27 April Saturday

കാലവര്‍ഷം എത്തുംമുമ്പേ...

വിഷ്‌ണു എസ് പിUpdated: Sunday May 21, 2023

ഇടവപ്പാതിക്ക് മുന്നേ ഭേദപ്പെട്ട വേനൽമഴ ലഭിച്ചു കഴിഞ്ഞു. മണ്ണ് നനവാർന്നു. മഴ കനക്കും മുമ്പേ കൃഷിപ്പണികളും നടീലും ആരംഭിക്കണം. നടീൽ മാത്രമല്ല, മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളും തുടങ്ങണം. ഒട്ടുമിക്ക വിളകളും കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്‌. അവ ഏതെല്ലാമെന്ന് നോക്കാം.

ധാന്യവിളകൾ

നെല്ല്, ചെറുധാന്യങ്ങളായ റാഗി, ചാമ, തിന, ചോളം, ബജ്റ എന്നിവയെല്ലാം ഇപ്പോൾ കൃഷി ചെയ്യാം. 2023 അന്താരാഷ്ട്ര ചെറു ധാന്യവർഷമായതുകൊണ്ട് തന്നെ ചെറുധാന്യങ്ങളുടെ കൃഷിക്ക് വിവിധ  പദ്ധതികളുമുണ്ട്. സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന ചെറുധാന്യങ്ങൾ കരകൃഷി ആയാണ് സാധാരണ ചെയ്യാറുള്ളത്. കരനെൽകൃഷിക്കും അനുയോജ്യമായ സമയമാണിത്. ഒന്നാംവിള നെൽകൃഷിയിലെ ഇനങ്ങളായ ഉമ, ജ്യോതി, ഔഷധ നെല്ലിനങ്ങളായ ഞവര എന്നിവയെല്ലാം കരനെൽ കൃഷിക്ക് യോജിച്ച ഇനങ്ങളാണ്. ഒന്നാംവിള നെൽകൃഷിക്കുള്ള പ്രവർത്തനങ്ങളും ആരംഭിക്കാം.

ഫലവർഗവിളകൾ

എല്ലാ പഴവർഗവിളകളും ഇപ്പോൾ നടാം. വിദേശ ഇനം പഴങ്ങളുടെ തൈകളും ഇപ്പോൾ നട്ടു പിടിപ്പിക്കാം. പ്ലാവ്, മാവ്, റമ്പൂട്ടാൻ, ഞാവൽ, ചാമ്പ, പുലാസാൻ, പപ്പായ തുടങ്ങിയവയും. കാലവർഷം ശക്തിപ്രാപിക്കുന്നതിനു മുമ്പേ നട്ടുപിടിപ്പിച്ചാൽ അത്രയും നല്ലത്.

വാഴ

വാഴ

വാഴ

നേന്ത്രൻ ഒഴികെയുള്ള മറ്റിനം വാഴകളും ഇപ്പോൾ  നടാവുന്നതാണ്‌. പ്രത്യേകിച്ചും നാടൻ വാഴകൾ. പൂവൻ, റോബസ്റ്റ, പാളയംകോടൻ, ഞാലിപ്പൂവൻ എന്നീ ഇനങ്ങൾ ഈ സമയത്ത് കൃഷിയിറക്കാം. കുഴികളിൽ  മാണവണ്ടിന്റെ ആക്രമണം തടയാൻ  വേപ്പിൻപിണ്ണാക്ക് ചേർത്തതിനുശേഷം വേണം കന്നുകൾ നടേണ്ടത്.

തോട്ടവിളകൾ

ബഹുവർഷ വിളകളായ തോട്ടവിളകളിൽ നടീലിന്റെയും വളപ്രയോഗത്തിന്റെയും സസ്യസംരക്ഷണത്തിന്റെയും കാലമാണിത്. തെങ്ങ്, കുരുമുളക്, കമുക്, ജാതി, കാപ്പി, ഏലം, റബർ എന്നിവ നമ്മുടെ പ്രധാന തോട്ടവിളകളാണ്.

