19 April Friday

പ്ലാവ്‌കൃഷിചെയ്യാം...ശാസ്ത്രീയമായി

മലപ്പട്ടം പ്രഭാകരൻUpdated: Thursday May 3, 2018

ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ചക്ക ഇനി വ്യാപകമായി കൃഷി ചെയ്‌ത്‌ വിപണനസാധ്യതകൾ തേടണം. ഇനങ്ങൾ: വരിക്കച്ചക്ക, പഴച്ചക്ക (കൂഴച്ചക്ക) എന്ന രണ്ട് വിധമുണ്ട്. വരിക്ക സ്വാദിഷ്ടവും നല്ല മധുരമുള്ള പഴങ്ങളുള്ളതുമാണ്. പഴച്ചക്ക കൂടുതൽ മൃദുലമാണ്. ഗുണത്തിൽ തുല്യതയുണ്ട്. വരിക്കയിൽ മുട്ടൻ വരിക്കയുമുണ്ട്.

നടീൽവസ്തുക്കൾ: വിത്ത് നട്ട് മുളപ്പിച്ച കൈതകളോ ഗ്രാഫ്റ്റ് ചെയ്ത തൈകളോ ആകാം. ഇത്തരം പ്രായമായ പ്ലാവിലെ മൂത്തുപഴുത്ത ചക്കയിലെ കുരു വിത്താക്കാം. പോളിത്തീൻ സഞ്ചിയിൽ പോട്ടിങ്മിശ്രിതം നിറച്ച് കുരു നട്ടുനനച്ച് തൈകളാക്കാം. മുളച്ച് രണ്ടുമാസത്തിനകം നടാം.

ഗ്രാഫ്റ്റ്ചെയ്യുന്നുവെങ്കിൽ പോളിത്തിൻകൂടയിൽ നട്ടുവളർത്തിയ തൈകൾ മുളച്ച് ഒമ്പതുമാസത്തിനുശേഷം ഒട്ടിക്കാം. നല്ലയിനം പ്ലാവിൽനിന്നും കൂടത്തൈയുടെ വണ്ണത്തിനു സമമായ കമ്പുകൾ മുറിച്ചെടുക്കുക. ഈ ഭാഗത്തെ ഇല 20 ദിവസം മുമ്പെ നീക്കണം.കൂട തൈയുടെ ചുവട്ടിൽനിന്ന് 12‐15 സെ.മീ ഉയരത്തിൽ മുറിച്ചു മാറ്റുക. കുറ്റിയുടെ നടുഭാഗത്തുനിന്ന് താഴോട്ട് ഒന്നര ഇഞ്ച് നീളത്തിൽ പിളർക്കുക. മുറിച്ചെടുത്ത കമ്പിന്റെ മുറിഭാഗം (അറ്റം) ആപ്പുപോലെ ചെത്തി, പിളർന്ന കുറ്റിച്ചെടിയിൽ ഇറക്കി തടിക്ക് സമമായവിധംവച്ച് വീതികുറഞ്ഞ പോളിത്തിൻ നാടകൊണ്ട് ചുറ്റി ഒട്ടിക്കുക. ഒട്ടിച്ചവ അധികം മഴ കൊള്ളാത്തിടത്ത് വയ്ക്കുക. 15 ദിവസത്തിനുശേഷം പോളിത്തിൻ നാട നീക്കുക. ഏതാണ്ട് രണ്ടുമാസം കഴിയുമ്പോൾ ഒട്ടുകമ്പ് വളർന്നുതുടങ്ങും. പിന്നീട് പ്രധാന കൃഷിയിടത്തിൽ നടാം.

നടീൽ: 60‐60‐60 സെ.മീ അളവിൽ കുഴിയെടുത്ത് അതിൽ 10 കി.ഗ്രാം കമ്പോസ്റ്റോ കാലിവളമോ മേൽമണ്ണുമായി കുഴച്ച് നിറച്ച് ഇതിൽ കൂടയുടെ ആഴത്തിൽ കുഴിയെടുത്ത് അതിൽ കൂട തൈയുടെ കൂട ബ്ലേഡ്കൊണ്ടോ, കത്തികൊണ്ടോ മുറിച്ചുമാറ്റി കുഴിൽ തൈ നടാം. ആദ്യവർഷം വേനലിൽ തണൽ നൽകണം. ഗ്രാഫ്റ്റ്തൈകൾ മൂന്നുവർഷംകൊണ്ടും മറ്റുള്ളവ 7‐8 വർഷംകൊണ്ടും കായ്ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top