമിള്‍ എന്നിവ തടയാനും കഴിയുന്ന ഒരു സ്യൂഡൊമോണസ് എന്ന ജൈവസാന്നിധ്യ വസ്തു ലഭ്യമാണ്. നടുന്നതിനുമുമ്പെ 20 ഗ്രാം സ്യൂഡൊമോണസ് 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തശേഷം നടുന്നത് ഫലപ്രദമാണ്. തൈകളാണെങ്കില്‍ രണ്ട് മൂന്ന് ഇലവന്ന ശേഷം മേല്‍പറഞ്ഞ ലായനി സ്പ്രേ ചെയ്യാം. ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. പറിച്ചുനടുന്ന തൈകള്‍ക്ക് 250 ഗ്രാം മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ 15 മിനിട്ട് വേരുകള്‍ മുക്കിയശേഷം നടാം.

വിത്തുകള്‍ നേരിട്ട് മണ്ണില്‍ നട്ട് മുളപ്പിച്ചെടുക്കുന്നതിനെക്കാള്‍ ഗുണം പോട് ട്രേയില്‍ വിത്ത് കിളുര്‍പ്പിച്ച് തൈകളാക്കി നടുന്നതാണ്. പ്രത്യേകിച്ചും മുളക്കാന്‍ കാലതാമസം വരുന്ന വെണ്ട, വഴുതിന, തക്കാളി, മുളക് തുടങ്ങിയ ഇനങ്ങള്‍. ചവടുകള്‍ പിടിച്ചുകിട്ടാനും, പ്രധാനകൃഷിയിടങ്ങളിലെ വളര്‍ച്ചാകാലയളവ് കുറകാനും ഇത് സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top