തെങ്ങ്

തെങ്ങ്

വെള്ളക്കെട്ടില്ലാത്ത നീർവാർച്ചയുള്ള പ്രദേശങ്ങളിൽ വർഷകാല ആരംഭത്തോടെ തെങ്ങിൻതൈകൾ നടാം. നിലവിലെ തെങ്ങിൻ തൈകൾക്കും വലിയ തെങ്ങുകൾക്ക് മഴ കിട്ടിത്തുടങ്ങിയതിനാൽ തടങ്ങൾ തുറന്ന് വളപ്രയോഗം ആരംഭിക്കാം. മഴക്കാല രോഗങ്ങൾക്കെതിരെ മുന്നൊരുക്കങ്ങൾ നടത്തി പ്രതിരോധ മാർഗങ്ങളും ഈ സമയത്ത്  സ്വീകരിക്കണം. കമുകിനും ഇതേ മുറകൾ  പാലിക്കാം. മഹാളി രോഗത്തിനെതിരെ ബോർഡോ മിശ്രിതവും ഈ സമയം തളിക്കേണ്ടതുണ്ട്. കശുമാവ്, ജാതി, കൊക്കോ എന്നിവയുടെയും തൈകൾ നടാൻ ഉചിതമായ സമയമാണിത്. കൊക്കോയുടെ രണ്ടു വർഷം പ്രായമുള്ള ബഡ് തൈകൾക്ക് പ്രൂണിങ്‌ നടത്തേണ്ടതും  ഈ സമയത്താണ്.

ഈ വിളകളിൽ വളപ്രയോഗവും രോഗപ്രതിരോധ സംവിധാനങ്ങളും മഴ കനക്കുന്നതിനു മുമ്പേ തന്നെ ചെയ്യണം. മറ്റൊരു പ്രധാന വിളയാണ് കുരുമുളക്. തിരുവാതിര ഞാറ്റുവേലയിലാണ് കൊടികൾ നടാറെങ്കിലും കാലവർഷത്തിനു മുമ്പുള്ള ഈ സമയവും ഉചിതം. ദ്രുതവാട്ടത്തിനെതിരെ തോട്ടങ്ങളിൽ മുൻകരുതലും കൊടികളിൽ വളപ്രയോഗവും  നടത്താം. റബർ കൃഷി ചെയ്യുന്ന കർഷകർക്ക് പുതുകൃഷിക്കും ആവർത്തന കൃഷിക്കും വേണ്ട തയ്യാറെടുപ്പുകൾ നടത്തേണ്ടതും ഈ സമയത്താണ്. മഴക്കാല രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികളും ഈ സമയത്ത് സ്വീകരിക്കേണ്ടതുണ്ട്.

പച്ചക്കറി വിളകൾ

ചീര, തക്കാളി എന്നിവ ഒഴികെ ഒട്ടുമിക്ക പച്ചക്കറികൾക്കും പറ്റിയ സമയമാണിത്. മഴക്കാലത്തേക്ക് അനുയോജ്യമായ പ്രധാന ഇനങ്ങളെപറ്റി:

വെണ്ട

മഴക്കാലത്ത് ഏറ്റവും നന്നായി കൃഷിചെയ്യാവുന്ന  പച്ചക്കറിയാണ് വെണ്ട. മഴക്കാലത്ത് പൊതുവിൽ കേടു കുറവാണ്. വിത്ത് നേരിട്ട് നട്ടു മുളപ്പിക്കാം. അടിവളമായി സെന്റ്‌ ഒന്നിന് 100 കിലോ കമ്പോസ്റ്റ് നൽകണം. നട്ട് 45–--ാം ദിവസംമുതൽ തുടർന്ന് രണ്ടര മാസക്കാലം ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുപ്പ് നടത്താം. അത്യുൽപാദനശേഷിയുള്ള ഇനമായ സൽകീർത്തി, ഇല മഞ്ഞളിപ്പിനെതിരെ പ്രതിരോധശേഷിയുള്ള സുസ്ഥിര, അർക്ക, അനാമിക എന്നിവ മെച്ചപ്പെട്ട ഇനങ്ങളാണ്.

