18 April Thursday

കേരളത്തിൽ പുതിയ കണ്ടൽ ഞണ്ട്

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

കേരളത്തിലെ  കണ്ടൽക്കാടുകളിൽനിന്ന് ഗവേഷകർ  പുതിയതരം കണ്ടൽ ഞണ്ടിനെ കണ്ടെത്തി. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ്‌ ഫിഷറീസ് വിഭാഗം, സിംഗപ്പുർ നാഷണൽ യൂണിവേഴ്സിറ്റി ലീ കോങ് ചിയാൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ഗവേഷണത്തിലാണ് കണ്ടെത്തൽ. കാസർകോട്‌ ജില്ലയിലെ ചിത്താരി അഴിമുഖത്തെ കണ്ടൽക്കാടുകളിൽ നിന്നാണ് കണ്ടൽ ചെടികളിൽ കയറാൻ പ്രത്യേക അനുകൂലനങ്ങളുള്ള ഞണ്ടിനെ കണ്ടെത്തിയത്.

ഇന്ത്യയിൽ സമുദ്ര ജൈവവൈവിധ്യ ഗവേഷണത്തിൽ കേരള സർവകലാശാല  അക്വാട്ടിക് ബയോളജി ആൻഡ്‌  ഫിഷറീസ് വിഭാഗം  മേധാവി പ്രൊഫ. ബിജുകുമാർ നൽകിവരുന്ന സംഭാവന പരിഗണിച്ച്‌  പുതിയ ഞണ്ടിന് ലെപ്റ്റാർമ ബിജു (Leptarma biju) എന്ന പേര്‌ നൽകി.  ലെപ്റ്റാർമ എന്ന ജനുസ് ആദ്യമായാണ് ഇന്ത്യയിൽനിന്ന് കണ്ടെത്തുന്നത്. അക്വാട്ടിക് ബയോളജി ‌ആൻഡ്‌  ഫിഷറീസ് വിഭാഗം അധ്യാപിക ഡോ. സുവർണ ദേവി, ലീ കോങ് ചിയാൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം മേധാവി പ്രൊഫ. പീറ്റർ ഉങ് എന്നിവരാണ്‌ ഞണ്ടിനത്തെ കണ്ടെത്തിയത്‌. ഇവരുടെ  ഗവേഷണം  ക്രസ്റ്റേഷ്യാന എന്ന അന്തർദേശീയ ഗവേഷണജേർണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.


 

പിന്നിലെ നീണ്ടകാലുകൾ, കാലുകളുടെ അഗ്രഭാഗത്തെ  വളഞ്ഞ ഭാഗം എന്നിവ കണ്ടൽമരത്തിൽ നിഷ്‌പ്രയാസം കയറാൻ  ഇവയ്‌ക്ക്‌ സഹായകമാകുന്നു. ചതുരാകൃതിയിലുള്ള ഇളംമഞ്ഞ പുറംതോടിൽ പിൻഭാഗത്ത്‌ പാർശ്വങ്ങളിലും കാലുകളിലും സങ്കീർണമായ വരകൾ, തോടിനു മുന്നിലേക്ക്‌ കൂടുതൽ തള്ളിനിൽക്കുന്ന കണ്ണുകൾ, ഇരുണ്ട കരിഞ്ചുവപ്പ് നിറത്തിലുള്ള മറുകുകൾ  തുടങ്ങിയവ ഇവയുടെ പ്രത്യേകതകളാണ്‌. പുറംതോടിന്റെ പരമാവധി നീളവും വീതിയും യഥാക്രമം 14.2, 13.9 മില്ലീമീറ്റർ ആണ്. കണ്ടൽക്കാടുകളിലെ ആവാസവ്യവസ്ഥ എൻജിനിയർമാരാണ് ഞണ്ടുകൾ. കണ്ടൽക്കാടുകളിലെ മണ്ണിൽ എത്തുന്ന ഇലകളെ ആഹാരമാക്കുകയും അവിടെ മാളങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന കണ്ടൽഞണ്ടുകൾ ആവാസവ്യവസ്ഥയിലെ ജൈവവസ്തുക്കൾ, പോഷകങ്ങൾ എന്നിവയുടെ ചംക്രമണത്തിലും എക്കലിന്റെ സംയോജനത്തിലും പ്രധാന പങ്കുവഹിക്കുന്നു എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.  രാത്രി സഞ്ചാരികളായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസകരമാണെന്ന്‌ ഗവേഷകർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top