26 April Friday

പച്ചക്കറി വിത്തുശേഖരണവും സൂക്ഷിപ്പും ശാസ്ത്രീയമാക്കാം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday May 5, 2016

വേല്‍ക്കാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഏതാണ്ട് പൂര്‍ത്തീകരിച്ചുവരികയാണ്. അടുത്തതവണത്തേക്കുള്ള ഗുണമേന്മയുള്ള വിത്തുകള്‍ ശേഖരിച്ചുവയ്ക്കണം. എല്ലാ സമയത്തും വിത്തുകള്‍ക്കായി സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുക എന്ന രീതിയിലും മാറ്റംവേണം. പച്ചക്കറിയില്‍ എന്നപോലെ വിത്തുല്‍പ്പാദനത്തിലും ഓരോ കര്‍ഷകനും സ്വയംപര്യാപ്തതയിലെത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം.  

എങ്ങിനെയാണ് ഗുണമേന്മയുള്ള വിത്തുണ്ടാക്കുക എന്നതിനെക്കുറിച്ച് ലഘുവായ വിവരം തരാം.

ജനിതകശുദ്ധി ഉറപ്പാക്കുക
അതിന്റെ മാതൃഗുണം നിലനിര്‍ത്തുന്ന ജനിതകശുദ്ധിയുള്ളതാവണം. ഒരേരീതിയില്‍ വളര്‍ന്ന് ഒരേ ആകൃതിയിലും, നിറത്തിലും, വലുപ്പത്തിലും എല്ലാം സാമ്യമുള്ള മികച്ചവയെ പൊതുവെ ജനിതകശുദ്ധിയുള്ള വിത്തെന്നു പറയാം. ഇത്തരം ചെടികളില്‍നിന്നു മാത്രമേ വിത്തെടുക്കാവൂ.

സുരക്ഷിത അകലം പ്രധാനം
പച്ചക്കറിയില്‍ പലതും പരമ്പരാഗതവും ചിലത് സ്വയംപരാഗവുമുള്ളതാണ്. പാവല്‍, പടവലം, മത്തന്‍, കുമ്പളം തുടങ്ങിയവയില്‍ പരപരാഗമാണ് നടക്കുക. ഇത് അടുത്തടുത്ത് നട്ടാല്‍ കലര്‍പ്പുള്ള വിത്താണ് ഉണ്ടാവുക. നിറത്തില്‍ പച്ചയും വെളുത്തതുമായ പാവക്ക, മത്തന്‍ എന്നിവ, വളര്‍ച്ചയില്‍ പടവലംപോലുള്ള നീണ്ടതും കുറിയതുമെല്ലാമുള്ളവയുണ്ട്. ഇവയും അടുത്തടുത്ത് കൃഷിചെയ്താല്‍ കലര്‍പ്പുകൂടിയ വിത്താവും ഉണ്ടാകുക. അതുകൊണ്ട് ഇത്തരം ഇനങ്ങള്‍ പ്രത്യേകം പ്രത്യേകം നട്ട ഇടങ്ങളിലെ വിത്താവണം എടുക്കേണ്ടത്. സ്വയം പരാഗിത ഇനങ്ങളായ പയര്‍, അമരപ്പയര്‍, ചതുരപ്പയര്‍, തക്കാളി എന്നിവപോലും പ്രത്യേകം അകറ്റി നട്ടതില്‍നിന്ന് വിത്തെടുക്കുന്നതാണ് ഗുണപ്രദമാവുക. വീട്ടുപരിസരത്ത് പച്ചക്കറിയില്‍ കലര്‍പ്പില്ലാതെ വിത്ത് തെരഞ്ഞെടുക്കാന്‍ ഇനിപറയുംപ്രകാരം ചെയ്യാം. ഞെട്ടിലെ വിടര്‍ന്ന പൂക്കളും ഇളംകായ്കളും പറിച്ചുമാറ്റുക. വിടരുന്ന ഏതാനും പൂമൊട്ടുകളെ കടലാസ് കൂടകൊണ്ട് മറയ്ക്കുക. അഞ്ചാറുദിവസത്തിനുശേഷം കവര്‍ തുറക്കുമ്പോള്‍ പൂവിതള്‍ കൊഴിഞ്ഞിട്ടുണ്ടാവും. ഇവ പ്രത്യേകം ടേഗ് ചെയ്ത് അടയാളപ്പെടുത്തുക. ഇത് വിത്തായി തെരഞ്ഞെടുക്കുക. ബാക്കിവരുന്നവ സാധാരണപോലെ വളരട്ടെ. വിത്തിനായി ഉപയോഗിക്കാതിരിക്കുക.

