26 April Friday

പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്‌ട്ര വർഷം

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്ട്രവർഷം (International year of fruits and vegetables) ആണ് 2021.  ഐക്യരാഷ്ട്രസഭയാണ് ഇത്തരമൊരു വർഷാചരണം ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകാംശത്തെക്കുറിച്ചും ആരോഗ്യപരമായ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയാണ് വർഷാചരണത്തിന്റെ ലക്ഷ്യം. ഭക്ഷ്യനഷ്ടത്തിന്റെയും ഭക്ഷണമാലിന്യപ്രശ്നത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും അത് പരിഹരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് വർഷാചരണം ലക്ഷ്യമാക്കുന്നത്‌. പട്ടിണിയും ദാരിദ്ര്യവും മഹാവ്യാധിയായി ലോകത്ത്‌ തുടരുമ്പോൾ ഈ ദിനാചരണത്തിന്‌ പ്രസക്തിയേറെ.

പോഷകാഹാരത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ദശാബ്ദ കർമപരിപാടി ( 2016–-25),  കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം പ്രഘോഷിക്കുന്ന ദശാബ്ദ കർമപരിപാടി ( 2019–-28)  എന്നിവയുടെ ഭാഗമായുള്ളതുമാണ് വർഷാചരണം.
ഭക്ഷ്യലഭ്യത ചെറുകിട കർഷകരുമായും അവരുടെ തൊഴിൽ, കുടുംബവരുമാനം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ഏറെ  ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും സ്ത്രീശാക്തീകരണത്തിലൂടെയും മാത്രമേ പഴം പച്ചക്കറികളുടെ സുസ്ഥിര കൃഷിയെക്കുറിച്ച് കർഷകസമൂഹത്തെ ബോധവൽക്കരിക്കാനാകൂ.

ഇക്കാര്യങ്ങളിലൂന്നിയുള്ള നിരവധി  കർമലക്ഷ്യങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടി എന്ന നിലയ്ക്കാണ് പഴം പച്ചക്കറി വർഷാചരണത്തെ ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. ഭക്ക്ഷ്യോത്‌പാദനം, ഭക്ഷ്യവിതരണശൃംഖല,  ഭക്ഷ്യസംഭരണം തുടങ്ങിയവയിൽ കൂടുതൽ ജാഗ്രത ഉറപ്പാക്കേണ്ടതുണ്ട്‌.

സാമാന്യജനങ്ങളുടെ ഭക്ഷണപോഷണസുരക്ഷ വർധിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കും. അതിലൂടെ അവർ പ്രകൃതിവിഭവപരിപാലനത്തിന് സ്വയംസന്നദ്ധരാവുകയും അതിലൂടെ ഉപജീവനമാർഗം മെച്ചപ്പെടുകയും ചെയ്യും.
അടുത്തിടെ പ്രഖ്യാപിച്ച പുതിയൊരു ദിനാചരണം സംബന്ധമായ സന്ദേശവും ഇതോടൊപ്പം ഉയർത്തിക്കാട്ടേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രപൊതുസഭ ഇത് സംബന്ധിച്ച്‌  അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ഭക്ഷണം പാഴാക്കലിനും ഭക്ഷ്യവസ്തുക്കൾ മലിനീകരിക്കപ്പെടുന്നതിനുമെതിരായുള്ള ബോധവൽക്കരണദിനം (International day of awareness of food loss and waste)  ആയി  പ്രഖ്യാപിക്കപ്പെട്ട സെപ്‌തംബർ 29 ആണിത്. ഒരു വശത്ത്‌ പട്ടിണി മൂലം ജന ലക്ഷങ്ങൾ ദുരിതമനുഭവിക്കുമ്പോൾ, ഭക്ഷ്യവസ്‌തുക്കർ പാഴാക്കി കളയുന്ന അവസ്ഥയും ഉണ്ട്‌.

നാരുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളിൽ രോഗപ്രതിരോധശേഷി വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കും. ഉപാപചയരോഗങ്ങളടക്കം പിടിപെടുന്നതിൽനിന്നും സംരക്ഷണം നൽകാൻ പഴവർഗങ്ങൾക്ക് കഴിയും. സൂക്ഷ്മപോഷകങ്ങൾ ഭക്ഷണത്തിലൂടെ മതിയായ അളവിൽ ലഭിക്കാതിരിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന അഭാവരോഗങ്ങളെ ചെറുക്കാനും പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണശീലങ്ങൾ അനിവാര്യം. ഓരോ വ്യക്തിയുടെയും ദൈനംദിന ഭക്ഷണത്തിൽ ദിവസേന 400 ഗ്രാം പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കേണ്ടതാണെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.

എന്നാൽ പലർക്കും ഇതിന് കഴിയാതെ പോകുന്നു.   അത്തരമൊരു ഭക്ഷണചര്യ സ്വീകരിക്കാനുള്ള സാഹചര്യമില്ലായ്‌മക്കൊപ്പം  പോഷകമൂല്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അതിന്‌ ഒരു  കാരണമാണ്‌.  അന്താരാഷ്ട്ര ഭക്ഷ്യ കാർഷിക സംഘടന(Food and Agricultural Organization)യുടെ അഭിപ്രായത്തിൽ കാർഷികരാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന  പഴങ്ങളുടെയും പച്ചക്കറികളുടെയും 50 ശതമാനത്തോളം വിളവെടുപ്പിനും അവയുടെ ഉപഭോഗത്തിനുമിടെ നഷ്ടമാകുന്നു. ഇത്‌ ഗൗരവകരമായ കാര്യമാണ്‌. ഇത്‌ പരിഹരിക്കേണ്ടതുണ്ട്‌.

2030–ൽ പൂർത്തീകരണം ലക്ഷ്യമാക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ, പഴം–പച്ചക്കറി വർഷാചരണത്തിന്റെ അജണ്ടയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, സുസ്ഥിരവികസനലക്ഷ്യം–2 (പട്ടിണി അവസാനിപ്പിക്കുക, പോഷകാഹാരം മെച്ചപ്പെടുത്തുക, സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കുക), സുസ്ഥിരവികസനലക്ഷ്യം–3  (ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, ആരോഗ്യസുസ്ഥിതി പ്രോത്സാഹിപ്പിക്കുക), സുസ്ഥിരവികസനലക്ഷ്യം–12 (സുസ്ഥിരഉപഭോഗം, ഉൽപ്പാദനവ്യവസ്ഥിതികൾ എന്നിവ പ്രോത്സാഹിപ്പിക്കുക) എന്നിവയ്ക്കാണ് മുഖ്യമായ ഊന്നൽ. കാർഷികമേഖലയെയും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ലഭ്യതയെയും പോഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികളുടെ  ഏറ്റവും ഒടുവിലത്തേതാണ് വർഷാചരണ പ്രഖ്യാപനം.

കേരളത്തെ സംബന്ധിച്ച്‌ ഈ വർഷാചരണത്തിന്‌ പ്രസക്തിയേറെയുണ്ട്‌. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതി വിജയകരമായി മുന്നേറുകയാണ്‌. സംസ്ഥാനത്തിന്‌ ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനുള്ള  തീവ്ര ശ്രമങ്ങളാണ്‌ ഈ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നത്‌. പദ്ധതി സമൂഹമാകെ ഏറ്റെടുത്തതോടെ പച്ചക്കറി കൃഷിയിലടക്കം വലിയ പുരോഗതിയാണ്‌ ഉണ്ടായിരിക്കുന്നത്‌. മാതൃകാപരമായ ഈ പദ്ധതിക്ക്‌ വലിയ ജനകീയ പിന്തുണയാണ്‌ ലഭിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top