28 March Thursday

തെങ്ങിൻ തൈകൾ നടാം

രവീന്ദ്രൻ തൊടീക്കളംUpdated: Sunday Jul 24, 2022

‌തെങ്ങിൻ തൈ നടീൽ കാലം ആരംഭിച്ചുകഴിഞ്ഞു. നടീലിനായി തെരഞ്ഞെടുക്കുന്ന തെങ്ങിൻ തൈകൾ ലക്ഷണമൊത്തവയും ഗുണമേന്മയുള്ളവയുമായിരിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഒമ്പതുമാസം മുതൽ 12 മാസംവരെ പ്രായമുള്ള തൈകളാണ് പറിച്ചുനടീലിന് നല്ലത്‌. ഈ സമയത്ത്‌ ചുരുങ്ങിയത് ആറ് ഓലകൾ വേണമെന്നതാണ് ആദ്യലക്ഷണം. തൈകൾക്ക് 10–--12 സെന്റീമീറ്റർ  കനം വേണം. നേരത്തെ ഓലകൾ വിരിഞ്ഞ് ഓലക്കാലുകൾ വേർപെട്ടതായിരിക്കണം. ഓലകൾക്ക് നല്ല പച്ചനിറം വേണം. ആദ്യം മുളച്ച തൈകൾ വേഗത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യും. കൂടുതൽ വേരുള്ള തൈകൾക്ക് കൂടുതൽ പൊക്കം കാണും

നെടിയ ഇനങ്ങളാണോ, കുള്ളൻ ഇനങ്ങളാണോ അതുമല്ല സങ്കരയിനങ്ങളാണോ കൃഷി ചെയ്യേണ്ടത് എന്നത് കർഷകരാണ് തീരുമാനിക്കുന്നത്.

എന്നിരുന്നാലും ഇവയുടെ സ്വഭാവ വിശേഷങ്ങൾ അറിഞ്ഞിരിക്കണം.
പ്രധാന നെടിയ ഇനങ്ങൾ 80- വർഷംവരെ കായ്‌ഫലം തരും. ആറു വർഷമാകുമ്പോൾ പുഷ്പിക്കുന്നു. തേങ്ങകൾ തമ്മിൽ ഐകരൂപ്യമില്ല. ഗുണമേന്മയുള്ള കൊപ്രയാണ്.
കുള്ളൻ ഇനങ്ങൾക്ക്‌ 40 വർഷംവരെയാണ് ആയുസ്സ്. പരമാവധി ഉയരം 15 മീറ്റർ.  മൂന്നു വർഷംകൊണ്ട് പുഷ്പിക്കുന്നു. തേങ്ങകൾക്ക് ഐകരൂപ്യമുണ്ട്. മാധുര്യമേറിയ കരിക്കിൻ വെള്ളം,  മേന്മ കുറഞ്ഞ കൊപ്ര എന്നിവ പ്രത്യേകത.

കുള്ളൻ ഇനങ്ങളും നെടിയ ഇനങ്ങളും തമ്മിൽ ബീജസങ്കലനം നടത്തിയാണ് സങ്കരയിനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. ഇവയുടെ  തൈകൾ സങ്കരവീര്യം പ്രകടിപ്പിക്കുന്നു. നാലുവർഷംകൊണ്ട് പുഷ്പിക്കുന്നു. അത്യുൽപ്പാദനശേഷി, ഗുണമേന്മയുള്ള കൊപ്ര എന്നിവയും പ്രത്യേകതയാണ്‌.

ഇനങ്ങളെ അറിയാം


പ്രധാന നെടിയ ഇനങ്ങൾ: വെസ്റ്റ് കോസ്റ്റ് ടാൾ (കൊന്നത്തെങ്ങ്), ചന്ദ്ര കൽപ്പ ( ലക്ഷദ്വീപ് ഓർഡിനറി), ആൻഡമാൻ ഓർഡിനറി, കൊച്ചിൻ ചൈന, ജാവ, ഫിലിപ്പീൻസ് ഓർഡിനറി, കപ്പാടം, ന്യൂഗിനി, സാൻരമൺ, പ്രതാപ്.

പ്രധാന കുള്ളൻ ഇനങ്ങൾ: ചാവക്കാട് ഗ്രീൻ ഡ്വാർഫ്,  ചെന്തെങ്ങ് (ചാവക്കാട് ഓറഞ്ച് ഡ്വാർഫ്), മലയൻ യെല്ലൊ ഡ്വാർഫ്, ഗംഗാ ബോണ്ടം.

പ്രധാന സങ്കര ഇനങ്ങൾ: ലക്ഷഗംഗ, അനന്തഗംഗ, കേരശ്രീ,  കേര ശങ്കര, കേരഗംഗ,  ചന്ദ്രലക്ഷ, ചന്ദ്ര സങ്കര, വിഎച്ച്സി 1, വിഎച്ച്സി 2, കേര സൗഭാഗ്യ.
പറിച്ചുനടാൻ പറ്റിയ ജലസേചന സൗകര്യമുണ്ടെങ്കിൽ ഏപ്രിൽ മാസത്തിലും മഴയെ ആശ്രയിച്ചാണെങ്കിൽ മെയ് മാസം മുതലും. താഴ്ന്ന സ്ഥലങ്ങളിൽ, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നല്ല മഴയ്‌ക്കുശേഷം സെപ്തംബർ മാസത്തിലുമാണ്‌  നല്ലത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top