26 April Friday

റബറിന് വേനല്‍ക്കാല സംരക്ഷണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2017

ദീര്‍ഘകാലം ആദായം നല്‍കുന്ന കൃഷിയാണ് റബര്‍കൃഷി. അതുകൊണ്ട് വേനല്‍ക്കാല സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മണ്ണിലെ ഈര്‍പ്പം മരങ്ങളുടെ വളര്‍ച്ചയെ മാത്രമല്ല, ഉല്‍പ്പാദനത്തെയും ഉല്‍പ്പാദനകാലത്തെയും സ്വാധീനിക്കും.

തെക്കോട്ടും പടിഞ്ഞാറോട്ടും ചരിവുള്ള ഭൂമിയില്‍ വെയിലിന്റെ കാഠിന്യം കൂടുതലായതിനാല്‍ വേനല്‍ക്കാല പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. റബര്‍തൈകളെ ചൂടില്‍നിന്നു സംരക്ഷിക്കുന്നതിന് തണല്‍ നല്‍കുന്നതിനു പുറമെ മണ്ണില്‍നിന്നുള്ള ജലനഷ്ടം തടയുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും നടപടിസ്വീകരിക്കേണ്ടതുണ്ട്.
തൈകളുടെ ചുവട്ടില്‍ പുതയിടുക, കൃഷിയിടത്തില്‍ ആവരണവിളകള്‍ പിടിപ്പിക്കുക, തൈകള്‍ക്ക് വെള്ള പൂശുക, ഇടവിളകള്‍ കൃഷിചെയ്യുക എന്നിവയാണ് ഇതിനുള്ള പ്രധാന മാര്‍ഗങ്ങള്‍.
 
ഫയര്‍ബെല്‍റ്റ് (ഫയര്‍ ബ്രേക്ക്)
വേനല്‍ക്കാലത്ത് അഗ്നിബാധയ്ക്കുള്ള സാധ്യതകള്‍ ഏറെയാാണ്. അഗ്നിബാധയില്‍നിന്ന് തോട്ടങ്ങളെ സംരക്ഷിക്കാന്‍ ചുറ്റും ഫയര്‍ബെല്‍റ്റ് (ഫയര്‍ബ്രേക്ക്) ഉണ്ടാക്കുന്നത് തോട്ടത്തെ സംരക്ഷിക്കാനുള്ള ഫലപ്രദമായ മുന്‍കരുതലാണ്. മൂന്നുമുതല്‍ അഞ്ചുമീറ്റര്‍വരെ വീതിയില്‍ തോട്ടത്തിനുചുറ്റും ചപ്പുചവറുകളും കുറ്റിച്ചെടികളും മറ്റും നീക്കി വൃത്തിയാക്കണം. കുറ്റിച്ചെടികളും മറ്റും ഇരുവശത്തുനിന്നും ചെത്തിക്കൂട്ടി ഫയര്‍ബെല്‍റ്റിന് നടുക്ക് കൂട്ടിയിട്ട് തീയിട്ട് നശിപ്പിക്കണം. പുറത്തുനിന്നുള്ള തീ തോട്ടത്തിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ ഈ ഫയര്‍ബെല്‍റ്റ് സഹായിക്കും. വലിയ തോട്ടങ്ങളുടെ അതിരുകളില്‍ ഫയര്‍ബെല്‍റ്റ് ഉണ്ടാക്കുന്നതോടൊപ്പം തോട്ടം പല ബ്ളോക്കായി തിരിച്ച് ഇടയ്ക്കിടെ ഫയര്‍ബെല്‍റ്റുകള്‍ നിര്‍മിക്കുന്നതും വളരെ പ്രയോജനകരമാണ്. ഫയര്‍ബ്രേക്കില്‍ വീഴുന്ന ഇലകളും ചപ്പുചവറുകളും നീക്കി ഇടയ്ക്കിടെ വൃത്തിയാക്കണം. വേനല്‍ തീരുന്നതുവരെ ഇക്കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം.

വേനല്‍ക്കാലത്ത് മരങ്ങളുടെ വെട്ടുപട്ടയില്‍ റബര്‍കോട്ട് പുരട്ടുകയാണെങ്കില്‍ അതിനുപുറമെ വെള്ളപൂശേണ്ടതാണ്. അല്ലാത്തപക്ഷം കറുത്തപ്രതലം കൂടുതല്‍ ചൂട് ആഗീരണംചെയ്ത് പട്ട ഉണങ്ങാന്‍ ഇടയാകും. വേനല്‍ക്കാലത്ത് റബറിന്റെ വളര്‍ച്ചയും ഉല്‍പ്പാദനവും നിലനിര്‍ത്തുന്നതിനാവശ്യമായ സംരക്ഷണ നടപടിയഥാസമയം ചെയ്യുന്നതില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

(റബ്ബര്‍ ബോര്‍ഡില്‍ ഡെപ്യൂട്ടി പ്രൊഡക്ഷന്‍ കമീഷണറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top