20 April Saturday

ചെണ്ടുമല്ലി കൃഷിചെയ്യാം

ഇ എം ഷിജിനി, ആരതി ബാലകൃഷ്ണന്‍, ഡോ. അപര്‍ണ രാധാകൃഷ്ണന്‍Updated: Sunday Jun 12, 2022


അത്തപ്പൂക്കളത്തിലെ ഒഴിച്ചുകൂടാനാകാത്ത പൂവാണ് ചെണ്ടുമല്ലി (ബന്ദിപ്പൂ/ചെട്ടിപ്പൂ). ഓണക്കാലത്തേക്ക് കൃഷിചെയ്യാനായി നഴ്സറിയിൽ തൈകൾ തയ്യാറാക്കിത്തുടങ്ങാം.കടുംഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറത്തിലുള്ള ചെണ്ടുമല്ലി ഇനങ്ങളുണ്ട്. പൂസ ബസന്തി ഗയിന്ത (മഞ്ഞനിറം), പൂസ നാരംഗി ഗയിന്ത (ഓറഞ്ച് നിറം), പൂസബഹാർ (മഞ്ഞ നിറം), അർക്ക ബംഗാര (മഞ്ഞ നിറം), അർക്ക അഗ്നി (ഓറഞ്ച് നിറം), ഡബിൾ ഓറഞ്ച്, ഡബിൾ യെല്ലോ തുടങ്ങിയവ മികച്ച ഉൽപ്പാദനം തരുന്ന ഇനങ്ങളാണ്. നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ എല്ലാ മണ്ണിലും ചെണ്ടുമല്ലി കൃഷിചെയ്യാം. വിപണിയിൽ മികച്ച വിലയും ലഭിക്കും.

കൃഷിരീതി
വിത്ത് മുളപ്പിച്ച് തൈകൾ പറിച്ചുനടുകയാണ് ചെയ്യുന്നത്. ഒരു സെന്റിലേക്ക് രണ്ടുമുതൽ മൂന്ന്‌ ഗ്രാം വിത്ത് അല്ലെങ്കിൽ 200 മുതൽ 250 വരെ തൈകൾ ആവശ്യമാണ്‌. 10 സെന്റി മീറ്റർ ഉയരമുള്ള തടങ്ങളെടുത്ത് ജൈവവളവും രാസവള മിശ്രിതവും (15:15:15) ചേർത്ത് നഴ്സറി തയ്യാറാക്കി 10 സെന്റി മീറ്റർ അകലത്തിൽ വിത്തുകൾ നടാം. പ്രോ ട്രേകളിൽ വിത്തുപാകി മുളപ്പിക്കുന്നതുവഴി തൈകൾ പറിച്ചുനടുമ്പോൾ വേരുകൾക്ക് ക്ഷതമേൽക്കുന്നത് കുറയ്ക്കാം. ചകിരിച്ചോർ കമ്പോസ്റ്റും പെർലൈറ്റും 3:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം ഉപയോഗിച്ച് പ്രോ ട്രേകളിൽ വിത്തുനടാം. 3-4 ആഴ്ചയാകുമ്പോൾ തൈകൾ പറിച്ചുനടാം.

അമ്ലാംശം കൂടുതലുള്ള മണ്ണിൽ രാസവളമിടുന്നതിന്‌ രണ്ടാഴ്ച മുമ്പ്‌ ഒരു സെന്റിൽ രണ്ടുമുതൽ മൂന്ന്‌ കിലോവരെ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർക്കേണ്ടതാണ്. 80 കിലോ ചാണകപ്പൊടി അല്ലെങ്കിൽ 40 കിലോ ഉണക്കിപ്പൊടിച്ച കോഴിക്കാഷ്‌ഠം എന്നിവ നിലമൊരുക്കുമ്പോൾ ചേർക്കാം. ഒരു സെന്റിൽ യൂറിയ ഒരു കിലോ, റോക്ക്ഫോസ്ഫേറ്റ് ഒന്നേകാൽ കിലോ, പൊട്ടാഷ് 400 ഗ്രാം എന്നിവ നടുമ്പോൾ ചേർക്കണം. ഒരടി വീതിയുള്ള തടങ്ങളെടുത്ത് ഒന്നരയടി അകലത്തിൽ തൈകൾ പറിച്ചുനടാം. ഓരോ ചെടിക്കും അഞ്ചു ഗ്രാം വീതം ട്രൈക്കോഡർമ എന്ന മിത്രക്കുമ്മിൾ ചേർക്കുന്നത് രോഗപ്രതിരോധശേഷി നൽകുന്നു.

