ലോകത്തെ 17 പ്രധാന ജൈവവൈവിധ്യ മേഖലകളിലൊന്നാണ് ഇന്ത്യ. കാലാവസ്ഥ, സമുദ്രനിരപ്പിൽനിന്നുള്ള ഉയരം എന്നിവയുടെ കാര്യത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ആവാസവ്യവസ്ഥകൾ ഇന്ത്യയിലുണ്ട്. ജൈവവൈവിധ്യ സമൃദ്ധിക്ക് കാരണം ഇതാണ്. ഈ ആവാസവ്യവസ്ഥകളുടെ സന്തുലനാവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ മാറ്റംപോലും ജൈവ വൈവിധ്യശോഷണത്തിന് കാരണമാകും. ഭൂമിയിലെ നശിച്ചുകൊണ്ടിരിക്കുന്ന ജൈവവൈിധ്യത്തിന്റെ 30 ശതമാനമെങ്കിലും 2030ഓടെ സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് ശ്രദ്ധേയമാണ്.
സപുഷ്‌പികൾ കൂടുതൽ
2022 വരെ നടന്ന പഠനങ്ങളിലൂടെ കണ്ടെത്തിയ പുതിയ സസ്യജനുസുകളെക്കുറിച്ചും സ്പീഷീസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ഇതനുസരിച്ച് പൂക്കുന്ന സസ്യങ്ങൾ അഥവാ സപുഷ്പികൾ (Angiosperms) ആണ് ഇന്ത്യയിൽ കൂടുതലുള്ളത്. ആകെ 22,108 സപുഷ്പികളാണ് ഇന്ത്യയിലുള്ളത്. പൂക്കാത്ത ചെടികളുടെ കൂട്ടത്തിൽ അനാവ്യത ബീജികൾ എന്നറിയപ്പെടുന്ന ജിംനോസ്പേമുകളാണ് ഏറ്റവും കുറവ്, 83 എണ്ണം. എന്നാൽ, പൂപ്പൽ വിഭാഗത്തിൽപ്പെട്ടവ അഥവാ ഫംഗസുകളാണ് ഏറ്റവുമധികം. 15,701 ഫംഗസ് സ്പീഷീസുകൾ ഇന്ത്യയിൽ ഉള്ളതായാണ് കണ്ടെത്തൽ. പായൽ ഇനത്തിൽപ്പെട്ട ആൽഗകൾ വൈവിധ്യത്തിന്റെ കാര്യത്തിൽ തൊട്ടുതാഴെയുണ്ട്, 9035എണ്ണം. ആൽഗകളും ഫംഗസുകളും ചേരുന്ന സഹജീവനത്തിന്റെ ഉദാഹരണമാകുന്ന ലൈക്കനുകൾ 3044 ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. ബ്രയോഫൈറ്റുകൾ എന്നറിയപ്പെടുന്ന സസ്യവിഭാഗത്തിൽപ്പെട്ടവ 2819 ആയിരിക്കുമ്പോൾ ടെറിഡോഫൈറ്റുകൾ 2819 എണ്ണമായി നിലനിൽക്കുന്നു. ബാക്ടീരിയ അടക്കമുള്ള 1278 സൂക്ഷ്മജീവി ഇനങ്ങൾ ഇന്ത്യയിലുണ്ട്. ഇവയെല്ലാം ചേരുമ്പോൾ സസ്യകുലത്തിന്റെ പ്രതിനിധികളായി 55,387 എണ്ണം ഇന്ത്യയിലെ ജൈവ വൈവിധ്യത്തിന്റെ ഭാഗമാകുന്നതായി റിപ്പോർട്ടിലുണ്ട്.
പുതുതായി 13 സസ്യജനുസ്സുകൾ
പോയവർഷത്തിൽ 13 പുതിയ സസ്യജനുസ്സുകൾ ഇന്ത്യയിലെ ഗവേഷണസ്ഥാപനങ്ങൾ കണ്ടെത്തി. അതേസമയം, 319 സസ്യസ്പീഷീസുകളെയും പുതുതായി കണ്ടെത്തി. സസ്യവർഗീകരണത്തിൽ സ്പീഷീസിനും താഴെവരുന്ന 20 എണ്ണവും. പുതുതായി കണ്ടെത്തിയ സപുഷ്പികളിൽ ഏറെയും ദ്വിബീജപത്രികളാണ്. ഇവ 73 ശതമാനമുണ്ട്. എന്നാൽ, ഏകബീജപത്രികൾ 27 ശതമാനംമാത്രം. സസ്യലോകത്തിലെ പുതുമുഖങ്ങൾ ഏറ്റവുമധികം കണ്ടെത്തിയത് ഹിമാലയത്തിൽനിന്നാണ്. തൊട്ടുതാഴെ വരുന്നത് കേരളത്തിലെ കാടുകൾ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിൽനിന്നും. ഏറ്റവുമധികം പുതുസസ്യങ്ങളെ സംഭാവന ചെയ്ത സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ കേരളമാണ്. 57 ചെടികളെ കേരളം പുതുതായി ലോകത്തിന് പരിചയപ്പെടുത്തി. ജമ്മുകശ്മീരാണ് തൊട്ടുതാഴെ. അരുണാചൽപ്രദേശ് മൂന്നാം സ്ഥാനത്തും.
