27 April Saturday

വേനല്‍ക്കാലത്ത് ചേന നടീല്‍

എം കെ പി മാവിലായിUpdated: Thursday Mar 30, 2017

ചേന നട്ടു പരിപാലിക്കുന്ന രീതി പറഞ്ഞുതരാമോ? എന്ന് പലരം ചോദിക്കാറുണ്ട്.
നല്ല മഴയ്ക്കു മുമ്പ്, ഫെബ്രുവരി, മാര്‍ച്ചില്‍ ചേന നടാം. വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 70 സെ. മീറ്റര്‍ അകലം നല്‍കാം. 60 സെ.മീറ്റര്‍ ചതുരവും 45 സെ.മീറ്റര്‍ ആഴവുമുള്ള കുഴികളെടുക്കാം. കുഴികള്‍ മേല്‍മണ്ണും രണ്ടു കിലോഗ്രാം പാകംവന്ന ജൈവവളവും (കാലിവളം, കമ്പോസ്റ്റ് തുടങ്ങിയവ) ചേര്‍ത്ത് കുഴി മൂടണം. വിത്തുചേന ഏതാണ്ട് ഒരുകി.ഗ്രാം തൂക്കംവരുന്ന കഷണങ്ങളാക്കി ചാണകക്കുഴമ്പില്‍ മുക്കി തണലില്‍ ഉണക്കിയശേഷം നടാവുന്നതാണ്. ചേന നട്ട് അല്‍പ്പം മണ്ണിട്ടശേഷം മുകളില്‍ നല്ലതുപോലെ കരിയിലയോ പച്ചിലയോ കൊണ്ട് മൂടണം. ഒരുമാസംകൊണ്ട് ചേന മുളച്ചുവരും. ഒരു വിത്തുചേനയില്‍നിന്ന് ഒന്നില്‍ക്കൂടുതല്‍ തണ്ട് വളരാന്‍ അനുവദിക്കേണ്ടതില്ല. ശോഷിച്ച, ആരോഗ്യംകുറഞ്ഞ രണ്ടാമത്തെ തണ്ടും ഇലയും ഇളംപ്രായത്തില്‍ മുറിച്ചുമാറ്റാവുന്നതാണ്. ഇവ നല്ലൊരു പച്ചക്കറിയായി ഉപയോഗിക്കാം. 

കള്ളിച്ചെടികള്‍ക്ക് സൂര്യപ്രകാശം, നനവ് എന്നിവ എത്രത്തോളം ആവശ്യമുണ്ട്. ഇതേക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്്. ഈ ചെടിക്ക് രാസവളം നല്‍കാമോ?
എം സജിത, മൈനാഗപ്പള്ളി, കൊല്ലം

നല്ല പ്രകാശം കിട്ടുന്ന സ്ഥലമാണ് കള്ളിച്ചെടികള്‍ക്ക് ഇഷ്ടം. ഇവയ്ക്ക് സ്ഥിരമായി നനവ് നല്‍കരുത്. ഒരിക്കല്‍ വെള്ളമൊഴിച്ചാല്‍ അടുത്തതവണ നനയ്ക്കുന്നതിനുമുമ്പ് തടം നന്നായി ഉണങ്ങി എന്ന് ഉറപ്പുവരുത്തണം. മഞ്ഞുള്ള മാസങ്ങളില്‍ വെള്ളം ഒട്ടും നല്‍കേണ്ടതില്ല. ഇവ ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ വെള്ളം എളുപ്പം വാര്‍ന്നുപോകാനുള്ള സൌകര്യം ഉണ്ടാകണം. കള്ളിച്ചെടികള്‍ക്ക് രാസവളങ്ങള്‍ നല്‍കേണ്ട ആവശ്യമില്ല. ചാണകം വെള്ളത്തില്‍ കലക്കി മാസത്തിലൊരിക്കല്‍ തളിച്ചുകൊടുക്കാം. ഇടയ്ക്ക് അല്‍പ്പം എല്ലുപൊടിയും നല്‍കാം.

വാനിലയുടെ തണ്ടുകള്‍ മുറിച്ച് കൃഷിചെയ്യുമ്പോള്‍ തണ്ടുകള്‍ എങ്ങനെ പാകപ്പെടുത്തിയെടുക്കണം?
നാരായണന്‍, ചൂരക്കാട്ടുകര, അമലനഗര്‍

നടാന്‍ തെരഞ്ഞെടുക്കുന്ന വള്ളിക്ക് കുറഞ്ഞത് ഒരുമീറ്ററെങ്കിലും നീളം വേണം. നീളംകൂടിയ വള്ളികള്‍ നട്ടാല്‍ വേഗം പുഷ്പിക്കും. നീളംകൂടിയ വള്ളികള്‍ നടുമ്പോള്‍ രണ്ടാം വര്‍ഷത്തിലും ചെറിയ വള്ളികള്‍ നട്ടാല്‍ മൂന്നുവര്‍ഷമോ അതില്‍ കൂടുതലോ കാലം പുഷ്പിക്കാന്‍ എടുക്കും. പ്രായംകുറഞ്ഞ, ആരോഗ്യമുള്ള വള്ളികളാണ് നടാന്‍ മെച്ചം. മുറിച്ച വള്ളികള്‍ തണലില്‍ ഒരാഴ്ച തൂക്കിയിട്ടശേഷം നടുന്നതാണ് നല്ലത്.

ജര്‍ബറ ചെടികളുടെ വിത്തുപയോഗിച്ച് തൈകള്‍ ഉണ്ടാക്കാന്‍ കഴിയുമോ? സാധ്യമെങ്കില്‍ തൈകളാക്കുന്ന രീതി പറഞ്ഞുതരണം.
മോഹനന്‍ എം, ഫാറോക്ക്, കോഴിക്കോട്

വിത്തുകള്‍ ഉപയോഗിച്ചും മൂടുകള്‍ മുറിച്ചുനട്ടും ജര്‍ബറ വളര്‍ത്താം. മൂടുകള്‍ മുറിച്ചുനടലാണ് എളുപ്പം. ടിഷ്യൂകള്‍ചര്‍വഴിയുള്ള ഉല്‍പ്പാദനം ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്തുവരുന്നുണ്ട്. സങ്കരയിനങ്ങളായി ഉരുത്തിരിച്ചെടുത്തവ വളര്‍ത്താനും മറ്റുമാണ് വിത്തുകള്‍വഴിയുള്ള പ്രവര്‍ദ്ധനം അനുവദിക്കാറുള്ളത്. എന്തായാലും വിത്തുകള്‍ സംഭരിച്ചാല്‍ രണ്ടാഴ്ചയ്ക്കകം നടണം. അല്ലെങ്കില്‍ അവ കിളിര്‍ക്കില്ല. വിത്തുകള്‍ മുളച്ച് ഒന്നൊന്നര മാസമായാല്‍ പറിച്ചുനടാന്‍ പാകമാകും.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top