30 March Thursday

വരൂ, നമുക്ക് മുന്തിരി നടാം....

വെബ് ഡെസ്‌ക്‌Updated: Friday Feb 4, 2022


ചലചിത്ര ഗാനരംഗങ്ങളിൽ മാത്രം കണ്ടിരുന്ന മുന്തിരിതോട്ടങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളിലെ വീട്ടുമുറ്റത്തും കാണുന്നുണ്ട്. തണുപ്പിടങ്ങളിലെ  മുന്തിരി ഇപ്പോൾ കേരളത്തിലെ പല സ്ഥലങ്ങളിലും തരക്കേടില്ലാത്ത വിളവ് നൽകുന്നുണ്ട്.  കൗതുകത്തിന് മുറ്റത്ത് മുന്തിരി വളർത്തി നല്ല വിളവ് ലഭിച്ചവരും നിരവധിയാണ്. നല്ല ശ്രദ്ധകൊടുത്ത് പരിപാലിച്ചാൽ നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും മുന്തിരി കൃഷി ചെയ്യാം.
 
അറിയാം, നടുന്ന നടുന്ന രീതി

രണ്ടരയടി ചതുരത്തിലും ആഴത്തിലും ടെറസിന് ചേർന്നോ മുറ്റത്തോ കുഴിയെടുക്കാം. അതിൽ രണ്ട് ഭാഗം മണലും  ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ നിക്ഷേപിക്കാം.

ഇതിൽ കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിർത്തി വേരുകൾക്ക് ക്ഷതമേൽക്കാതെ കുഴിയുടെ മധ്യേ നടുക.  ശേഷം താങ്ങ് കമ്പ് നാട്ടണം. മിതമായ് ദിവസവും നനക്കണം.ടെറസിലാണ് പന്തലൊരുക്കുന്നതെങ്കിൽ ടെറസിൽ നിന്ന് ആറടി ഉയരം വരെ വളർത്താം. മുറ്റത്താണെങ്കിൽ ബലമുള്ള തൂണുകൾ നാട്ടണം. വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലിൽ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേർരേഖയിൽ തന്നെ നിലനിർത്തണം. വളവുണ്ടെങ്കില്‍ ഒരു താങ്ങുകാൽ ബലമായി കെട്ടി നേർരേഖയിലാക്കണം. ഈ തണ്ട് അഞ്ചര ആറ് അടി ഉയരത്തിൽ എത്തുമ്പോൾ ബലമുള്ള ഒരു സ്ഥിരം പന്തലിൽ  പടർത്തുക.

പ്രൂണിംഗ് നിർബന്ധം
പൂവിടാനും കായ്പിടിക്കാനുമായി വളർന്നു കൊണ്ടിരിക്കുന്ന വള്ളികളുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതിയാണ് പ്രൂണിംഗ്. ചെടി വളരുന്നതിനോടൊപ്പം ഇലകൾക്കടുത്ത് വരുന്ന പറ്റുവള്ളികളേയും നീക്കം ചെയ്യണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോൾ തലപ്പ് വീണ്ടും നുള്ളിവിടണം. പന്തൽ മുഴുവൻ വള്ളി പടരുന്നത് വരെ ഈ പ്രക്രിയ തുടരണം. പത്ത് മാസം അടുക്കുന്നതോടെ ഒരു ചെടിയുടെ വള്ളികൾ ഒരു സെന്റോളം സ്ഥലത്ത് വളരും. ഈ ഘട്ടത്തിൽ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തിൽ മുറിച്ചു മാറ്റി ഇലകളെ അടർത്തി മാറ്റണം. 15 ദിവസത്തിന് ശേഷം പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളിൽ മുഴുവനായി ഇളംപച്ച നിറത്തിലുളള പൂക്കളും വന്നുതുടങ്ങും. രണ്ടാഴ്ച കൂടി കഴിയുന്നതോടെ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരുന്നതായി കാണാം. ഈ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുളള മൂന്ന് ഇലകളും അടർത്തി മാറ്റണം. ഇതോടൊപ്പം സ്പ്രിംഗ് പോലുളള ചുറ്റുവള്ളികളും നീക്കണം. ശരിയായി പ്രൂണിംഗ് ചെയ്ത് ഇലകൾ മാറ്റിയ ശേഷം പന്തലിൽ വള്ളി മാത്രമായി കാണണം.

വിളവെടുക്കാം

പ്രൂണിംഗിന് ശേഷം ഉണ്ടായ പൂക്കൾ 120 ദിവസം കഴിയുമ്പോൾ കായ്കൾ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകൾ ചെടിയിൽ വെച്ചുതന്നെ പഴുക്കാൻ അനുവദിക്കണം. എന്നാൽ നല്ല മധുരമുളള മുന്തിരി ലഭിക്കും. മറ്റു പഴങ്ങളെപോലെ മുന്തിരി പറിച്ചുവച്ചല്ല പഴുപ്പിക്കുന്നത്.

വളപ്രയോഗം
എല്ലാതരം ജൈവവളങ്ങളും മുന്തിരിക്ക് പഥ്യമാണ്. വളപ്രയോഗ സമയത്ത് നന്നായി നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഗസ്ത് മാസം പ്രൂണിങ് നടത്തുമ്പോൾ പൂർണമായും നന നിർത്തുക. ഒരു മാസത്തിനു ശേഷം വീണ്ടും നനകൊടുത്ത് വളപ്രയോഗം നടത്തുക.
കാൽകിലോ കടലപ്പിണാക്ക് വെള്ളത്തിലിട്ട് രണ്ട് ദിവസം വെച്ച് പുളിപ്പിച്ചതിന്റെ തെളി നേർപ്പിച്ച് ആഴ്ചയിൽ രണ്ട് പ്രാവശ്യം ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് നേർപ്പിച്ച് നൽകാം.

ഒരു ചുവടിന് കാൽകിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് ചുവട്ടിൽ നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത്‌ അതിൽ ഒഴിച്ച് മണ്ണിട്ട് മൂടേണ്ടതാണ്. മാസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്യണം. അല്പം വേപ്പിൻ പിണ്ണാക്ക് പൊടിച്ച് മണ്ണിൽ വിതറുന്നത് ഉറുമ്പിനെ അകറ്റാം. രണ്ട് മാസത്തിലൊരിക്കൽ ഒരു കുട്ട ജൈവവളവും കൂടെ എല്ലുപൊടിയും നൽകണം.

മണ്ണിര കമ്പോസ്റ്റ് നിർമിക്കുമ്പോൾ ലഭിക്കുന്ന വെർമി ടീ ഇലകളിൽ തളിച്ചു കൊടുക്കുന്നത് ഇലച്ചുരുളൽ രോഗത്തെ അകറ്റാൻ നല്ലതാണ്. ഇലമുരടിപ്പ്, പൂപ്പൽരോഗം എന്നിവയെ തടുക്കാൻ ഇടയ്ക്ക് നേർപ്പിച്ച വെർമി കംപോസ്റ്റ് ടീയോ ബോർഡോമിശ്രിതമോ ഇലകളിൽ തളിക്കണം. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെയും മണ്ണ് തറഞ്ഞു പോകാതെയും നിലനിർത്തണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top