11 December Monday

കീടങ്ങളിൽനിന്ന്‌ പച്ചക്കറി കൃഷിയെ രക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2023

സംസ്ഥാനത്ത്‌ കുറഞ്ഞ സ്ഥലത്തുപോലും പച്ചക്കറി കൃഷി വ്യാപകമായിട്ടുണ്ട്‌. പുരപ്പുറ കൃഷി മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികെയാണ്‌.  പച്ചക്കറി വിളകളെ  രോഗ കീടങ്ങൾ ബാധിക്കുന്നത്‌ തടയാൻ നിരവധി മാർഗങ്ങളുണ്ട്‌. അവയെ പറ്റി:

ചീര
ഇലകളിൽ നിറയെ വൈക്കോൽ നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ചെറുപുള്ളികൾ ആണ് ചീരയിലെ ഇലപ്പുള്ളി രോഗത്തിന്റെ ആദ്യ ലക്ഷണം. ഇവ വളർന്ന് പിന്നീട് ഇലകളിൽ സുഷിരങ്ങൾ ഉണ്ടാക്കും.  ചുവന്ന ചീരകൾ പച്ചചീരയുമായി ഇടകലർത്തി നടുന്നതാണ്‌ രോഗപ്രതിരോധത്തിന് നല്ലത്‌. പ്രതിരോധമാർഗമെന്ന നിലയിൽ ആഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ്  ലായനി (2 ശതമാനം വീര്യത്തിൽ) തളിക്കാം. ജലസേചനം എല്ലായ്‌പ്പോഴും ചെടികളുടെ മുകളിൽക്കൂടി നൽകാതെ ചുവട്ടിൽ മാത്രം നൽകുക.  ചീരയിൽ ഇലചുരുട്ടിപ്പുഴുക്കളുടെ സാന്നിധ്യം കണ്ടാൽ അവ കൈകൊണ്ടു ശേഖരിച്ച് നശിപ്പിക്കുക. കൂടുതൽ സ്ഥലത്ത് കൃഷി ഉണ്ടെങ്കിൽ 5 ശതമാനം വീര്യത്തിൽ വേപ്പിൻകുരു സത്ത് തളിക്കാം.

വെണ്ട
ഇലപ്പുള്ളി രോഗമാണ് വെണ്ടയുടെ പ്രധാന പ്രശ്നം. ഇലകളുടെ ഇരുവശങ്ങളിലും കറുത്ത നിറത്തിലുള്ള പുള്ളികൾ ആരംഭിക്കും.     ലക്ഷണം. രോഗപ്രതിരോധത്തിനായി ചീരകൃഷിയിൽ പറഞ്ഞതുപോലെ സ്യൂഡോമോണാസ് (2 ശതമാനം വീര്യത്തിൽ) ആഴ്ചയിലൊരിക്കൽ തളിക്കാം. രോഗം മൂർച്ഛിച്ച  അവസ്ഥയിൽ കോപ്പർ ഓക്സിക്ലോറൈഡ് (3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ ഒരുശതമാനം വീര്യത്തിൽ  ബോർഡോ മിശ്രിതം തളിക്കാം.

ഇല ചുരുട്ടിപ്പുഴുക്കളാണ്‌ മറ്റൊരു പ്രശ്‌നം. ചുരുണ്ടു നിൽക്കുന്ന ഇലകൾക്കുള്ളിൽ പച്ചപ്പുഴുക്കളെ കാണാനാകും . ഇലച്ചുരുളുകളിൽനിന്നും പുഴുക്കളെ ശേഖരിച്ച്  നശിപ്പിക്കുക എന്നതാണ്‌  പ്രധാന നിയന്ത്രണ മാർഗം. ബ്യുവേറിയ  എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയോ  5 ശതമാനം വീര്യത്തിൽ വേപ്പിൻകുരു സത്ത് തളിക്കുകയോ ചെയ്യാം.

പയർ
തണ്ടുകളിലും ഇലകളിലും കറുത്ത പാടുകളോടെ  ആരംഭിക്കുന്ന കരിവള്ളി രോഗം, വെളുത്ത പൂപ്പൽ പോലെ കടഭാഗത്ത്  അഴുകൽ വരുന്ന കടചീയൽ  രോഗം, വള്ളികൾ മഞ്ഞളിച്ചു കടഭാഗം വിണ്ടുകീറുന്ന വാട്ടരോഗം എന്നിവ   പയറിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്. ജൈവവളത്തിനൊപ്പം വേപ്പിൻപിണ്ണാക്ക് നൽകുന്നതും ട്രൈക്കോഡെർമ ഉപയോഗിച്ച് വിത്ത് പരിചരണം (2 ഗ്രാം ഒരു കിലോ വിത്തിന്) ചെയ്യുന്നതും രോഗപ്രതിരോധത്തിന് ഉത്തമം.     രോഗം ശ്രദ്ധയിൽപ്പെട്ടാൽ കോപ്പർ ഓക്സിക്ലോറൈഡ് 4 ഗ്രാം അല്ലെങ്കിൽ  ഹെക്സാകൊണസോൾ രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചുവട്ടിൽ കുതിർത്ത് ഒഴിക്കുകയും തളിക്കുകയും വേണം. കരിവള്ളി പിടിപെട്ടാൽ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം / ലിറ്റർ എന്ന തോതിൽ ചെടിയിൽ തളിക്കാം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 10 ദിവസത്തിലൊരിക്കൽ തളിക്കുന്നത് വിവിധ രോഗങ്ങൾക്കെതിരെ പ്രതിരോധ മാർഗമാണ്‌.

