19 April Friday

തുലാമഴ എങ്ങനെ പ്രയോജനപ്പെടുത്താം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Nov 2, 2017

കേരളത്തിന്റെ കാലാവസ്ഥയില്‍ തുലാമഴയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന വേനല്‍ക്കാലത്തെ വരള്‍ച്ചയും ജലക്ഷാമവും പരിമിതപ്പെടുത്താന്‍ തുലാമഴയുടെ സുലഭമായ ലഭ്യതകൊണ്ട് സാധിക്കും. ഓരോ മഴയും പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് ഇതിന്റെ ഫലം കൊയ്തെടുക്കാനാവുക. ഇതെങ്ങനെയെന്നാണ് പ്രധാനപ്പെട്ട ഏതാനും കാര്യങ്ങളിലൂടെ സൂചിപ്പിക്കുന്നത്.

മഴക്കുഴികള്‍: മഴക്കുഴികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ളത് തുലാമഴക്കാലത്താണ്. വെള്ളക്കെട്ടിനു ഭയപ്പെടാതെ പറമ്പുകളില്‍ അവിടവിടെ ചെറിയ ചെറിയ കുഴികളെടുത്ത് പെയ്യുന്ന മഴവെള്ളം ഇതിലേക്ക് ഒഴുക്കിവിടുക. 15% ശതമാനംവരെ ചരിഞ്ഞ ഇടങ്ങളിലാണ് ഇത് കൂടുതല്‍ വേണ്ടത്. സമതലങ്ങളിലും കുത്തനെ കിടപ്പുള്ള മണ്ണിലും മഴക്കുഴി ആവശ്യമില്ല. കിണറിലും ഭൂഗര്‍ഭജല സ്രോതസ്സുകളിലും ഈ വെള്ളം മുതല്‍ക്കൂട്ടാകും.

ജലവ്യാപനം: ചരിവുകുറഞ്ഞ പ്രദേശങ്ങളിലാണ് ഇത് ചെയ്യേണ്ടത്. പെയ്യുന്ന മഴവെള്ളത്തെ മണ്ണിലൂടെ ഒഴുക്കി വ്യാപിപ്പിക്കുക. ചെറിയചെറിയ ചാലുകള്‍വഴി വ്യാപിപ്പിക്കുമ്പോള്‍ ഇവ സാവധാനം മണ്ണില്‍ കിനിഞ്ഞിറങ്ങും. മഴവെള്ളത്തിന്റെ അളവും മണ്ണിന്റെ ഘടനയും, സ്ഥലത്തിന്റെ കിടപ്പും എല്ലാം നോക്കിവേണം ഇതു ചെയ്യാന്‍.

ചകിരി ട്രഞ്ച്: ചകിരിത്തൊണ്ടിന് മഴവെള്ളം പിടിച്ചുനിര്‍ത്താനുള്ള കഴിവുണ്ട്. തെങ്ങിന്‍തോട്ടത്തില്‍ നാലു തെങ്ങുകള്‍ക്കിടയിലോ, ഓരോ തെങ്ങിനും അര്‍ധവൃത്താകൃതിയിലോ, മറ്റ് കൃഷിയിടങ്ങളില്‍ ഒഴിവിടങ്ങളിലെല്ലാം തൊണ്ട് കുഴിച്ചിടാം. ഒളിവിടങ്ങളില്‍ ഒരുമീറ്റര്‍ സമചതുര കുഴിയെടുത്ത് അതില്‍ തൊണ്ട് നിറയ്ക്കാം. വിളകള്‍ക്ക് ചുറ്റുമാവുമ്പോള്‍ ആഴവും നീളവുമെല്ലാം പരിമിതപ്പെടുത്താം. കുഴിയുടെ ഏറ്റവും അടിയില്‍ തൊണ്ട് മലര്‍ത്തിയും മുകളില്‍വയ്ക്കുന്ന രണ്ടുവരി കമിഴ്ത്തിയും അടുക്കണം. മണ്ണിട്ടുമൂടുമ്പോള്‍ 15 സെ.മീറ്റര്‍ മുകള്‍ഭാഗത്ത് കുഴിഞ്ഞുനില്‍ക്കണം. ഇതില്‍ വെള്ളം സംഭരിച്ച് വേനല്‍വരള്‍ച്ച തടയാം.
മണ്ണ് പുതയിടല്‍: കര്‍ക്കടകത്തില്‍ പറമ്പിലെ മണ്ണ് കൂനകൂട്ടിയിടുകയും തുലാമഴയുടെ ഒടുവില്‍ ഇവ തട്ടി നിരത്തുകയും ചെയ്യുക. (തുലാക്കിള). ഈ മണ്ണ് ഒരു പുതപ്പായി മുകളില്‍ നില്‍ക്കുകയും ചൂടിനെ പ്രതിരോധിക്കുകയും ചെയ്യും.