രോഗകീടബാധ ഇല്ലാത്തവയാവണം
വിത്തുചെടികള്‍ക്ക് രോഗ–കീട ബാധ ഉണ്ടാവരുത്. ഇവ സസൂക്ഷ്മം നിരീക്ഷിച്ചശേഷമേ വിത്തെടുക്കാവൂ. വൈറസ്രോഗം ബാധിച്ച ഇടങ്ങളില്‍ ആരോഗ്യമുള്ള ചെടികളുണ്ടെങ്കില്‍തന്നെ വിത്തെടുക്കരുത്. വെണ്ടയിലെ മൊസൈക്ക്, തക്കാളിയിലെയും മുളകിലെയും കുമിള്‍രോഗംമൂലമുള വാട്ടം തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കുക.

വിത്തുശേഖരണം
ചെടികള്‍ സാമാന്യം നല്ല വളര്‍ച്ചയെത്തിയശേഷം മാത്രം മൂപ്പെത്തിയ കായ്കള്‍ നിലനിര്‍ത്തി അവയാണ് വിത്തായി ശേഖരിക്കേണ്ടത്. പാവല്‍, പടവലം, പഴുത്തശേഷം വിത്ത് കഴുകി പുറംപഴുപ്പ് കളഞ്ഞ് വിത്ത് ഉണക്കണം. പീച്ചില്‍, ചുരക്ക, പയര്‍, വെണ്ട, മുളക് എന്നിവ ചെടിയില്‍നിന്ന് കായ ഉണങ്ങിയശേഷമേ വിത്തായി ഉപയോഗിക്കാവൂ. കുമ്പളം, മത്തന്‍, വെള്ളരി ഇവ മൂത്തുപഴുത്ത് മാംസളഭാഗം നീക്കിയശേഷം അത് 12 മണിക്കൂര്‍ ബക്കറ്റില്‍ പുളിക്കാനായി വയ്ക്കുക – തക്കാളി, വഴുതിന എന്നിവയും വെള്ളത്തില്‍ ഇടുക. അടിയില്‍ അടിഞ്ഞ വിത്തു മാത്രം എടുക്കുക. ഒന്നോ രണ്ടോ മണിക്കൂര്‍ വെയിലത്തുണക്കിയശേഷം പിന്നീട് തണലില്‍ ഉണക്കാനിടുക. വെണ്ട, മുളക്, പീച്ചില്‍ വിത്ത് വേര്‍പെടുത്താതെ ഉണക്കിസൂക്ഷിക്കാം.

വിത്തുണക്കല്‍
ഉണക്കുമ്പോള്‍ കൂടുതല്‍ ജലാംശമുണ്ടായാല്‍ രോഗബാധകൂടും. കൂടുതല്‍ ഉണങ്ങിയാല്‍ മുളശേഷി കുറയും. അതുകൊണ്ട് 5–8% വരെ ജലാംശം നിലനില്‍ക്കത്തക്കവിധം തണലില്‍ ഉണക്കിസൂക്ഷിക്കുക.

വിത്തു സൂക്ഷിക്കല്‍
വായു കടക്കാത്ത പ്ളാസ്റ്റിക് കവര്‍, അലൂമിനിയം ഫോയില്‍ കവര്‍ എന്നിവയില്‍ സൂക്ഷിക്കാം. വെണ്ണീര്‍ പുരട്ടി സൂക്ഷിക്കുന്നത് മുളശേഷി കൂട്ടും. പാവല്‍, പടവലം, മത്തന്‍, കുമ്പളം, വെള്ളരി എന്നിവ പച്ചച്ചാണകത്തിന്റെ ഉരുളയാക്കി അതില്‍ സൂക്ഷിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമാണ്. മണലും ചാരവും കലര്‍ത്തിയ വിത്ത് മണ്‍കലത്തില്‍ ദീര്‍ഘനാള്‍ സൂക്ഷിക്കാം. പയര്‍ വിത്തില്‍ അല്‍പ്പം വെളിച്ചെണ്ണ പുരട്ടി വെയിലത്തുണക്കി തുണിസഞ്ചിയില്‍ കെട്ടി സൂക്ഷിക്കുക. കീടങ്ങളെ അകറ്റാന്‍ വിത്തുസംഭരണിയില്‍ വറ്റല്‍മുളകുപൊടി, വെളുത്തുള്ളി അല്ലി, കടലാവണക്കിന്റെ കുരു പൊടിച്ചത്, കശുവണ്ടിത്തോട്, വയമ്പിന്റെ കീഴങ്ങ് എന്നിവ ചേര്‍ത്തും വിത്തു സൂക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top