26 April Friday

ഇഞ്ചിക്കും മഞ്ഞളിനും നടീൽ കാലം

എം കെ പി മാവിലായിUpdated: Sunday Apr 23, 2023

ഇഞ്ചിയും മഞ്ഞളും നടാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മഴയ്‌ക്ക് തൊട്ടുമുമ്പ്‌ ആരംഭിക്കണം. ഇവ നടുന്ന സമയം വിളവിനെ സാരമായി സ്വാധീനിക്കുമെന്നാണ് പല പരീക്ഷണങ്ങളും കാണിക്കുന്നത്. ശക്തിയായ മഴ തുടങ്ങുമ്പോഴേക്കും ഇവ വളർന്നുവലുതായാൽ മഴയുടെ ആഘാതം താങ്ങാനും തഴച്ചുവളരാനും സഹായകമാകും. വൈകി നട്ടാൽ കനത്ത മഴയിൽപ്പെട്ട് വേരുകൾ ശുഷ്കിച്ച്‌ വളർച്ച മുരടിച്ചുപോകാനും സാധ്യതയുണ്ട്.

സ്ഥലം തെരഞ്ഞെടുക്കൽ

ഇഞ്ചി, മഞ്ഞൾ ഇവയുടെ കൃഷിരീതി ഏതാണ്ട് ഒരേപോലെയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളിൽ ഇവ പരമാവധി വിളവുതരും. എന്നാൽ, പുരയിടക്കൃഷിയെന്ന നിലയിൽ ഇടവിളയായി കൃഷിചെയ്യുമ്പോൾ പറമ്പിൽ പരമാവധി സൂര്യപ്രകാശം ലഭിക്കുന്നയിടം തെരഞ്ഞെടുക്കണം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണം. വർഷംതോറും ഒരേ സ്ഥലത്തുതന്നെ ഇവ നടരുത്. ഇത് ഫംഗൽ, ബാക്ടീരിയ രോഗങ്ങൾക്ക് സാധ്യത കൂട്ടും. ജൈവവളം നിലമൊരുക്കുമ്പോൾ നൽകണം. സെന്റിന് 80 കിലോ കാലിവളം, എട്ട്‌ കിലോ വേപ്പിൻ പിണ്ണാക്ക്, നാല്‌ കിലോ ചാരം എന്നിവ ചേർക്കാം.

മാരനും പ്രതിഭയും

ഇഞ്ചിയിൽ ചുക്കിന് പറ്റിയ ഇനങ്ങളാണ് വയനാട്, മാനന്തവാടി, മാരൻ, ഹിമാചൽ, വള്ളുവനാടൻ, കുറുപ്പംപടി എന്നിവ. പച്ച ഇഞ്ചിക്ക് പറ്റിയവ റിയോ -ഡി- ജനീറോ, ചൈന, വയനാട്, അശ്വതി എന്നിവയാണ്. രണ്ടിനും യോജിച്ച ഇനങ്ങളാണ് അതിര, കാർത്തിക, വരദ, രജത, മഹിമ എന്നിവ. മഞ്ഞളിൽ സുവർണ, സുഗുണ, സുദർശന, പ്രഭ, പ്രതിഭ, കാന്തി, ശോഭ, സോന, വർണ, കേദാരം, ആലപ്പി സുപ്രീം എന്നിവയാണ് മികച്ച ഇനങ്ങൾ.

നടീൽ

തയ്യാറാക്കിയ വാരങ്ങളിൽ ഒന്നോ രണ്ടോ മഴ ലഭിക്കുന്നതോടെ വിത്ത് നടാം. 25 സെന്റി മീറ്റർ അകലത്തിൽ ചെറിയ കുഴികളെടുത്ത് മുള മുകളിലേക്ക് വരത്തക്കവിധംനട്ട് മണ്ണോ ഉണങ്ങിയ ചാണകപ്പൊടിയോ മൂടണം. ഏതാണ്ട് 25 ഗ്രാമുള്ള കഷണങ്ങളാക്കിയാണ് നടേണ്ടത്.

പ്രോട്രേ തൈകൾ

പ്രോട്രേകളിൽ വിത്തിഞ്ചി നട്ട് തൈകളാക്കി പറിച്ചുനടുന്ന രീതിയും പ്രചാരത്തിലുണ്ട്. ഏതാണ്ട് അഞ്ച് ഗ്രാമുള്ള ഒറ്റമുകുളമുള്ള കഷണങ്ങളാണ് ഇതിന്‌ ഉപയോഗിക്കുന്നത്. പ്രോട്രേകളിൽ ചകിരിച്ചോറ് കമ്പോസ്റ്റും വെർമി കമ്പോസ്റ്റും 3:1 അനുപാതത്തിൽ കൂട്ടി കലർത്തിയ മിശ്രിതം നിറച്ച് വിത്തുനടാം. ഒരു സെന്റിലേക്ക്‌ ആവശ്യമായ തൈകൾ ലഭിക്കാൻ രണ്ടുമുതൽ രണ്ടരക്കിലോ വിത്ത് മതിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top