കിണര്‍ റീചാര്‍ജിങ്: തുലാമഴവെള്ളത്തെ മേല്‍ക്കൂരയില്‍നിന്ന്പൂര്‍ണമായും പൈപ്പ്വഴി അരിപ്പയിലൂടെ ഒഴുക്കിവിട്ട് ശുദ്ധിചെയ്ത് നേരിട്ട് കിണറ്റില്‍ ഒഴുക്കിവിടുന്നതാണ് കിണര്‍ റീചാര്‍ജിങ്. ഇതിന്റെ സാങ്കേതികസഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും മറ്റും ലഭിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഏറ്റവും നല്ല ഉപാധിയാണിത്.

നെല്‍വയല്‍തലക്കുളംവഴി ശേഖരണം: തുലാമഴക്കാലം രണ്ടാം വിള നെല്‍കൃഷിക്കാലമാണ്. വരമ്പുകള്‍ ബലപ്പെടുത്തി നെല്ലിനു  ദൂഷ്യംവരാത്തവിധം വെള്ളം കെട്ടി സാവധാനം കീഴോട്ടൊഴുക്കുക. അവശേഷിക്കുന്ന വെള്ളം ചാലുകള്‍വഴി പാടശേഖരങ്ങളുടെ കീഴ്ഭാഗത്ത് ചെറിയ കുളം നിര്‍മിച്ച് അതില്‍ ശേഖരിക്കാം. അതുപോലെ തലക്കുളങ്ങള്‍ ഉണ്ടാക്കിയും ശേഖരിക്കാം.

തുലാമഴ ഉപയോഗിച്ച് ചില  കൃഷിപ്പണികള്‍
തുലാ കപ്പ: തുലാമഴ ഉപയോഗിച്ച് കരപ്പാടത്തും ഉയരംകൂടാത്ത പറമ്പിലും മരച്ചീനി കൃഷിചെയ്യാം. വേനലില്‍ ഇടയ്ക്ക് നനച്ചുകൊടുത്താല്‍ മതി.
ജൈവപുതപ്പ്: തുലാമഴക്കാലത്ത് മണ്ണില്‍ പടര്‍ന്നുകിടക്കുന്ന ഏതെങ്കിലും പയര്‍ ഇന വിത്തുകള്‍ വിതച്ച് മണ്ണിനെ പുതപ്പിക്കുംവിധം പടര്‍ത്തുക. മണ്ണില്‍ വളക്കൂറുണ്ടാകാനും വെയിലിന്റെ കാഠിന്യം കുറയ്ക്കാനും സാധിക്കും.

പച്ചക്കറി: തുലാമഴയുടെ കാഠിന്യം ഇല്ലാത്ത സമയം വിവിധ പച്ചക്കറികള്‍ കൃഷിചെയ്യാം.
എള്ളുകൃഷി: തുലാമഴയുടെ അവസാനഘട്ടത്തില്‍ കരപ്പാടത്തും സമതലങ്ങളിലും എള്ള് കൃഷിചെയ്യാം.
തീറ്റപ്പുല്‍കൃഷി:  തുലാമഴയുടെ ആരംഭത്തില്‍തന്നെ പറമ്പുകളില്‍ തീറ്റപ്പുല്‍ കൃഷിചെയ്യാം.
വളപ്രയോഗം: റബര്‍, കശുമാവ്, കുരുമുളക്, തെങ്ങ്,വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കെല്ലാം ജൈവരാസ വളങ്ങള്‍ ചേര്‍ക്കാനും മഴക്കാലത്തെ പ്രയോജനപ്പെടുത്താം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top