മുളക്, വഴുതന, തക്കാളി
ബാക്ടീരിയൽ വാട്ടമാണ് ഇവയെ ബാധിക്കുന്ന ഒരു പ്രധാന രോഗം. രോഗം ബാധിച്ച ചെടികൾ പെട്ടെന്ന് വാടിപ്പോകും. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ  നടാനായി തെരഞ്ഞെടുക്കണം. പ്രതിരോധം എന്ന നിലയിൽ 5 ഗ്രാം ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ചെടികളുടെ ചുവട്ടിൽ കുഴിച്ചിടുകയും ചെയ്യാം. രോഗം ബാധിച്ച് കഴിഞ്ഞാൽ അത്തരം ചെടികൾ നശിപ്പിക്കണം. മറ്റുള്ളവയ്ക്ക്  സ്ട്രെപ്ടോമൈസിൻ  ഒരു ഗ്രാം ആറു ലിറ്റർ വെള്ളത്തിലോ കോപ്പർ ഓക്സിക്ലോറൈഡ് മൂന്ന് ഗ്രാം ഒരു ലിറ്റർ എന്ന തോതിലോ കലക്കി ചുവട്ടിൽ ഒഴുകിക്കുക. വഴുതനവർഗ വിളകളിലെ മറ്റൊരു പ്രധാന രോഗമാണ് കായ്ചീയൽ. രോഗത്തിന്റെ ആദ്യഘട്ടത്തിൽ ഇലകളിലും തണ്ടിലും നനഞ്ഞ പാടുകൾപോലെ കാണും. അഴുകിയ ഇലകൾ ചെടികളിൽ തൂങ്ങിക്കിടക്കും. കായകളിലും ഇതുപോലെ അഴുകൽ ബാധിക്കും. രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഴുകൽ ബാധിച്ച കായകളും മറ്റു ഭാഗങ്ങളും ശേഖരിച്ച് കത്തിച്ചു കളയണം. മാങ്കോസെബ് എന്ന കുമിൾനാശിനി മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുക.
 കായതുരപ്പൻ പുഴുക്കളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക.5 ശതമാനം വീര്യത്തിൽ വേപ്പിൻ കുരുസത്ത് തളിക്കാം.

വെള്ളരിവർഗ വിളകൾ
വെള്ളരിവർഗ വിളകളിലെ ഒരു പ്രധാന പ്രശ്നമാണ് മൃദുരോമപ്പൂപ്പ്‌ രോഗം. ഇലയുടെ മുകൾഭാഗത്ത് മഞ്ഞനിറത്തിലുള്ള നനവുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. ക്രമേണ ഇവ  വ്യാപിച്ച് ഇലകൾ ഉണങ്ങി കൊഴിയും. നിയന്ത്രണത്തിനായി രോഗം ബാധിച്ച ഇലകൾ അപ്പപ്പോൾ ശേഖരിച്ച് കത്തിച്ചു കളയണം. കൃഷിയിടം  വൃത്തിയായി സൂക്ഷിക്കണം. മുൻ കരുതലായി സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ 10 ദിവസത്തെ ഇടവേളയിൽ ചെടികളിൽ തളിക്കാം.  രോഗബാധ രൂക്ഷമായാൽ മാങ്കോസെബ് മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്ക വിധത്തിൽ തളിക്കണം. പ്രധാന കീടമാണ് മത്തൻവണ്ടുകളുടെ പുഴുക്കൾ. വള്ളികളിലും തണ്ടിലും കയറിയിരുന്ന് ഭക്ഷിക്കുന്നതുമൂലം വള്ളികൾ വാടിപോകുകയും വളർച്ചയെത്തിയ  വണ്ടുകൾ ഇലകൾ തിന്ന് നശിപ്പിക്കുകയും ചെയ്യുന്നു.   നടുന്നതിന് മുമ്പ് 50 ഗ്രാം വേപ്പിൻപിണ്ണാക്ക് തടത്തിൽ ചേർക്കണം. കായീച്ചയുടെ ആക്രമണത്തിൽനിന്നും രക്ഷ നേടാൻ ഫിറോമോൺ കെണികൾ  15 സെന്റിന് 1  എന്ന തോതിൽ പൂവിടുന്നതിനൊപ്പം കൃഷിയിടത്തിൽ സ്ഥാപിക്കണം.

തയ്യാറാക്കിയത്‌:
വിഷ്ണു എസ്  പി , (അഗ്രികൾച്ചർ ഓഫീസർ , ഫാം ഇൻഫർമേഷൻ ബ്യൂറോ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top