നട്ടുകഴിഞ്ഞാൽ
നട്ട് മൂന്നാഴ്ച കഴിയുമ്പോൾ തൈകളുടെ തലപ്പ്‌ (ഒരു സെന്റി മീറ്റർ നീളത്തിൽ) നുള്ളിക്കളയുന്നത് ധാരാളം ശാഖയോടെ കുറ്റിച്ചെടിയായി വളർന്ന് കൂടുതൽ പൂക്കളുണ്ടാകുന്നതിന്‌ സഹായിക്കും. ഈ സമയത്ത്, രോഗങ്ങൾക്കെതിരെ മുൻകരുതലായി മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കാം. നട്ട് ഒരു മാസമാകുമ്പോൾ സെന്റ്‌ ഒന്നിന് ഒരു കിലോ യൂറിയ ചേർത്ത് ചുവട്ടിൽ മണ്ണ് കയറ്റിക്കൊടുക്കണം. നട്ട് ഒന്നരമാസംകൊണ്ട് ചെടികൾ പൂക്കാൻ തുടങ്ങുന്നു. പൂമൊട്ട് വരുമ്പോൾ താങ്ങുകൊടുത്തു നിർത്തണം. പൂമൊട്ട് തിന്നുന്ന പുഴുക്കൾ ഉണ്ടെങ്കിൽ മിത്രക്കുമ്മിളായ ബ്യുവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് അഞ്ചു മില്ലി സോപ്പ്‌ ലായനി ചേർത്തുതളിക്കാം. ഒന്നരമുതൽ രണ്ടുമാസംവരെ പൂക്കൾ ലഭിക്കും. ഒരു ചെടിയിൽനിന്ന് ആറോ ഏഴോ തവണയായി 500 ഗ്രാം മുതൽ ഒരു കിലോ വരെ വിളവെടുക്കാം.

ഗ്രോ ബാഗിലും
നിലത്തോ ടെറസിലോ വയ്‌ക്കാവുന്ന തരത്തിൽ ഗ്രോ ബാഗിലും നടാം. മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന തോതിലെടുത്ത് ഗ്രോ ബാഗിന്റെ മുക്കാൽഭാഗം നിറയ്‌ക്കുക. അഞ്ചു ഗ്രാം ട്രൈക്കോഡർമ ഓരോ ബാഗിലും ചേർക്കാം. തൈകൾ നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വെയിലത്തേക്ക് മാറ്റിവയ്‌ക്കണം. ഗ്രോ ബാഗുകൾ 60 സെന്റി മീറ്റർ അകലത്തിൽ വയ്‌ക്കണം. 100 ചതുരശ്രയടി സ്ഥലത്ത് 25 എണ്ണം വയ്‌ക്കാം. ആഴ്ചയിലൊരിക്കൽ പച്ചച്ചാണകം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് തയ്യാറാക്കിയ തെളിയൊഴിക്കുന്നത് വളർച്ച കൂട്ടുന്നു. ഓരോ ബാഗിലും മാസത്തിലൊരിക്കൽ രണ്ടോ മൂന്നോ സ്പൂൺ കുമ്മായം ചേർക്കണം.

(കേരള കാർഷിക സർവകലാശാല കോഴിക്കോട്‌ കാർഷികവിജ്ഞാന വിപണനകേന്ദ്രം, അസി. പ്രൊഫസർമാരാണ്‌ ലേഖകർ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top