23 April Tuesday

പശുക്കളെ തെരഞ്ഞടുക്കുമ്പോള്‍ ശ്രദ്ധ വേണം

ഡോ. എം ഗംഗാധരന്‍ നായര്‍Updated: Thursday May 4, 2017

നാടന്‍പശുക്കളാണെങ്കിലും സങ്കരവര്‍ഗത്തില്‍പ്പെട്ടതാണെങ്കിലും വിദേശ ഇനത്തിലുള്ളവയാണെങ്കിലും ഇവയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. 

പശുക്കള്‍
വിദേശ പാരമ്പര്യം 5062.5 ശതമാനംവരെയുള്ള സങ്കരവര്‍ഗമാണ് പറ്റിയത്. കിടാരികളെ തെരഞ്ഞെടുക്കുമ്പോള്‍ തള്ളപ്പശുവിന്റെ ഉല്‍പ്പാദനം ശരാശരി ദിവസം 10 ലിറ്ററില്‍ കൂടുതലാകണം. ശാരീരികവൈകല്യങ്ങള്‍ ഉണ്ടാകരുത്. കിടാരി രണ്ടുവര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണികള്‍ ആകണം. പശുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ മുന്‍കാല പ്രസവങ്ങളിലെ ഉല്‍പ്പാദനം കണക്കാക്കണം. നല്ല ആരോഗ്യമുള്ളവയാകണം. ആകൃതി ഒത്ത മുലകളോടുകൂടിയതും പാല്‍ ഞരമ്പുകള്‍ വൃക്തമായി കാണാവുന്നതും ആകണം. ആദ്യപ്രസവം മൂന്നുവയസ്സിനുള്ളില്‍ നടക്കണം. ഒരുവര്‍ഷത്തില്‍ ഒരു പ്രസവം നടക്കണം.

തൊഴുത്ത്
തൊഴുത്തുകള്‍ വൃത്തിയുള്ളതാകണം. ഇവ മഴയില്‍നിന്നും വെയിലില്‍നിന്നും കാറ്റില്‍നിന്നും സംരക്ഷണം നല്‍കുന്നതുമാകണം. ഇതിന്റെ ദിശ വടക്ക്തെക്ക് ആകുന്നത് നല്ലത്. ഉറച്ച മണ്ണുള്ള സ്ഥലമാകണം. ശുദ്ധജലം കിട്ടുന്ന സ്ഥലമാകണം. ഉയര്‍ന്ന സ്ഥലത്താണെങ്കില്‍ മലിനജലം ഒഴുകാന്‍ കൂടുതല്‍ സൌകര്യപ്പെടും. പട്ടണങ്ങളില്‍നിന്ന് അകന്നിരിക്കണം. എങ്കിലും ഗതാഗതയോഗ്യമാകണം. ചികിത്സ ലഭ്യമാകണം. വൈദ്യുതി ലഭ്യമാകണം. തറ സിമന്റ്, കോണ്‍ക്രീറ്റ് ചെയ്തതോ ആകണം. ഒരു പശുവിന് മൂന്നരമുതല്‍ നാലു ചതുരശ്ര മീറ്റര്‍വരെ സ്ഥലസൌകര്യം ഉണ്ടാകണം. തറയില്‍ മുഴകളോ വിള്ളലുകളോ ഉണ്ടാകരുത്. മലിനവസ്തുക്കള്‍ കെട്ടി അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടാകരുത്. ഭിത്തിക്കകത്തും പുറത്തും 1.5 സെ.മീ ഘനത്തില്‍ പ്ളാസ്റ്റര്‍ചെയ്യണം. ഭിത്തിയുടെ അകവശം ഒരുമീറ്റര്‍ ഉയരത്തില്‍ വളരെ മിനുസ്സപ്പെടുത്തിയാല്‍ വൃത്തിയാക്കാന്‍ എളുപ്പം. മേല്‍ക്കൂരയ്ക്കായി ഭിത്തിയില്‍നിന്ന് തൂണുകള്‍ കെട്ടി ഉയര്‍ത്തണം. തൊഴുത്തിനകത്ത് വായുസഞ്ചാരം ലഭ്യമാക്കണം. മേല്‍ക്കൂര ഓട്, ആസ്ബസ്റ്റോസ്, ഓല എന്നിവ ഉപയോഗിക്കാം. തീറ്റ നല്‍കുന്നതിനുള്ള സൌകര്യം, തീറ്റക്കൂട്, പശുനില്‍ക്കുന്ന സ്ഥലം, മൂത്രം നീക്കംചെയ്യാനുള്ള ഓട, പാല് കൊണ്ടുപോകുന്നതിനും ചാണകം നീക്കംചെയ്യുന്നതിനും  ഉള്ള വഴി എന്നിവ ഏര്‍പ്പെടുത്തണം.

സ്ഥലസൌകര്യം: പശുക്കുട്ടികള്‍ക്ക് രണ്ടു ചതുരശ്രമീറ്റര്‍, കിടാരികള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍, പ്രായപൂര്‍ത്തിയായവയ്ക്ക് ഏഴുചതുരശ്ര മീറ്റര്‍. ഇങ്ങനെ അനുവദിക്കണം.
തൊഴുത്തിന്റെ അളവുകള്‍: വഴി ഒരു മീറ്റര്‍, പുല്ലുകൂട് 60 സെ.മീ, പുല്ലുകൂടിന്റെ അകത്തെ മതിലിന്റെ ഉയരം 50 സെ.മീ, നില്‍ക്കുന്ന സ്ഥലം 1.5 മീറ്റര്‍. മൂത്രച്ചാല്‍ 30 സെ.മീ, വഴി ഒരു മീറ്റര്‍ എന്നിങ്ങനെ.
(മൃഗസംരക്ഷണവകുപ്പ് റിട്ടയഡ് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top