കേരളത്തിൽനിന്നുള്ള പുതുമുഖങ്ങൾ
തിരുവനന്തപുരത്ത് പാലോട് പ്രവർത്തിക്കുന്ന ട്രോപിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയ 17 പുതിയ സസ്യ സ്പീഷീസുകൾ റിപ്പോർട്ടിന്റെ ഭാഗമായി. ഒരേ സ്ഥാപനത്തിൽനിന്നും ഇത്രയും കണ്ടെത്തലുകൾ ഉണ്ടാകുന്നത് സർവകാല റെക്കോഡും. അനാ കാർഡിയേസിയെ എന്ന സസ്യകുടുംബത്തിലെ അംഗമായ ബുക്കനാനിയ അബ്രഹാമിയാനയാണ് എടുത്തുപറയേണ്ട ഒരു പുതുമുഖം. ട്രോപിക്കൽ ബൊട്ടാണിക് ഗാർഡന്റെ സ്ഥാപക ഡയറക്ടറായ പ്രൊഫ. എ അബ്രഹാമിന്റെ ബഹുമാനാർഥമാണ് അബ്രഹാമിയാന എന്ന് പേര് നൽകിയത്. വംശനാശ ഭീഷണി നേരിടുന്ന ഹംബോൾഷിയ പൊൻമുടിയാന എന്ന സസ്യത്തെയും പൊൻമുടിയോട് അനുബന്ധമായുള്ള കാടുകളിൽനിന്നും കണ്ടെത്തി. മറ്റൊരു പുതിയ സസ്യ സ്പീഷീസിന് സിംപ്ലക്കോസ് മോഹനി എന്നാണ് പേരുനൽകിയിരിക്കുന്നത്. തൃശൂർ അടിച്ചിൽത്തോട്ടി ആദിവാസിമേഖലയ്ക്കും മലക്കപ്പാറയ്ക്കുമിടയിൽനിന്നും കണ്ടെത്തിയ ഒഫിയോറൈസ ശശിധരാനിയാന, കാസർകോട് വൈപിരിയത്തിൽനിന്നും കണ്ടെത്തിയ എറിയോക്വാലോൺ സുനിലൈ ഇവയെല്ലാം എടുത്തുപറയണം. ഫംഗസ് വിഭാഗത്തിൽ ഒമ്പത് പുതുമുഖങ്ങളെയും കണ്ടെത്തി.
സപുഷ്പികളായ സസ്യങ്ങളിൽ ഏറ്റവുമധികം പുതിയ സ്പീഷീസുകളെ കണ്ടെത്തിയത് പാലക്കാട് ജില്ലയിൽനിന്നാണ്. ഇടുക്കി ജില്ല, അതിന്റെ പേരിലുള്ള ഒരു സ്പീഷീസിന്റെ രൂപത്തിൽ റിപ്പോർട്ടിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇടുക്കിയിലെ കൊട്ടപ്പാറമുള്ളരിങ്ങാട്ടുനിന്നും ലഭിച്ച ഇതിന് പോളിഗാല ഇടുക്കിയാന എന്നാണ് പേരുനൽകിയിട്ടുള്ളത്. കുരുമുളകിന്റെ ഒരു പുതിയ ഇനത്തെയും ഇടുക്കിയിലെ നെല്ലിക്കാംപെട്ടിയിൽനിന്നും കണ്ടെത്തി. പൈപ്പർ ഒവാലിഫ്രക്ടം എന്ന പേരുള്ള ഇതിനോടൊപ്പം പൈപ്പർ കുറിച്യാർ മലാനമെന്ന മറ്റൊരിനത്തെ വയനാട്ടിലെ കുറിച്യാർമലയിൽനിന്നും കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..