25 April Thursday
1 വർഷം വിളവ്‌ 479 കോടി

സംസ്ഥാനത്ത്‌ നാളികേരം ഉൽപ്പാദനക്ഷമതയിൽ വർധന

സി എ പ്രേമചന്ദ്രൻUpdated: Friday Feb 17, 2023
തൃശൂർ> സംസ്ഥാനത്ത്‌ നാളികേര ഉൽപ്പാദനക്ഷമത വർധിക്കുന്നു. 2021 –--22ലെ കണക്കുപ്രകാരം കേരളത്തിൽ  ഹെക്ടറിൽ  6247 നാളികേരം ലഭിക്കുന്നുണ്ട്‌.  നേരത്തേ 5536 ആയിരുന്നു.   കേരളത്തിലെ തെങ്ങുകൃഷിയുടെ വിസ്തൃതി 7. 67 ലക്ഷം ഹെക്ടറായും വർധിച്ചു.   കോക്കനട്ട്‌ ഡെവലപ്‌മെന്റ്‌ ബോർഡിന്റെ  ഏറ്റവും ഒടുവിലത്തെ   കണക്കുകൾ പ്രകാരം സംസ്ഥാനത്ത്‌ ഒരു വർഷം  15 കോടിയോളം തെങ്ങുകളിൽ നിന്ന് 479 കോടി നാളികേരമാണ് ഉൽപ്പാദിപ്പിക്കുന്നത്. 
 
ഹെക്ടറിൽ പരമാവധി 175 തെങ്ങുകൾ വേണ്ടിടത്ത്‌  കേരളത്തിൽ  ഇരുന്നൂറിൽ അധികമുണ്ട്‌.    ഇത്‌ ഉൽപ്പാദന ക്ഷമതയെ ബാധിക്കും. പ്രശ്‌നപരിഹാരത്തിന്‌  നടപ്പാക്കുന്ന തെങ്ങുകൃഷി പുനരുദ്ധാരണം എന്ന പദ്ധതി   പ്രകാരം ഒമ്പത്‌  വർഷങ്ങളിലായി 23 ലക്ഷം തെങ്ങുകൾ വെട്ടിമാറ്റി, പകരം തെങ്ങിൻ തൈകൾ വച്ചു. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് ശാസ്ത്രീയ വളപ്രയോഗത്തിന്‌  ധനസഹായം നൽകി.  ഒമ്പത്‌ വർഷങ്ങളിലായി  കേരളത്തിൽ   152 കോടി രൂപ  വിനിയോഗിച്ചു.  
 
വിളവെടുപ്പിനും രോഗ പ്രതിരോധ മാർഗങ്ങൾ നടത്തുന്നതും   ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ (എഫ്ഒസിടി)  നൈപുണ്യ പരിശീലന പരിപാടികളും നടത്തുന്നു.  10 വർഷത്തിനകം 32906 പേർക്ക് തെങ്ങു കയറ്റ പരിശീലനം നൽകി.  കൃഷിയിട വിസ്തൃതി വർധിപ്പിക്കൽ, തെങ്ങുകൃഷി പുനരുദ്ധാരണം, സംയോജിത കേര വികസനം, പ്രദർശന തോട്ടങ്ങൾ, തെങ്ങിൻ തോപ്പിൽ ജൈവവള ഉൽപ്പാദന യൂണിറ്റുകൾ, ഗുണമേന്മയുള്ള തെങ്ങിൽ തൈകളുടെ ഉൽപാദനം,   തെങ്ങു വിള ഇൻഷുറൻസ്  എന്നിങ്ങനെ അഞ്ചുകോടിയുടെ പദ്ധതികളും നടപ്പാക്കി വരികയാണ്‌.
കേര കർഷക മേള   
നാളികേര വികസന ബോർഡും കാർഷിക സർവകലാശാലയും  ചേർന്ന്‌  സംഘടിപ്പിക്കുന്ന  കേര കർഷക മേള വെള്ളിയാഴ്‌ച നടക്കും.  വെള്ളാനിക്കര തോട്ടപ്പടിക്കടുത്തുള്ള സർവകലാശാലാ  സെൻട്രൽ ഓഡിറ്റോറിയത്തിൽ      രാവിലെ 10   മുതൽ വൈകിട്ട്‌ നാലുവരെയാണ്‌  കേരകർഷകസംഗമവും കാർഷിക സെമിനാറും സംഘടിപ്പിക്കുന്നത്‌. രജിസ്‌ട്രാർ ഡോ.  സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്യും.  മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ബി ഹനുമന്ത ഗൗഡ അധ്യക്ഷനാവും. 
നാളികേര മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നൂറിൽപ്പരം സ്‌റ്റാളുകളുണ്ടാവും. ശാസ്‌ത്രീയ തെങ്ങ്‌ കൃഷി രീതികൾ, കേരോൽപ്പന്ന സംസ്‌കരണം, മൂല്യ വർധനവ്‌, നൂതന സാങ്കേതിക വിദ്യകൾ എന്നീ വിഷയങ്ങളിൽ വിദഗ്‌ധരുമായി കർഷകർക്ക്‌ സംവദിക്കാൻ   അവസരമുണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top