പയർ

ചാക്കുകളിലോ തടത്തിലോ വിത്തുകൾ നേരിട്ട് പാകിവളർത്തി പന്തലിൽ കയറ്റി വളർത്താം. പയറിന്റെ  പ്രധാന ശത്രു മുഞ്ഞയാണ്. വേപ്പെണ്ണ- ആവണക്കെണ്ണ മിശ്രിതവും ബ്യുവേറിയയും ഇതിനെതിരെ പ്രയോഗിക്കാം. നട്ട് അൻപതാം ദിവസംമുതൽ തുടർന്ന് രണ്ടര മാസക്കാലം ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കാം. പച്ച നിറമുള്ള ലോല, വയലറ്റ് നിറത്തിലുള്ള വൈജയന്തി, സങ്കര ഇനങ്ങളായ സുമന്ത്, റീന എന്നിവ മികച്ച ഇനങ്ങളാണ്.

വഴുതന

മഴ കനക്കുന്നതിനു മുൻപ് തൈകൾ നടണം. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നട്ടാണ് കൃഷി ചെയ്യേണ്ടത്. ആവശ്യമെങ്കിൽ താങ്ങുകൾ നൽകണം. നിലമൊരുക്കുമ്പോൾ കുമ്മായം ചേർക്കുന്നത് വാട്ടരോഗത്തെ തടയും. തൈകൾ ഉയർന്ന വാരങ്ങളിലോ തടത്തിലോ നടാം. കുറ്റിവിള സമ്പ്രദായം അനുവർത്തിക്കുകയാണെങ്കിൽ ഒരു വർഷത്തോളം വിളവെടുക്കാം. വാട്ടരോഗ പ്രതിരോധശേഷിയുള്ള ഹരിത, നീലിമ, സൂര്യ, ശ്വേത എന്നിവ മികച്ച ഇനങ്ങളാണ്. കായും തണ്ടും തുരക്കുന്ന പുഴുക്കളെ നിയന്ത്രിക്കാൻ  വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം.

 മുളക്

മഴക്കാലത്തേക്ക് പറ്റിയ മറ്റൊരിനം പച്ചക്കറിയാണ് മുളക്. ഒരുമാസം പ്രായമായ തൈകൾ പറിച്ചുനട്ട് കൃഷി ചെയ്യാം. നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ഇല ചുരുളുന്നതിനും മുരടിപ്പിനും കാരണമാകുന്നു. ഇവയ്ക്കെതിരെ സംയോജിത നിയന്ത്രണ മാർഗ്ഗങ്ങൾ അനിവാര്യം. വേപ്പധിഷ്ഠിത കീടനാശിനികൾ, വെർട്ടിസീലിയം എന്നിവ ഉപയോഗിക്കാം. കൃഷിയിടത്തിൽ മഞ്ഞക്കെണികളും സ്ഥാപിക്കണം. വാട്ടരോഗ പ്രതിരോധശേഷിയുള്ള അനുഗ്രഹ, ഉജ്ജ്വല എന്നിവയും അത്യുൽപാദന ശേഷിയുള്ള സിയറ, മഞ്‌ജരി എന്നിവയും മികച്ച ഇനങ്ങളാണ്.

 കോവൽ

അത്യുൽപാദനശേഷിയുള്ള പെൺ ചെടികളിൽനിന്നും മൂന്ന്, നാല് മുട്ടുകൾ ഉള്ള തണ്ടുകൾ ശേഖരിച്ച് നടാൻ ഉപയോഗിക്കാം. ജൈവവളം ധാരാളം വേണം. നട്ടു രണ്ടുമാസം കഴിയുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം. മുറിച്ച് പുതിയ ശാഖകൾ വരുവാൻ അനുവദിച്ചാൽ ദീർഘകാലം വിളവെടുക്കാം. നീളമുള്ള കായകൾ തരുന്ന സുലഭ മികച്ച ഇനമാണ്.

