29 March Friday

കോക്കഡാമ - പാവങ്ങളുടെ ബോണ്‍സായ്

സി ജെ ഹരികുമാര്‍Updated: Monday May 21, 2018

പതിനാറാം നൂറ്റാണ്ടില്‍ ജപ്പാനില്‍ പ്രചരിച്ച കോക്കഡാമ എന്ന സസ്യകലയെ അതിന്റെ തനതായ രൂപത്തിലും ഭംഗിയോടും ഗുണമേന്‍മയോടും അവതരിപ്പിക്കുകയാണ് പരിസ്ഥിതി സ്‌നേഹിയും കലാ അധ്യാപകനുമായ പ്രിന്‍സ് എബ്രഹാം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം കാണുന്ന ചെടികളെയും ഔഷധ സസ്യങ്ങളെയും കോക്കഡാമ രീതിയില്‍ ചെറിയ സസ്യമായി വളര്‍ത്തിയെടുക്കുകയാണ് ഇദ്ദേഹം. കേരളത്തില്‍ മുന്‍പ് തന്നെ പ്രചാരത്തിലുള്ള ബോണ്‍സായ് സസ്യങ്ങളോട് സമാനമായ ഇവയുടെ  വേരുകള്‍ മണ്ണുകൊണ്ട് നിര്‍മിച്ച ഒരു ബോളിനുള്ളില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. ബോണ്‍സായ് മരങ്ങളെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ പ്രക്രിയ ആയതിനാല്‍ പാവങ്ങളുടെ ബോണ്‍സായ് എന്ന വിളിപ്പേരും കോക്കഡാമയ്ക്ക് ഉണ്ട്.

എന്താണീ കോക്കഡാമ ?


മണ്ണുകൊണ്ട് നിര്‍മിച്ച ബോളിനുള്ളില്‍ കലാപരമായി വിവിധ ഇനം ചെടികള്‍ വളര്‍ത്തി അതിനുമുകളില്‍ ഈര്‍പ്പത്തിനുവേണ്ടി  പായല്‍ പൊതിഞ്ഞാണ് ഈ മനോഹര സംവിധാനം നിര്‍മിക്കുന്നത്. ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. തുടര്‍ന്ന് നൈലോണ്‍ നൂല് ഉപയോഗിച്ച് ബോള്‍ രൂപത്തില്‍ കെട്ടിയെടുക്കും. ശേഷം പായല്‍ ഉപയോഗിച്ച് ഈര്‍പ്പം നിലനിര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടാണ് കോക്കഡാമ നിര്‍മിക്കുന്നത്. ഇവ കെട്ടിത്തൂക്കിയിട്ടും മനോഹരമായ പാത്രങ്ങളില്‍ വച്ചും ആകര്‍ഷണീയമാക്കാം.  ജപ്പാനിലാണ് തുടങ്ങിയതെങ്കിലും ലോകമെങ്ങും വലിയ സ്വീകാര്യതയാണ് ഈ ചെടികള്‍ക്ക് ഉള്ളത്.



ശ്രീലങ്കന്‍ മുല്ല മുതല്‍ പേരാല്‍ വരെ


കേരളത്തില്‍ സുപരിചിതമായ പേരാല്‍, അരയാല്‍, ആന്തൂറിയം, മുള, തെറ്റി, പൗഡര്‍ പഫ്, വാട്ടര്‍ ബാംപു, ആയുര്‍വേദ ഔഷധമായ ചങ്ങരംപെരണ്ട, ശ്രീലങ്കന്‍ മുല്ല തുടങ്ങി വിവിധങ്ങളായ 180 ല്‍പരം അലങ്കാര സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും കോക്കഡാമ ഇനമാണ് പ്രിന്‍സിന്റെ പക്കലുള്ളത്. ഇവയെല്ലാം ദിവസേന പരിചരണം ആവശ്യമുള്ളതാണെന്നും പ്രിന്‍സ് പറഞ്ഞു.  ദിവസവും വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വീടിനുള്ളില്‍ സ്റ്റാന്റുകളിലും മറ്റുമായി തൂക്കിയിടുന്ന രൂപത്തിലുള്ളതും ഭംഗിയുള്ള പ്ലേറ്റുകളിലും മറ്റും വയ്ക്കുന്ന രീതിയിലുള്ളതുമായ കോക്കഡാമകളാണ് പ്രധാനമായും നിര്‍മിക്കുന്നത്.

ചെലവ് തുച്ഛം ഗുണം മെച്ചം


ബോണ്‍സായ് ചെടികളെ അപേക്ഷിച്ച് നിര്‍മാണചെലവ് തുച്ഛമാണെന്നതാണ് കോക്കഡാമകളുടെ പ്രത്യേകത. അഞ്ഞൂറ് മുതല്‍ ആയിരം രൂപയില്‍ താഴെയാണ് ഒരു കോക്കഡാമയുടെ നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. ശരിയായ വളര്‍ച്ചയുള്ള ചെടികള്‍ യഥാവിധം ലഭിച്ചാല്‍ ഒന്നരദിവസം കൊണ്ട് കോക്കഡാമകളുടെ നിര്‍മാണം പൂര്‍ത്തിയാകും എന്നതാണ് മറ്റൊരു മേന്മ. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസൃതമായ ശരിയായ ചെടികള്‍ തെരഞ്ഞെടുക്കുന്നതാണ് വൈദഗ്ധ്യം ആവശ്യമുള്ള ജോലിയെന്ന് പ്രിന്‍സ് പറഞ്ഞു. ആറ് വര്‍ഷമായി പ്രിന്‍സ്  ഇത്തരത്തില്‍ കോക്കഡാമ നിര്‍മിക്കുന്നു. പലതവണ പരാജയം അറിഞ്ഞശേഷം മാത്രമാണ് ഇത്തരത്തില്‍ വിജയം സാധിച്ചതെന്നും പ്രിന്‍സ് പറഞ്ഞു.

വാണിജ്യപരമായും മികച്ച സാധ്യത


കേരളത്തിലെ മാറിവരുന്ന കെട്ടിടനിര്‍മാണ രീതികളും പരിസ്ഥിതി അവബോധവും കോക്കഡാമകള്‍ക്ക് മികച്ച വിപണി നേടിത്തരുന്നുണ്ട്. വീടുകള്‍ക്ക് ഉള്ളിലും പുറത്തും വയ്ക്കാനായി കോക്കഡാമകള്‍ ആവശ്യപ്പെട്ട് നിരവധിയാളുകള്‍ എത്തുന്നുണ്ടെന്ന്  പ്രിന്‍സ് പറഞ്ഞു. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് എച്ച്എസ്എസില്‍ കലാ അധ്യാപകനായ പ്രിന്‍സ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കോക്കഡാമയുടെ സാധ്യതകള്‍ അറിഞ്ഞ് നിര്‍മാണ രീതി പഠിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നതെന്ന് പ്രിന്‍സ് പറഞ്ഞു.



ഇതോടനുബന്ധിച്ച് പത്തനംതിട്ട ടൗണ്‍ഹാളില്‍ കഴിഞ്ഞദിവസം കോക്കഡാമ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. എല്ലാവിധ പിന്തുണയുമായി ഭാര്യ സോണിയയും മക്കള്‍ സറഫിനും എഫ്രയിനും ഉണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top