20 April Saturday

റബറില്‍ ശിഖരങ്ങളുണ്ടാക്കാന്‍ പുതിയ മാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

റബര്‍മരങ്ങളില്‍ രണ്ടരമൂന്ന് മീറ്റര്‍ (810 അടി) ഉയരംവരെ ശിഖരങ്ങള്‍ ഇല്ലാതിരുന്നാലേ ശരിയായ രീതിയില്‍ ടാപ്പ്ചെയ്ത് ആദായമെടുക്കാന്‍ കഴിയു. അതിനായി ചെറിയ തൈകളില്‍ മേല്‍പ്പറഞ്ഞ ഉയരം എത്തുന്നതുവരെ ഉണ്ടാകുന്ന ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നു. രണ്ടരമൂന്ന് മീറ്റര്‍ ഉയരത്തിനുശേഷം ഉണ്ടാകുന്ന മൂന്നോ നാലോ ശിഖരങ്ങള്‍ ചുറ്റിലും വളരാന്‍ അനുവദിക്കുന്നത് മരങ്ങളുടെ സന്തുലിത വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മിക്കവാറുംതൈകളില്‍ സ്വാഭാവികമായിത്തന്നെ ഇങ്ങനെ ശിഖരങ്ങള്‍ ഉണ്ടാകാറുണ്ട്.

ചില തൈകളില്‍ രണ്ടരമൂന്നു മീറ്റര്‍ ഉയരമെത്തിയാലും ശാഖകള്‍ ഉണ്ടാകാറില്ല. ഇങ്ങനെയുള്ള തൈകളില്‍ കൃത്രിമമായി ശിഖരം കിളിര്‍പ്പിക്കേണ്ടതാണ്. ചില കര്‍ഷകര്‍ ശിഖരങ്ങളുണ്ടാക്കുന്നതിന് അഗ്രമുകുളം നുള്ളിക്കളയാറുണ്ട്. ഇത് തെറ്റായ രീതിയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ തൊട്ടുതാഴെനിന്ന് അനവധി ശിഖരങ്ങളുണ്ടായി തൈകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അഗ്രമുകുളത്തിന്റെ വളര്‍ച്ച നഷ്ടപ്പെടാത്ത രീതിയില്‍ വേണം ശിഖരങ്ങളുണ്ടാക്കാന്‍.

മൂപ്പെത്തിയ അഗ്രമുകുളത്തില്‍ സൂര്യപ്രകാശം പതിക്കാന്‍ അനുവദിക്കാതെ അതിനെ പാതിമയക്കത്തിലാക്കി, തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന ഇലക്കണ്ണുകളെ ഉണര്‍ത്തിയെടുക്കുക എന്നതാണ് കൃത്രിമശാഖകള്‍ ഉണ്ടാക്കുന്നതിനു സ്വീകരിക്കുന്ന തത്വം. ഇതിന് പല വഴികളുണ്ടെങ്കിലും തൊടുപുഴ മലങ്കര എസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ആയിരുന്ന ഒ എം അബ്ദുള്‍ ഹമീദ് കണ്ടെത്തിയ ടെക്നിക് പ്രയോഗത്തില്‍ താരതമ്യേന എളുപ്പമാണ്. 

ഹമീദിന്റെ രീതിയില്‍, ഏറ്റവും മുകളിലെ തട്ട് ഇലകള്‍ മൂപ്പെത്തിക്കഴിയുമ്പോള്‍ റബര്‍തൈ സാവധാനം വളച്ചുപിടിച്ച് മുകള്‍ത്തട്ടിലെ ഇലത്തണ്ടുകള്‍ മുകളിലേക്ക് മാടിവച്ച് അഗ്രമുകുളത്തെ പൊതിഞ്ഞിരിക്കത്തക്കവിധം കെട്ടുന്നു. തന്മൂലം ഒരുകൂട്ടം ഇലത്തണ്ടുകള്‍ അഗ്രമുകുളത്തില്‍ വെയിലടിക്കാതെ മറയ്ക്കുന്നു. ഈ രീതിയില്‍, കെട്ടുന്ന സ്ഥാനം വളരെ പ്രധാനമാണ്. മൂപ്പെത്തിയ അഗ്രമുകുളത്തിനു തൊട്ടുതാഴെ വരത്തക്കവിധമാണ് കെട്ടിടേണ്ടത്. വണ്ണമുള്ള ചാക്കുനൂലോ വാഴനാരോ ഒരടിനീളത്തില്‍ മുറിച്ചെടുത്ത് സാമാന്യം മുറുക്കിത്തന്നെ കെട്ടണം. എന്നാല്‍, ഇലത്തണ്ടുകള്‍ക്ക് ക്ഷതം ഏല്‍ക്കത്തക്കവിധം വലിച്ചുമുറുക്കരുത്. കെട്ടുന്നസ്ഥാനം മുകളിലേക്കു മാറിയാല്‍ അഗ്രമുകുളം വളര്‍ന്നുവരുമ്പോള്‍ ആ കെട്ടില്‍തട്ടി വളഞ്ഞുപോകുന്നതിന് ഇടയാകും. അതുപോലെ കെട്ടുന്നത് ഏറെ താഴ്ന്നുപോയാല്‍ അഗ്രമുകുളത്തില്‍ സൂര്യപ്രകാശം അടിക്കും. തന്മൂലം താഴെയുള്ള ഇലക്കണ്ണുകളില്‍നിന്ന്  മുകുളങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയും.

ശരിയായ രീതിയില്‍ കെട്ടിവയ്ക്കുന്ന തൈകളില്‍ ഏതാണ്ട് 10 ദിവസം കഴിയുമ്പോള്‍ അഗ്രമുകുളത്തിന് തൊട്ടുതാഴെയുള്ള ഇലക്കണ്ണുകളില്‍നിന്ന് മുകുളങ്ങള്‍ പൊട്ടാന്‍ തുടങ്ങുന്നതു കാണാം. മൂന്നോ നാലോ മുകുളങ്ങള്‍ പൊട്ടിയാലുടന്‍ കെട്ടഴിച്ചുമാറ്റി ഇലത്തണ്ടുകള്‍ സ്വതന്ത്രമാക്കാം. ആവശ്യത്തില്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ എല്ലാ വശങ്ങളിലേക്കും വരത്തക്കവിധം മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചുമാറ്റണം. കടുത്ത വേനലിലൊഴികെ ബാക്കിസമയങ്ങളില്‍ ഈ രീതി വളരെ വിജയപ്രദമാണെന്നാണ് ഹമീദിന്റെ അഭിപ്രായം.

ഹമീദിന്റെ മേല്‍നോട്ടത്തില്‍ പരിചരണംകിട്ടി വളര്‍ന്ന മലങ്കരത്തോട്ടത്തിലെ തൈകള്‍ സന്തുലിത ശാഖാവിന്യാസത്തോടെ വളര്‍ന്നുനില്‍ക്കുന്ന കാഴ്ച ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ഔദ്യോഗികരംഗത്തുനിന്നു വിരമിച്ചെങ്കിലും 70ാം വയസ്സിലും കര്‍മനിരതനായ അദ്ദേഹം കര്‍ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സദാ സന്നദ്ധനാണ്. അബ്ദുള്‍ ഹമീദിന്റെ ഫോണ്‍: 9946879566.വിവരങ്ങള്‍ക്ക് റബര്‍ ബോര്‍ഡ് കോള്‍സെന്ററിലും വിളിക്കാം. ഫോണ്‍: 04812576622.

(കോട്ടയത്ത് റബ്ബര്‍ബോര്‍ഡില്‍ ഫാം ഓഫീസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top