വെള്ളരി

തുടർമഴയ്‌ക്ക്‌ മുമ്പായി പാവൽ, പടവലം, കുമ്പളം, മത്തൻ, ചുരക്ക എന്നീ വെള്ളരിവർഗ വിളകൾ നട്ടുപിടിപ്പിക്കാം. പാവൽ, പടവലം എന്നിവ നിശ്‌ചിത അകലത്തിൽ ഉയർന്ന തടങ്ങളിൽ നടണം. ഓരോ തടത്തിനും 5 കിലോ ഉണക്കിപ്പൊടിച്ച ചാണകം അടിവളമായി നൽകണം. മത്തൻ, കുമ്പളം, ചുരക്ക എന്നിവയ്ക്കും ഉയർന്ന തടം അനിവാര്യമാണ്. നിലമൊരുക്കുന്ന സമയത്ത് കുമ്മായം ചേർക്കുന്നത് പല രോഗങ്ങളും തടയാൻ സഹായിക്കും. കായീച്ചയെ നിയന്ത്രിക്കാൻ  പൂവിടുമ്പോൾ തന്നെ ഫെറമോൺ  കെണികൾ സ്ഥാപിക്കുക. ചെടികൾ അല്പം വളർന്നാൽ ആഴ്ചയിൽ ഒരിക്കൽ 2  ശതമാനം വീര്യത്തിൽ സ്യൂഡോമോണസ് തളിക്കുന്നത് വിവിധ രോഗങ്ങൾക്കെതിരെ പ്രതിരോധം നൽകും.

കിഴങ്ങുവർഗങ്ങൾ

മരച്ചീനി കേരളത്തിൽ എല്ലാ മാസവും കൃഷി ചെയ്യുന്നുണ്ടെങ്കിലും മെയ് മാസത്തിലെ കൃഷിയിൽ വിളവു കൂടുതൽ ലഭിക്കുന്നതായി പഠനങ്ങൾ ഉണ്ട്. മഴ തുടങ്ങുന്നതോടെ കൃഷി ആരംഭിക്കാവുന്ന മറ്റൊരു പ്രധാന കിഴങ്ങ് വർഗ്ഗവിളയാണ് വെസ്റ്റ് ഇന്ത്യൻ ആരോ റൂട്ട് എന്നറിയപ്പെടുന്ന കൂവ. ഗുണമേന്മയുള്ള അന്നജത്തിന്റെ സമൃദ്ധമായ സ്രോതസ്സാണ് കൂവ.കിഴങ്ങു തന്നെയാണ് പ്രധാന നടീൽ വസ്തു. ഉയരത്തിലുള്ള വാരങ്ങളെടുത്ത് കൂവനടാം. അടുത്ത നാലുമാസം കൂർക്കയുടെ കൃഷിക്ക് അനുയോജ്യവുമാണ്. തലപ്പുകളാണ് പ്രധാന നടീൽ വസ്തുക്കൾ. ഏതുകാലത്തും കൃഷി ചെയ്യാമെങ്കിലും മഴക്കാലവും ചേമ്പ് കൃഷിക്ക് അനുയോജ്യം തന്നെ. 20–- -25 ഗ്രാം തൂക്കം വരുന്ന വിത്ത് ചേമ്പ് ആണ് നല്ല നടീൽ വസ്തു. തള്ള (തട) ചേമ്പും നടാനുപയോഗിക്കാം.
ഊർജ്ജത്തിന്റെ ഉറവിടമായ കിഴങ്ങും ജീവക സമൃദ്ധമായ ഇലകളുമുള്ള മധുരക്കിഴങ്ങും ഇപ്പോൾ കൃഷി ചെയ്യാം.

പൂക്കൃഷിയും

ഓണ വിപണി മുന്നിൽ കണ്ടുകൊണ്ടുള്ള പൂക്കൃഷിക്കും ഇപ്പോൾ മുന്നൊരുക്കങ്ങൾ ആരംഭിക്കാം. മേരി ഗോൾഡ്, ബന്തി  എന്നിവ വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത് ലാഭം കൊയ്യാവുന്ന വിളകളാണ്. വിളവെടുപ്പിന് കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണമെന്നുള്ളതിനാൽ തന്നെ കൃഷി ഇപ്പോൾ ആരംഭിക്കണം. മണ്ണ്- ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാം.

(ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ അഗ്രികൾച്ചറൽ ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top